Saturday, September 29, 2012

അനുരാഗ മര്‍മ്മരം

അനുരാഗ മര്‍മ്മരം
****************************
നയനസുരതത്തില്‍ തനിയെ മറക്കുന്ന
കറുകനാമ്പുകള്‍ നവപ്രേമ ബിംബങ്ങള്‍



ഒലിവു ചില്ലയോടടരാന്‍ മടിക്കുന്ന
ഇലകള്‍ വാര്‍ക്കുന്നു ശോകാശ്രു ബിന്ദുക്കള്‍

പുലരിമഞ്ഞിന്‍ കണങ്ങള്‍ തന്‍ മാറിലായ്‌
വഴുതി വീഴുന്നു സൂര്യന്റെ രശ്മികള്‍

ഗഗനചാരിയാം ചന്ദ്രന്റെ മൊഴികളില്‍
മിഴിയെറിഞ്ഞിട്ട ആയിരം താരകള്‍

ഇടവരാത്രിയില്‍ പേമാരി വര്‍ഷത്തില്‍
നടനമാടാന്‍ കൊതിക്കും ചകോരങ്ങള്‍

ശിലയെ പുല്‍കുന്ന മണലിന്റെ നെഞ്ചകം
നിറയെ ഉതിരുന്നു മൃദുല വികാരങ്ങള്‍

പടുമുളം തണ്ടിലുമ്മ വെച്ചീടുന്ന
കാറ്റിന്‍ ചുണ്ടിലും അനുരാഗ മര്‍മ്മരം

കടലിന്‍ പ്രേമാഗ്നി കുണ്ഡത്തിലെരിയുന്ന
പ്രണയ നാളങ്ങള്‍ നദിയുടെ ഓളങ്ങള്‍

പ്രണയമേ , നിന്റെ ഹൃദയ പത്മത്തില്‍ നി-
ന്നനുദിനം മധു നുകരുന്ന ശലഭങ്ങള്‍

Saturday, September 8, 2012

കാഴ്ചവട്ടം

കാഴ്ച വട്ടം
***************
ചരസിന്റെ ചിറകിലേറി
സ്വീകരണ മുറിയിലെ ചാരുകസേരയില്‍
പേരറിയാത്തൊരു പെണ്ണിന്റെ
നീലചിത്രം കണ്ടു രസിക്കുന്ന മകന്‍

മഞ്ഞവെളിച്ചം പരന്ന തെക്കേ മുറിയില്‍
അഞ്ചു കാമുകരോട് ചാറ്റ് ചെയ്തു
എന്നെ മറന്നോയെന്നു
പരിഭവം പറയുന്ന മകള്‍

വളര്‍ത്തു പട്ടിയുടെ
തൊപ്പരോമങ്ങളില്‍
വിരലോടിക്കുമ്പോഴും
വിമണ്‍സ്ക്ലബ്ബില്‍
നിശാവിരുന്നിനു വിളമ്പിയ
സ്കോച്ചിന്റെ വീര്യം കുറഞ്ഞതിന്
സപ്ലയറെ തെറി പറയുന്ന അമ്മ

പഞ്ചനക്ഷത്ര ഹോട്ടലില്‍
ഇന്നലെ രാവില്‍
നഗ്നമായ നാണത്തെ പുതപ്പിട്ടു മൂടി തന്ന
ഇരുപതുകാരിയുടെ ഇളം മേനി
സ്വപ്നം കാണുന്ന അച്ഛന്‍

സുഹൃത്തെ,
ഇതൊരു പ്രിവ്യൂ ആണ്
നാളെ
നിങ്ങളുടെ തൊട്ടടുത്ത വീട്ടില്‍
റിലീസ് ചെയാനിരിക്കുന്ന
'നാല് ചുവരുകള്‍ക്കുള്ളില്‍ നാല് ലോകം'
എന്ന സിനിമയുടെ പ്രിവ്യൂ ..

Monday, September 3, 2012

എവിടെയാണ് ദൈവം ******************************

എവിടെയാണ് ദൈവം.. ?
അനന്തകോടി ബീജങ്ങളെ ചുട്ടെരിച്ച
വെളുത്ത ഭൂതഗണങ്ങള്‍
താണ്ഡവനൃത്തം ചവിട്ടുന്ന,
നന്മയുടെ കാവല്‍ക്കാരനില്ലാത്ത നാട്ടില്‍
എവിടെയാണ് ദൈവം .. ?

നിറവയറു കീറി ശൂലമുന കയറ്റി
ചോരകുഞ്ഞിന്റെ നെഞ്ചകം പൊളിച്ച്
ആനന്ദം കൊള്ളുന്ന
മദോന്മത്തരായവരുടെ മണ്ണില്‍
എവിടെയാണ് ദൈവം .. ?

ചാപ്പിള്ളകള്‍ക്കു ഭൂമിയില്‍
ഉയിരിന്റെ ചിറകുവെച്ച്
പറന്നുല്ലസിക്കാന്‍ അനുവാദം നിഷേധിച്ച,
മിടിക്കുന്ന ഹൃദയമുള്ള മൃതശരീരങ്ങളുടെ
താഴ്വരയില്‍
എവിടെയാണ് ദൈവം ..?

വറുതിയുടെ ആലിപ്പഴങ്ങള്‍ വീണു പുളയുന്ന
തലയോട്ടികളുടെ തരിശു ഭൂമിയില്‍,
മതവൈര്യത്തിന്റെ ചോരപുഴയൊഴുകുന്ന
ധമനികള്‍ ചാലു കീറി സ്നാനം ചെയ്ത്
ആത്മാവിനു ബലിയിടുന്ന
അസ്ഥിപഞ്ചരങ്ങളുടെ നെടുങ്കോട്ടകളില്‍
എവിടെയാണ് ദൈവം.. ?

മതിഭ്രമത്തിന്റെ മരതക കാന്തികളില്‍
മേനി പങ്കിടും അഭിനവ പരാശരന്മാരുടെ
വിഹാര മണ്ഡപങ്ങളില്‍
മൗനം ഭജിക്കുന്ന ദൈവം എവിടെയാണ്.. ?

അടിയാളന് പുല്ലും , പുലയാട്ടും
അരയണക്ക് വിലയില്ലാത്ത
അടിവസ്ത്രവും സമ്മാനിച്ച ഭൂമിയില്‍
ഉറക്കം നടിക്കുന്ന ദൈവം
കുരുടനായിരിക്കണം ..,

അതുമല്ലെങ്കില്‍
കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട്
ഇരുണ്ട ലോകത്തിന്റെ കറുത്ത വെളിച്ചം
കണ്ണിലാവാഹിച്ച
നിസ്സഹായനായ അന്ധന്‍

Sunday, September 2, 2012

ഇരുട്ട്

 
 
 
 
ഇരുട്ട്

******
ഭൂതകാലത്തിന്റെ ഇരുട്ടു മൂടിയ
കുടുസ്സു മുറിക്കുള്ളില്‍
കാറ്റ്
ശ്വാസം കിട്ടാതെ വീര്‍പ്പുമുട്ടുന്നുണ്ട്
അരികെ
രണ്ടു നിഴലുകള്‍
രതിയുടെ പരകോടി തേടിയുള്ള യാത്രയിലാണ്
വിജനമായ മൂലയ്ക്ക്
അനാദിയാം സത്യത്തെ തേടി
ഒറ്റക്കാലില്‍
തപം ചെയുന്ന
കൃഷ്ണദ്വൈപായനന്‍
വാല്മീകി എഴുതിയ താളിയോലകളില്‍
സമത്വം തിരഞ്ഞു തലകുമ്പിട്ട
മിഥിലജ
ഗാന്ധിയും , ഭഗത് സിങ്ങും
ആയിരം വിയോജിപ്പുകളുടെ
കണികകള്‍ക്കിടയിലും
പരമമായ സ്വാതന്ത്ര്യത്തിന്റെ
വെളിച്ചം തിരയുന്നുണ്ട്
ഇരുട്ടു
പരക്കുകയാണ്...,
ഭൂതകാലത്തിന്റെ
കുടുസ്സു മുറിയില്‍ നിന്ന്
വര്‍ത്തമാനത്തിന്റെ
തുറസ്സായ വിഹായസിലേക്ക് ..