Tuesday, October 29, 2013

പേക്കിനാവ്

നഫീസയുടെ തുടുത്ത മുലകൾക്ക്
മൽഗോവ മാമ്പഴത്തിന്റെ
നിറമാണ്
കരിവണ്ടിന്റെ ചേലുള്ള കണ്ണുകളും
തേനൂറുന്ന ചുണ്ടുകളുമുള്ള
നഫീസ

സഫീന കറുത്തിട്ടാണ്
ദാരിദ്ര്യത്തിന്റെ
കരിമ്പലടിച്ച മേനിയിൽ
മെലിഞ്ഞുണങ്ങിയ കരിമുലകൾ
കുഴിഞ്ഞ പിഞ്ഞാണത്തിൽ
കാലം കോരിവെച്ച
തുറിച്ച രണ്ടു മിഴികൾ

അത്തറ് പൂശിയ
പത്രാസ്സു പെണ്ണുങ്ങൾ
പിത്തന പറയുന്ന
കല്യാണപന്തലുകളിൽ
സഫീനയെ കുറിച്ച്
ആരും പറയാറില്ല.

പിന്നെയെന്താണ്
സഫീനാ,
നഫീസയുടെ തുടുത്ത മുലകളേക്കാൾ
നിന്റെ
തുറിച്ച മിഴികളെന്നെ
കൊളുത്തി വലിക്കുന്നത് ?

Friday, October 25, 2013

മൂന്നു ക വി ത

മൂന്നു    ക വി ത


****
കണ്ണീരിനു  വിലയില്ലാത്ത നാട്ടിൽ
കറപുരണ്ട കരളിനു പോലും വിലയുണ്ട്‌
കച്ചവടത്തിനു വെച്ചത്
അച്ഛന്റെ കരളാണെങ്കിലും
കഴുത്തറപ്പൻ വില വാങ്ങുന്ന കാലം.!

വി
****
വിതച്ചതൊക്കെയും വിളവെടുക്കാനായില്ല
വിതച്ചതു മുഴുവൻ വിത്തായിരുന്നില്ല
വെളിച്ചമെത്താത്ത പാടത്ത്
വിത്തെറിയുന്നതു  വിഫലമാണ്  .!


*****
തനിച്ചിരിക്കുമ്പോൾ തോന്നും
താനാണ് ലോകമെന്ന്.,
തനിച്ചിരുന്നു  മടുക്കുമ്പോൾ
താനേ ലോകം തിരി തെളിക്കും.!

Friday, October 18, 2013

സ്വപ്നഭൂമിക ********************

സ്വപ്നഭൂമിക
********************
സ്വപ്നസാഗരത്തിലെ ഒറ്റചുഴിയിലകപ്പെട്ട
നിന്റെ നീലമിഴികളിൽ
പതഞ്ഞൊഴുകുന്നത്
പ്രണയത്തിന്റെ തിരയിളക്കം
പ്രണയം
ശരത്ക്കാല  മേഘങ്ങളെ  പോലെയാണ്
അകലങ്ങളിൽ നിന്ന് മോഹിപ്പിക്കുന്ന,
വിദൂര വിസ്മയത്തിന്റെ
സരോവരം തീർക്കുന്ന
ശരത്ക്കാല മേഘങ്ങൾ
സമതലങ്ങൾ താണ്ടി വരുന്ന കാറ്റിനുമുണ്ടു
നിന്റെ പ്രണയത്തിന്റെ ശീൽക്കാരം
പ്രണയമെന്നത്
നിറമില്ലാത്ത കിനാക്കളിൽ നിന്നു-
മോടിയൊളിക്കാനുതകുന്ന
നനുത്ത താഴ്വാരം
ഒരുവേള നിശാഗന്ധികളുടെ ജനനം
ഓർമിപ്പിക്കുവാനായിരിക്കും
ഹൃദയത്തിൽ അദൃശ്യമായ് പൂക്കുന്ന
ചെറിപ്പൂക്കളുടെ സുഗന്ധം
പ്രണയമെന്നത് മൗനമാണ്‌
മൗനത്തിൽ മുങ്ങിയ
നിന്റെ പ്രണയത്തിൽ ഞാനിപ്പോൾ
അടയിരിക്കുകയാണ്,
നിശയുടെ നിശ്വാസത്തിലലിയുന്ന
നിലാവു പോലെ...