Saturday, November 5, 2011

പച്ചയാം പരിവേദനങ്ങള്‍

 പച്ചക്കറി കടയില്‍ നിന്ന്
മടങ്ങുംബോഴേ
പിറുപിറുക്കലുകള്‍
കേട്ടു തുടങ്ങി ..
കേള്‍ക്കാത്ത പോലെ ഞാന്‍ പതിയെ
കാതോര്‍ത്തു...
തക്കാളിയാണ്‌ തുടങ്ങിയത്...
ഇന്നലെ ഒരു കറുത്ത തടിയന്‍
അവളുടെ മാംസളമായ
മേനിയഴക് കണ്ടു കൊതിച്ചത്രേ...
ഒടുവില്‍ മരണം കാത്തു കിടന്ന
ഒരു വയസന്‍ തക്കാളിയുടെ
മറവില്‍ ഒളിച്ചാണ്
രക്ഷപെട്ടതെന്ന്..
മത്തങ്ങക്ക് മുണ്ടിവീക്കം വന്നത് കൊണ്ട്
ഒന്നും മിണ്ടാതെ
തലയാട്ടുക മാത്രം ചെയ്തു..
മൂപ്പെടാത്ത
ഒരു കുഞ്ഞു വെണ്ടക്കാ
പറഞ്ഞത് മുഴുവന്‍
പരിഭവങ്ങളായിരുന്നു..
വെയില് കൊണ്ട് ദാഹിച്ചപ്പോള്‍
വെള്ളം പോലും നല്‍കാത്ത
തോട്ടക്കാരന്‍ മുതല്‍
ലോറിക്കാരന്‍ പാണ്ടി വരെ
നീണ്ട പരിഭവങ്ങളുടെ നിര ...
ആരും അവള്‍ക്കു പച്ചമുളകിന്റെ
പരിഗണന പോലും നല്‍കിയില്ലെന്ന്...
സഞ്ചിയുടെ മുക്കില്‍ ഇഞ്ചിയോട്
ചേര്‍ന്നിരുന്ന സവാളക്ക്
മണ്ണിനോട് വിട പറഞ്ഞ നൊമ്പരം
മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്..
ഇഞ്ചി അപ്പോഴും ഒന്നും കേള്‍ക്കാതെ
ചേമ്പിന്റെ കുഞ്ചിരോമങ്ങള്‍
വലിച്ചു ഒന്നുമറിയാത്തവനെ പോലെ ഇരുന്നു..
ഉരുളകിഴങ്ങ് ഉരിയാടാതെ
എന്തോ ഗഹനമായ ചിന്തയിലായിരുന്നു...
തൊട്ടടുത്ത്‌ നിന്നൊരു
പൊട്ടിത്തെറിച്ച കൊച്ചു കടുക്
വയസനായ വഴുതനങ്ങയെ എന്തൊക്കെയോ
ചീത്ത പറഞ്ഞു...
എല്ലാവരും ഒരുമിച്ചു ഒച്ചയിട്ടു..
ഈ കൂട്ടത്തില്‍ നിനക്കെന്തു കാര്യം..
കടുക് ചൂളിപോയി...
ഒടുവില്‍
ഒരു കാരറ്റ് പറഞ്ഞത്
ഇപ്രകാരം....
കഴിഞ്ഞ ജന്മത്തിലെ പാപഫലമാണ്
ഇന്ന് നാം
ബലികഴിപ്പിക്കപെടാന്‍ കാരണം...
പിന്നെ
വെറും നിശബ്ധത മാത്രം...

No comments: