ഇറോം,
ഇംഫാലില്‍ വെടിയൊച്ചകള്‍
നിലച്ചിട്ടില്ല..,
ഇരുള് വീഴും നേരത്ത്
ഇടവഴികളിലിഴയുന്ന
രതിയുടെ മൂര്‍ഖന്മാര്‍
ഫണം താഴ്ത്തിയിട്ടില്ല..,
നൊമ്പരങ്ങളുടെ പരലുപ്പ് ചാലിച്ച്
സങ്കട കടല്‍ തീര്‍ത്ത
ആയിരം അമ്മമാരുടെ
തേങ്ങലുകള്‍, ഗദ്ഗദങ്ങള്‍
ഒടുങ്ങിയിട്ടുമില്ല..
നനഞ്ഞ മാറില്‍ വീഴുന്ന
അധിനിവേശത്തിന്റെ നഖക്ഷതങ്ങളില്‍
വിലാപം അടിയറ വെക്കപ്പെട്ട ,
മുലക്കച്ച പോലും സ്വന്തമല്ലാത്ത
അനേകം മനോരമ ദേവിമാര്‍
ഖുന്‍ഗാ നദിയില്‍
കനവു പാത്രം
പളുങ്കു പോലെ വീണുടഞ്ഞ
എത്രയോ ബാല്യങ്ങള്‍
അധികാര നൗകയില്‍
ശീല്‍ക്കാരമുയര്‍ത്തി
ഭരണ പുംഗവന്മാര്‍
അദൃശ്യമായ തടവറയില്‍ തളച്ച്
നിന്റെ ആത്മബോധത്തിന്
വിലയിട്ടപ്പോഴാണ്
ഉരുക്ക് വനിതയായി നീ
ഉയിര്‍ത്തെഴുന്നേറ്റത്
ഋതുഭേദങ്ങളില്ലാതെ
അശാന്തിയുടെ ഗ്രീഷ്മാതപത്തില്‍
വെന്തുരുകുന്ന നിന്റെ ജനതയ്ക്ക്
സ്വാതന്ത്ര്യത്തിന്റെ വസന്തം
അകലെയല്ലെന്നു
നിന്റെ മിഴികളിലെ തിളക്കം
ഞങ്ങളെ പഠിപ്പിക്കുന്നുണ്ട്
ഒരു നാള്‍
പുതുലോകമുണരും...,
നിന്റെ തളരാത്ത
ആത്മവീര്യത്തിനു മുന്നില്‍
ഈ നിശബ്ദ ലോകം തലകുനിക്കും
'ഇന്ത്യയുടെ രത്നം'
തുടലുകളൂരി
തലയുയര്‍ത്തി നില്‍ക്കും..
അന്ന്
നിന്റെ ഹൃദയ കുസുമത്തില്‍
അധിനിവേശത്തിന്റെ
തോക്കിന്കുഴലുകള്‍ തളച്ചിട്ട
സ്വാതന്ത്ര്യത്തിന്റെ സുഗന്ധം
വസന്തമായ് പടര്‍ന്നൊഴുകും
അതുവരെ
ഞങ്ങളീ നെറികെട്ട ജന്മങ്ങള്‍
നിസംഗമായ മൗനം തുടരും
3 comments:
ഒരു മനുഷ്യനും തിരിഞ്ഞു നില്‍ക്കാന്‍ ആകില്ല ഇരോമിന് മുന്നില്‍ ... വളരെ നന്നായി എഴുതി ഹരീഷ് .... നിസ്സംഗമായ എന്റെ സമൂഹത്തിന്റെ മുഖത്തേക്ക് ഇങ്ങനെ വെളിച്ചം പതിക്കാതെ...ഞങ്ങള്‍ കാപട്യത്തിന്റെ ലോകത് മാന്യന്മാര്‍ ആകെട്ടെ...എങ്കിലും ഒരിക്കല്‍ പുതു സൂര്യന്‍ ഉദിക്കുക തന്നെ ചെയ്യും ... മാനവികത ജയിക്കട്ടെ...
അഭിവാദ്യങ്ങള്‍.....!!!
ഒരു നാള്‍
പുതുലോകമുണരും...,
നിന്റെ തളരാത്ത
ആത്മവീര്യത്തിനു മുന്നില്‍
ഈ നിശബ്ദ ലോകം തലകുനിക്കും
'ഇന്ത്യയുടെ രത്നം'
തുടലുകളൂരി
തലയുയര്‍ത്തി നില്‍ക്കും....
ഒരു പാടിഷ്ടായീ വരികള്‍ ... നിസ്സഹായതയുടെ നിരാലംബരുടെ രോദനം ഒരു നാള്‍ ഉരുക്ക് ഭിത്തികള്‍ തകര്ത്തെരിയുക തന്നെ ചെയ്യും ..അന്ന് നീതി പുലരുമെന്ന് നമുക്കാശ്വസിക്കാം ...
Post a Comment