Wednesday, May 16, 2012

മണലാരണ്യത്തില്‍ നിന്ന്******

ഉണര്‍ന്നെണീറ്റ പ്രഭാതത്തിനു മുമ്പ്
വെളിച്ചം വീണ മലയുടെ
താഴ്വരയിലായിരുന്നു ഇന്ന്...
വരണ്ട തൊണ്ടക്ക്
ഒരു തുള്ളി വെള്ളം ചോദിച്ചപ്പോള്‍
കൈകുടന്ന നിറയെ കോരിതന്ന കുഞ്ഞുചെടി..,
എന്ത് സുന്ദരിയായാണ്
അവളീ മണ്ണില്‍ വളരുന്നത്‌..
ഇല പൊഴിഞ്ഞൊരു മരത്തിനു മേലെ
കൂടുകൂട്ടിയ കുറുമ്പി പക്ഷികള്‍
നിര്‍ത്താതെ പാടിക്കൊണ്ടിരുന്നു..
താഴെ
ഉറങ്ങി മതിയാകാത്തൊരു പുല്‍ച്ചെടിയെ
പ്രണയിക്കാനുള്ള വ്യഗ്രതയില്‍
ഇതൊന്നും കേള്‍ക്കാതെ
ഒരു വെളുത്ത ചീവീട്..
ഒളിഞ്ഞു നോക്കുന്ന സൂര്യനോട്
പറന്നു വന്നൊരു വട്ടയില തലയില്‍ ചൂടി
കണ്ണാരം പൊത്തികളിക്കുന്ന വെള്ളാരംക്കല്ല്..
മണലെടുത്തു വകഞ്ഞു മാറ്റി
കറുത്ത കല്ലിന്‍മേല്‍
നഗ്നയായ പെണ്ണിന്റെ
ശില്‍പ്പം കൊത്തിവെച്ച കാറ്റ്
തേനില്ലാത്തൊരു പൂവിന്റെ തേന്‍ കുടിക്കാന്‍ വന്നു
നാണിച്ചു പോയൊരു മഞ്ഞപൂമ്പാറ്റ
അകലെ
പൊടിപ്പും തൊങ്ങലും വെച്ച് ഈ കഥ പറഞ്ഞ്
കളിചിരികള്‍ തീര്‍ത്ത മണല്‍തരികള്‍
ചാരെ
മരണമെന്ന് ചെവിയില്‍ മൂളി
പറഞ്ഞു പോയൊരു
മുടിയനായ ഈച്ച തീര്‍ത്ത
അപശകുനമൊഴികെ
മലയുടെ താഴ്വാരം
ഹരിതാഭമായിരുന്നു......

Saturday, May 12, 2012

തിരിച്ചുവരവ്‌****




ഇതെന്റെ ചുംബനമാണ്,
നിന്റെ നെറുകയില്‍ സൂക്ഷിക്കാന്‍
ഒരു പെരുമഴയിലും ഒലിച്ചിറങ്ങാതെ,
ഒരു കാറ്റിലും ഇളകിയാടാതെ
ഇത് നീ സൂക്ഷിക്കുക..
പൈന്‍ മരങ്ങള്‍ ഭൂമിയില്‍ നിന്ന്
വിട പറയുന്ന നാള്‍ ഞാന്‍ വരും
എന്റെ ചുംബനത്തിനൊപ്പം
നിന്നില്‍ നിന്ന്
എന്റെ ഹൃദയത്തിലൊരു
ചുടു ചുംബനമേറ്റു വാങ്ങാന്‍
അത് വരെ
നീ ഇത് സൂക്ഷിക്കുക
ശരറാന്തല്‍ വിളക്കുകള്‍ വെളിച്ചം വീശുന്ന
ഈ ആളൊഴിഞ്ഞ ഇടവഴിയില്‍
ഇലകളുടെ മര്‍മ്മരം കേട്ടു നീ
കാത്തിരിക്കുക
അകലെ കടല്‍ത്തീരത്ത് തിരകള്‍
കണ്ണീരോടെ മടങ്ങി പോകുന്ന നാള്‍
ഞാന്‍ വരും
അത് വരെ
നീ ഇത് സൂക്ഷിക്കുക
സലോമോന്റെ താഴ്വരയില്‍
ഒരിക്കലും വറ്റാത്ത
പ്രണയകുംഭത്തില്‍ നിന്ന്
നിനക്കായി ഞാനൊരു ചഷകം നിറയെ
മധു കൊണ്ട് വരും
അതില്‍ നീ നീന്തി തുടിക്കണം
വസന്തം ഗ്രീഷ്മത്തെ കാത്തിരിക്കുന്ന പോലെ
എന്റെ വരവും കാതോര്‍ത്ത് നീയിരിക്കുക
അകലെ കാലത്തിന്റെ വെള്ളിക്കൊടി നാട്ടിയ
നൌകയില്‍ ഞാന്‍ വരും
അത് വരെ എന്റെ ചുംബനത്തിന്റെ
ലഹരിയില്‍ നീ നിന്നെ തന്നെ മറക്കുക

Friday, May 11, 2012

ഭ്രാന്ത്******

കുശുമ്പ് പറഞ്ഞും
കേട്ടും
ഉണങ്ങി വാടിയ
മാവിന്റെ കൊമ്പിലിരുന്നു
പരദൂഷണം പറയാന്‍ വന്ന
വായാടിതത്ത
താഴെ ചെവി വട്ടം പിടിച്ച
മുടി നീട്ടിയ മുഞ്ഞ
കുറുന്തോട്ടിയെ പ്രേമിക്കാന്‍
ഒരുംബെട്ട കുരുത്തംക്കെട്ട
കാക്കയുടെ കഥ,
നീണ്ട വാലുള്ള കോഴിയും
വയറു വീര്‍ത്ത മുയലും
നിലാവ് മറഞ്ഞ രാത്രിയില്‍
സ്വകാര്യം പകുത്തെന്നു
കരിമ്പനക്കാട്ടിലെ
ഒറ്റക്കണ്ണന്‍ വേഴാമ്പല്‍ പറഞ്ഞുവത്രെ...
കാഴ്ചകള്‍ വേണ്ടാത്ത ലോകത്ത്
കെട്ടുകഥകള്‍ക്ക് കാതോര്‍ക്കാന്‍
വായാടിതത്തയെ പഠിപ്പിച്ചത്
ഇരുകാലികളായ മൃഗങ്ങളെന്ന്..!!!

Thursday, May 10, 2012

ഹദ്ദാമ*******

ഹദ്ദാമ*******

ഒറ്റ നാണയത്തിനു കിട്ടിയ
കുബ്ബൂസില്‍
ഓമന കുഞ്ഞിന്റെ മുഖം തെളിയുമ്പോള്‍
ഓര്‍മകളുടെ ഓടാമ്പല് വലിച്ചടച്ച്
ഉള്ളില്‍
ചോര്‍ന്നൊലിക്കുന്ന വിഷാദ പെരുമഴയില്‍
ഉള്ളം കഴുകി വെളുപ്പിക്കുന്നവള്‍
ഉരുകിയൊലിച്ച ജീവിത സുഖത്തിന്റെ
ചിതലരിക്കാത്ത ഏടുകള്‍ മറിച്ച്
ഏകാന്തതയുടെ
ഇരുണ്ട കോട്ടക്കകത്ത്
വേദനകളുടെ
കയ്പ്പുനീര് കുടിക്കുന്നവള്‍
തിരകള്‍ക്കുമപ്പുറത്ത്
തീരം തേടുന്ന മിഴികളോടെ
നാളുകള്‍ എണ്ണി തീര്‍ക്കുന്നവള്‍
വസന്തം തേടുന്ന സഹസ്രജന്മങ്ങള്‍ക്ക്
ജീവിതവസന്തം എറിഞ്ഞുടച്ച്
ആലവട്ടം വീശുന്നവള്‍
പ്രതീക്ഷയുടെ മിന്നാമിനുങ്ങിനെ
മനസിലടച്ചു വെച്ച്
വ്യഥകളുടെ ഇരുട്ടിലയുന്നവള്‍
കരയിലനേകം കണ്ണുകള്‍ക്ക്‌
പശിയടങ്ങാന്‍ എരിയുന്നവള്‍
ഇവള്‍ ഹദ്ദാമ..,
എരിഞ്ഞൊടുങ്ങുന്ന അനേകായിരം
ഈയാമ്പാറ്റകളുടെ പ്രതിരൂപം ....

Friday, May 4, 2012

തിമിരം****

തിമിരം****

വിശ്വാസത്തിന്റെ
വെള്ള തേച്ച ചുമരില്‍
ഒലിച്ചിറങ്ങുന്നത്
ചതിയുടെ ആര്‍ത്തവം തീര്‍ത്ത
കറുത്തചോര
ആത്മബോധം അടിയറവെച്ച്
ഉറഞ്ഞു തുള്ളുന്ന
പ്രണയകോമരങ്ങള്‍
അരികിലുദിച്ചു നില്‍ക്കുന്ന
സൂര്യന് നേരെ കണ്ണടച്ച് 
അകലെയേതോ ആകാശഗംഗയില്‍
മിഴിനട്ടിരിക്കുന്ന
വിഫല ജന്മങ്ങള്‍
കാഴ്ചകള്‍ കണ്ടു
കണ്ണ് മങ്ങുന്നു
നിറം നഷ്ടപെട്ട ജീവിത ചിത്രത്തില്‍
ഇനിയെത്ര ഏടുകള്‍......