Monday, July 30, 2012

ഭീതി**************





ഇന്നലെ

വായനാശാലയിലെ ചിതലരിച്ച
പുസ്തകങ്ങളില്‍ നിന്നിറങ്ങി വന്ന്
കഥ പറഞ്ഞ
ഇതിഹാസ നായകരുടെ
നിഴലുകള്‍ക്ക് പിന്നില്‍
പ്രതിനായകരുണ്ടായിരുന്നില്ല
ഇടവഴിയിലെ ഇരുട്ടില്‍ കറുത്ത പൂച്ച
വട്ടം ചാടിയിരുന്നില്ല
പാതിരാവില്‍
തുളവീണ പുല്ലുപായയില്‍
വാത്സല്യ ചോറുമായി
ഉറങ്ങാതെ കാത്തിരുന്ന
അമ്മയുടെ കണ്ണില്‍
ഭീതിയുടെ കനലെരിഞ്ഞിരുന്നില്ല
ഉറങ്ങാന്‍ നേരം
എന്റെ തലയിണക്കടിയില്‍ ഞാന്‍
കഠാര ഒളിപ്പിചിരുന്നില്ല
ഇന്ന്
ഇരുട്ട് വീണ
വായനശാലയിലെ പുസ്തകങ്ങളില്‍ നിന്ന്
പ്രതിനായകര്‍ ഇറങ്ങി വന്ന്
കാതില്‍
വിഫല വിമോചനത്തിന്റെ കഥകള്‍
പറയുന്നുണ്ട്..,
ഇടവഴിയില്‍ അനേകം കരിമ്പൂച്ചകള്‍
ഒളിഞ്ഞിരിപ്പുണ്ട്
പാതിരാവില്‍
ശരറാന്തല്‍ വെളിച്ചത്തിനെ തോല്‍പ്പിച്ച്
അമ്മയുടെ കണ്‍കളില്‍
ഭീതി എരിയുന്നുണ്ട്‌
എന്റെ തലയിണക്കടിയില്‍
ഞാനൊരു കഠാര ഒളിപ്പിച്ചിട്ടുണ്ട്........

Wednesday, July 18, 2012

അവിരാമം*****

അവിരാമം*****

ഇന്നലെകളിലെ വാത്സല്യത്തിന്റെ വസന്തം
നമുക്ക് എവിടെയാണ്
നഷ്ടമായത്..... ?
മണ്ണിലെവിടെയോ നന്മ കണം ബാക്കിയുണ്ടെന്ന
അത്ഭുത വാര്‍ത്തയറിഞ്ഞ്
ഗവേഷകര്‍ തിരക്കിട്ട തിരച്ചിലിലാണ് ...
സ്നേഹശൈലമുരുകിയൊലിച്ച
കാമചൂരിന്റെ നാട്ടില്‍
രതിവൈകൃതങ്ങളില്‍ അഭിരമിച്ചു
ഇരുകാലി മൃഗങ്ങള്‍ തീര്‍ക്കുന്ന
അമ്ല തടാകങ്ങള്‍
സാംസ്കാരിക ഭൂമികയിലെ
ഇടത്തോടുകള്‍ ലക്‌ഷ്യം വെച്ച്
അനുസ്യൂതമൊഴുകുന്നു..
ഒറ്റമുലച്ചിയുടെ കണ്ണുനീര് വീണ രാജസദസ്സില്‍
ഭൂതകാലത്തിന്റെ കല്പ്പടവുകളിലെവിടെയോ
കാണാചങ്ങലയണിഞ്ഞു
നിശബ്ദനാക്കപ്പെട്ട സത്യം അടയിരിപ്പുണ്ട്...
ആയിരം വിശന്ന വയറുകള്‍,
അന്നമിരക്കുന്ന പിഞ്ചുകൈകള്‍
അവ
കണ്ണീരുപ്പു കലര്‍ന്ന കലങ്ങിയ കണ്ണു തുറന്ന്
ഭൂമിയില്‍ തീമഴ പെയിക്കും..
അന്നും
അച്ഛന്‍ മകളെ അമ്മയാക്കുന്ന
ഉത്തരാധുനിക കാലത്തിന്റെ വാക്താക്കള്‍
ഗര്‍ഭസ്ഥശിശുവിന്റെ നെഞ്ചു തുളച്ചു
ശൂലം കയറ്റി ശൂരത്വമാഘോഷിക്കും.,
അശരണരായ അഗതികളുടെ അടിവസ്ത്രത്തിന്
കപ്പം ചുമത്തും..,
മധുചഷകം നുണഞ്ഞു ഭൂമിയെ
ആത്മഹത്യാ മുനമ്പില്‍ നിന്ന്
തള്ളി താഴെയിടും..
പ്രപഞ്ചമുല്ഭവിച്ച തീപ്പൊരിയില്‍ നിന്ന്
സൗരയൂഥം മഹാവിപത്തിന്റെ തമോഗര്‍ത്തമായി
താഴേക്കു പതിക്കും......
അപ്പോഴും
അകലെ
നശിച്ച മനസുകളിലെ തിന്മയറിയാതെ
പുതിയ ജീവന് വളരാന്‍ വിളനിലമൊരുക്കി
അക്ഷയപാത്രത്തില്‍ അന്നം നിറച്ച്
ഏതോ ഒരു അമ്മഗ്രഹം
വിഫലമായ കാത്തിരിപ്പ് തുടരും...