Friday, March 22, 2013

സോനാഗച്ചി


സോനാഗച്ചിയിലെ ചെമ്പക പൂക്കള്‍ക്ക്
ചോരയുടെ നിറമാണ്..
സോനാഗച്ചി,
പൂക്കളും കായ്ക്കളുമില്ലാത്ത
ആയിരം സ്വര്‍ണ്ണമരങ്ങള്‍
പിറക്കുന്ന അക്ഷയഖനി..
   
സോനാഗച്ചി വെറുമൊരു തെരുവല്ല..
നിശബ്ദമായൊഴുകുന്ന,
അദൃശ്യമായൊരു ചോരപ്പുഴയാണ്

മദജലം ഉരുകിയൊലിക്കുന്ന
അടിവസ്ത്രങ്ങളും,
നഖക്ഷതങ്ങളാല്‍ വികൃതമാക്കപ്പെട്ട
മുലക്കച്ചകളും
കത്തിയെരിയുന്ന ചോരപ്പുഴ


ഉറയഴിച്ച് പുതിയ മേലാട ചാര്‍ത്തി
ഇണയെ തേടി പോകുന്ന കരിനാഗങ്ങളെ പോലെ
സോനാഗച്ചി
നമ്മെ മാടി വിളിക്കുന്നുണ്ട്   
പുതിയ  കാഴ്ചകളിലേക്ക്, 
ഭീതിതമായ നിറക്കൂട്ടുകളിലേക്ക്;


വഴിയരികിലാരോ വലിച്ചെറിഞ്ഞ
വറുതിയുടെ വട്ടപാത്രങ്ങളില്‍
ഒരുപിടി അന്നത്തിനായ്‌ തിരയുന്ന
നിഴല്‍രൂപങ്ങള്‍
മുലക്കുടങ്ങളില്‍ കാലം വരച്ചു ചേര്‍ത്ത
വരണ്ടുണങ്ങിയ വരമ്പുകളെ തോല്‍പ്പിച്ച്
മിഴികളില്‍ ഭൂതകാലത്തിന്റെ വശ്യശോഭ..

ഒരു കുപ്പി റമ്മും, ചരസ്സും, ഭാംഗും ,
നിലാവെളിച്ചത്തില്‍ നിഴലാട്ടം നടത്തുന്ന
ഈ നശിച്ച തെരുവിന്റെ തിരശീല
ഇന്നു തൊട്ടുണര്‍ത്തുന്നത്
പഴയ തേവിടിശ്ശികളുടെ
ഹതഭാഗ്യരായ പിന്മുറക്കാര്‍

നീലവില്ലു വെച്ച വണ്ടിയില്‍
വന്നിറങ്ങുന്ന പുതിയ പൂമൊട്ടുകള്‍
വിരിയാന്‍ വെമ്പുന്ന
ഈ ഇരുണ്ട മുറികളില്‍
ഇടനെഞ്ചിലൊളിപ്പിച്ച ഗദ്ഗദങ്ങള്‍ക്ക്
ആര് ചെവിയോര്‍ക്കാന്‍

നിസംഗതയുടെ കരിന്തിരി എരിയുന്ന
നാട്യമണ്ഡപങ്ങളിൽ
യൗവനത്തിന്റെ  ഓട്ടുവിളക്കുകളുമായി
പുതിയ കൂത്തിച്ചികൾ
നമ്മെ കാത്തിരിപ്പുണ്ട്‌


സോനാഗച്ചി വെറുമൊരു നാമമല്ല
നാമങ്ങളില്ലാത്ത
ആയിരം നിശാഗന്ധികളുടെ ശവകുടീരമാണ്

2 comments:

ajith said...

സോണാഗച്ചി ഇന്നും ഇന്നലെയുമല്ല
അനേകനൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഒഴുകിത്തുടങ്ങിയതാണ്

ഇനിയും കാലാന്ത്യത്തോളം തുടരുന്നതുമാണ്

Sangeeth vinayakan said...

മുന്‍പൊരു തമിഴ് സിനിമ പാട്ടിലാണ് സോനാ ഗച്ചിയെന്നു ആദ്യം കേട്ടത്..