അപ്പുണ്ണിയേട്ടന്
ശരിക്കും ഒരത്ഭുതമാണ്..,
തലയില്‍ തെരിക വെച്ച്
തനിയെ ഓലകെട്ടുമേന്തി
പള്ളപ്രത്തെ നാട്ടുവഴികളിലൂടെ
നടന്നു പോകുന്ന ,
നൂറ്റൊന്നു വയസുള്ള
അപ്പുണ്ണിയേട്ടന്..
കാക്കൊള്ളി കാവിലെ
കുടുംബക്ഷേത്രത്തില്‍
ഇന്നും
അപ്പുണ്ണിയേട്ടന് തുള്ളാറുണ്ട്...
മഞ്ഞ പട്ടുടുത്ത് , കാലില്‍ ചിലമ്പിട്ടു,
ഭക്തിയുടെ പരകോടിയില്‍
ഭഗവതിയെത്തുമ്പോള്
വാളുകൊണ്ട് നെറ്റിയില്‍ വെട്ടാറുമുണ്ട്..
പേരക്കുട്ടീടെ മോളെ കല്യാണത്തിന്റെ
തലേന്ന്
ഒന്നര കുപ്പി റാക്കടിച്ചു ,
ഉടുമുണ്ടൂരി തലയില്‍ കെട്ടിയ
അപ്പുണ്ണിയേട്ടന്
ചുവടു വെച്ച് പാടിയ ഭരണി പാട്ടില്‍
കലവറയിലെ പണിക്കാരി പെണ്ണുങ്ങള്
നാണിച്ചു നിന്നപ്പോള്‍
നിലാവിനൊപ്പം
ചിരിയുടെ തൃശൂര്‍ പൂരം
ആ പന്തലില്‍ പെയ്തിറങ്ങിയതാണ്..
പുറമ്പോക്ക് ഭൂമിയില്‍
കാല്‍പ്പന്തു കളിക്കുന്ന ചെക്കന്മാര്ക്ക് ,
രാമേട്ടന്റെ പറമ്പില്‍
കയറു പിരിക്കുന്ന പെണ്ണുങ്ങള്‍ക്ക്,
അമ്പല കുളത്തില്‍
കുളിക്കാന്‍ വരുന്ന ആണുങ്ങള്‍ക്ക്
ഒക്കെയും
അപ്പുണ്ണിയേട്ടന്
എന്നും അപശകുനമാണ്..
പക്ഷെ
ആരോടും മിണ്ടാതെ
വേച്ചു വേച്ചു തലയാട്ടി നടന്നു പോകുന്ന
അപ്പുണ്ണിയേട്ടന്
പള്ളപ്രത്തുകാര്ക്ക് നിത്യ കാഴ്ചയാണ്..
വാര്‍ധക്യം വെള്ള പൂശിയ കണ്ണുകളില്‍
ഭൂതകാലത്തിന്റെ നേരിയ തിളക്കം
ഞങ്ങള്‍ കണ്ടിട്ടുണ്ട്...
ആയിരം തേന്‍ വരിക്കകളെ പെറ്റ
മുത്തശ്ശി പ്ലാവിന്റെ ചോട്ടില്
അപ്പുണ്ണിയേട്ടന് പലപ്പോഴും
ഒറ്റക്കിരിക്കാറുണ്ട്..,
ചോദിച്ചാല്‍
മരിച്ചു പോയ ലക്ഷ്മ്യേടത്തി
അടുത്തു വന്നു
സ്വര്ഗ്ഗതതിലെ കഥകള്‍ പറയാറുണ്ടത്രെ .
പള്ളപ്രത്തെ ആള്കൂട്ടങ്ങളിലൊക്കെ
വര്‍ഷങ്ങളായി
അപ്പുണ്ണിയേട്ടന് ഒരു കഥയാണ്..
ഇന്നും
അപ്പുണ്ണിയേട്ടന് നടക്കുന്നുണ്ട്..,
നാഗരികതയുടെ കമ്പളം മൂടാന്‍ കൊതിക്കുന്ന
ചെമണ്ണു പാറിയ നാട്ടുവീഥികളില്‍
ഗ്രാമീണതയുടെ
നന്മ വറ്റാത്ത പഴയ വെളിച്ചവുമായി
അപ്പുണ്ണിയേട്ടന്....
5 comments:
പള്ളപ്രത്തെ സ്വന്തം അപ്പുണ്ണ്യേട്ടന്റെ ചരിതം ജോറായിരിക്കുനു..എനിക്കും ആരാധന തോന്നി അപ്പുണ്ണ്യേട്ടനോട്..നന്നായി തന്നെ എഴുതിട്ടോ
സന്തോഷം....
ഇഷ്ട്ടമായി അപ്പുണ്ണിയേട്ടനെ നേരികണ്ട പോലെ....നന്നായി എഴുതി ആശംസകള്‍
അപ്പുണ്ണിയെട്ടൻ ഇന്നലെ ഞങ്ങളോട് വിട പറഞ്ഞു ..പല്ലപ്രം ഗ്രാമത്തിന്റെ നന്മ വെളിച്ചം പൊലിഞ്ഞു.. ഓർമകൾക്ക് മുന്നില്‍ പ്രണാമം..!
Post a Comment