Wednesday, November 21, 2018

നാം
അകംപുറം മറിച്ചിട്ട
തീക്ഷ്ണമായ
രണ്ടു നെടുവീർപ്പുകൾ 

ത്രിമാന തലത്തിൽ
പടരാൻ കൊതിക്കുന്ന
ജലരേഖകൾ

ഇരു  ധ്രുവങ്ങളിൽ
ഇരുന്നു വിലപിക്കുന്ന
വിഷാദത്തിന്റെ
ഒറ്റമൈനകൾ 

കർക്കിടകക്കാറ്റു
ചുംബിക്കുന്ന
കൂരിരുട്ടിന്റെ നിഴലുകൾ 

ഇപ്പോൾ നാം രണ്ടു പൂക്കൾ
പണ്ടേ വിരിഞ്ഞു
വാടിത്തളർന്നു പോയ
രണ്ടു ചമ്പകപ്പൂക്കൾ.!

Wednesday, September 28, 2016

അനുരാഗമൃത്യു

അനുരാഗമൃത്യു
+++++++++++++
ജരാനരകളില്ലാത്ത  
കമിതാവാണ്‌ മരണം
അനന്തകോടി യുഗങ്ങളായി
ആത്മാക്കളിലൂടെ
അന്യുസ്യൂതമൊഴുകുന്ന
അനുരാഗ ജലധാര

കൂടുവിട്ടു കൂടുമാറി
പരകായ പ്രവേശം തേടുന്ന
അത്ഭുത പ്രണയത്തിന്റെ
ആത്മതേജസ്സ്‌

മരണമേ,
ഏതു നിഗൂഢ താഴ്‍വ്വരയിലാണ്
നീ നിന്റെ
പ്രണയമൊളിച്ചു വെച്ചിരിക്കുന്നത് .?
ഭൂമിയും, സ്വർഗ്ഗവും
ചുംബിച്ചു പുൽകുന്ന
ഏതു പുൽമേട്ടിലാണ്
നിന്റെയീ കൊട്ടാരം..?

അഗാധ സ്നേഹത്തിന്റെ
ആത്മക്കമ്പളം
നീ കമിതാക്കളെ പുതക്കുമ്പോൾ
പടച്ചുവെച്ച സ്വപ്നമേടകൾ
ചില്ലുപാത്രം പോലെ വീണുടയുന്നു.!    

Thursday, March 10, 2016

memories

memories
get hunted
with memories....

Thursday, November 12, 2015

Thursday, April 17, 2014

മൂന്നു പുകഞ്ഞ ചിന്തകൾ

മൂന്നു പുകഞ്ഞ ചിന്തകൾ
**********************************

ഗ്ലോബ്
+++++++++++
ഒരൊറ്റ  കൈപ്പിടിയിൽ ഒതുങ്ങുന്ന  
ഈ ഭൂമിക്കു വേണ്ടിയാണ്   
ചരിത്രത്തിലെ ചക്രവർത്തിമാർ
ചോരപ്പുഴയൊഴുക്കി
പടവെട്ടി മരിച്ചത്.!


പ്രഹേളിക
++++++++++
മറക്കുമോ എന്ന് ചോദിച്ചതിന്
പരിഭവിച്ചു
മുഖം മറച്ചു നടന്നവളാണവൾ
ഇന്ന്
ഓർമ്മയുണ്ടോ
എന്നു ചോദിക്കാൻ പോലും
അവളെ കണ്ടുകിട്ടുന്നില്ല.!


തീ
+++++
ശിലകൾ കൂട്ടിയുരസ്സിയാണത്രേ
ആദിമ മനുഷ്യൻ തീയുണ്ടാക്കിയത്
വിശപ്പിന്റെ തീ കെട്ടുപോവാൻ
ഇന്നിന്റെ അധികാര ശിലകളെ
ഏതു കാട്ടിലാണ് വലിച്ചെറിയേണ്ടത് .!

Friday, April 4, 2014

കാഴ്ച

മഞ്ഞും ,മഴയും
മാറി മാറി
കണ്ണാരം പൊത്തി കളിച്ചിരുന്ന
മലയുടെ താഴ്വാരത്താണ്
മരങ്ങൾ
മനം നിറഞ്ഞു ചിരിച്ചിരുന്നത്
മരമറുത്തു മുറിച്ച
മനസിടിഞ്ഞ മനുഷ്യർ
മലയെ മണ്ണാക്കിയപ്പോൾ
മഞ്ഞും മഴയുമെങ്ങൊ
മറഞ്ഞു പോയത്രേ .!

Sunday, November 3, 2013

ഒറ്റമുറിയിലെ താമസക്കാർ

ഒറ്റമുറിയിലെ  താമസക്കാർ
+++++++++++++++++++++++
അവർ മൂന്നു  പേർ 
ഒറ്റമുറിയിലെ  താമസക്കാർ
ഇറ്റുവീഴുന്ന മഞ്ഞുതുള്ളികളോട്  കലഹിച്ച് ,
മഴനൂലിഴകളെ പ്രണയിച്ചു 
സ്വപ്നലോകം   പടുത്തുയർത്താൻ  കൊതിച്ച  ഒന്നാമൻ

രണ്ടാമനൊരു വിപ്ലവകാരി
മാർക്സിന്റെ മൂലധനം കരളിൽ ചൊരിഞ്ഞ
ചെന്തീയിൽ വെന്തുരുകിയ വിപ്ലവകാരി 

കറുപ്പും, വെളുപ്പും ഇടകലർന്ന ചതുരംഗ പലകയിൽ
ജീവിതത്തിന്റെ     
ചരിത്രവും, പൗരധർമ്മവും അടിയറ വെച്ചവൻ മൂന്നാമൻ

അവർ മൂന്നു പേർ  മൂന്നു സ്വപ്‌നങ്ങൾ
ദിശമാറിയിരുന്നു ധ്യാനിക്കുന്ന അടുപ്പുക്കല്ലുകളെ പോലെ
അകലേക്ക്‌ പറക്കാൻ കൊതിച്ച മൂന്നു ഋജുരേഖകൾ

അവർ മൂന്നു നക്ഷത്രങ്ങൾ
കത്തുന്ന ചിന്തകളുടെ പുസ്തകക്കെട്ടുകൾ
കാലത്തിന്റെ കൽപ്പടവിൽ വെച്ച്
മൃതിയുടെ കടലിരമ്പം തേടി മിഴികളടച്ചവർ

ഒറ്റമുറിയിലിപ്പോഴും തണുപ്പാണ്., 
മഞ്ഞുപെയ്യുന്ന യാമങ്ങളിൽ
മൂന്നു നക്ഷത്രങ്ങളിപ്പോഴും
ഒറ്റമുറിയിലിരുന്നു കഥ പറയുന്നുണ്ടായിരിക്കും.!

Friday, November 1, 2013

അനുരാഗ വിവശനായ കാമുകൻ

കറുത്ത  മുന്തിരി  പോലുള്ള  പെണ്ണേ
സുഗന്ധ  സിന്ദൂരമേറ്റും  തിടമ്പേ  
വെളുത്തക്കച്ചയിൽ  പേറുന്നതെന്തിനായ് 
അദൃശ്യരശ്മി  പോൽ  അനുരാഗബാണം

കുഴച്ച  മണ്ണിൽ  നിന്നുയിർത്തെഴുന്നേൽക്കു-
മുറച്ച  വെങ്കല പ്രതിമയെ  പോലെ
കൊളുത്തി  വെച്ചാരു മൃദുമാറിടത്തിൽ
നിറങ്ങൾ  മിന്നുന്ന  പൂത്താലബിംബം

മിനുക്കി വെച്ചോരു കൈക്കുഴിക്കുള്ളിലെ
മടക്കുപ്പർവത  നിരകൾക്കിടക്ക്
കളഞ്ഞു  പോയൊരെൻ  ഹൃദയം തിരഞ്ഞു ഞാൻ
തനിച്ചു  നിൽക്കുന്നതറിയാത്തതെന്തേ

തുടുത്ത നിന്റെയീ  അധരപുടങ്ങൾ
ചുവപ്പു  തുപ്പും  ചെറിപ്പൂക്കൾ  പോലെ
കിനാവിലിറ്റിറ്റു വീഴുന്ന നേരം
വസന്തമെന്തെന്നറിയുന്നൂ  ഞാനും
 
കരിമരുന്നിന്റെ  നിറമുള്ള  പെണ്ണേ 
നിൻ
ചിരിയിലിന്നാരു  വെടിയുപ്പു  തേച്ചു
മിഴിതുറന്നെന്നെ  നോക്കെന്റെ  പെണ്ണേ
മതിമറന്നു ഞാൻ  നില്ക്കട്ടെ  ഭൂവിൽ

+++++++++++++++++++++++++++++++

Tuesday, October 29, 2013

പേക്കിനാവ്

നഫീസയുടെ തുടുത്ത മുലകൾക്ക്
മൽഗോവ മാമ്പഴത്തിന്റെ
നിറമാണ്
കരിവണ്ടിന്റെ ചേലുള്ള കണ്ണുകളും
തേനൂറുന്ന ചുണ്ടുകളുമുള്ള
നഫീസ

സഫീന കറുത്തിട്ടാണ്
ദാരിദ്ര്യത്തിന്റെ
കരിമ്പലടിച്ച മേനിയിൽ
മെലിഞ്ഞുണങ്ങിയ കരിമുലകൾ
കുഴിഞ്ഞ പിഞ്ഞാണത്തിൽ
കാലം കോരിവെച്ച
തുറിച്ച രണ്ടു മിഴികൾ

അത്തറ് പൂശിയ
പത്രാസ്സു പെണ്ണുങ്ങൾ
പിത്തന പറയുന്ന
കല്യാണപന്തലുകളിൽ
സഫീനയെ കുറിച്ച്
ആരും പറയാറില്ല.

പിന്നെയെന്താണ്
സഫീനാ,
നഫീസയുടെ തുടുത്ത മുലകളേക്കാൾ
നിന്റെ
തുറിച്ച മിഴികളെന്നെ
കൊളുത്തി വലിക്കുന്നത് ?

Friday, October 25, 2013

മൂന്നു ക വി ത

മൂന്നു    ക വി ത


****
കണ്ണീരിനു  വിലയില്ലാത്ത നാട്ടിൽ
കറപുരണ്ട കരളിനു പോലും വിലയുണ്ട്‌
കച്ചവടത്തിനു വെച്ചത്
അച്ഛന്റെ കരളാണെങ്കിലും
കഴുത്തറപ്പൻ വില വാങ്ങുന്ന കാലം.!

വി
****
വിതച്ചതൊക്കെയും വിളവെടുക്കാനായില്ല
വിതച്ചതു മുഴുവൻ വിത്തായിരുന്നില്ല
വെളിച്ചമെത്താത്ത പാടത്ത്
വിത്തെറിയുന്നതു  വിഫലമാണ്  .!


*****
തനിച്ചിരിക്കുമ്പോൾ തോന്നും
താനാണ് ലോകമെന്ന്.,
തനിച്ചിരുന്നു  മടുക്കുമ്പോൾ
താനേ ലോകം തിരി തെളിക്കും.!

Friday, October 18, 2013

സ്വപ്നഭൂമിക ********************

സ്വപ്നഭൂമിക
********************
സ്വപ്നസാഗരത്തിലെ ഒറ്റചുഴിയിലകപ്പെട്ട
നിന്റെ നീലമിഴികളിൽ
പതഞ്ഞൊഴുകുന്നത്
പ്രണയത്തിന്റെ തിരയിളക്കം
പ്രണയം
ശരത്ക്കാല  മേഘങ്ങളെ  പോലെയാണ്
അകലങ്ങളിൽ നിന്ന് മോഹിപ്പിക്കുന്ന,
വിദൂര വിസ്മയത്തിന്റെ
സരോവരം തീർക്കുന്ന
ശരത്ക്കാല മേഘങ്ങൾ
സമതലങ്ങൾ താണ്ടി വരുന്ന കാറ്റിനുമുണ്ടു
നിന്റെ പ്രണയത്തിന്റെ ശീൽക്കാരം
പ്രണയമെന്നത്
നിറമില്ലാത്ത കിനാക്കളിൽ നിന്നു-
മോടിയൊളിക്കാനുതകുന്ന
നനുത്ത താഴ്വാരം
ഒരുവേള നിശാഗന്ധികളുടെ ജനനം
ഓർമിപ്പിക്കുവാനായിരിക്കും
ഹൃദയത്തിൽ അദൃശ്യമായ് പൂക്കുന്ന
ചെറിപ്പൂക്കളുടെ സുഗന്ധം
പ്രണയമെന്നത് മൗനമാണ്‌
മൗനത്തിൽ മുങ്ങിയ
നിന്റെ പ്രണയത്തിൽ ഞാനിപ്പോൾ
അടയിരിക്കുകയാണ്,
നിശയുടെ നിശ്വാസത്തിലലിയുന്ന
നിലാവു പോലെ...  

Friday, August 16, 2013

ഒരു വിപ്ലവകാരിയുടെ അന്ത്യക്കുറിപ്പ്

ഒരു വിപ്ലവകാരിയുടെ അന്ത്യക്കുറിപ്പ്
++++++++++++++++++++++++++++++++

ഇനി നിനക്കെന്നെ പോസ്റ്റുമോർട്ടം ചെയ്യാം
എന്നിലെ മനുഷ്യനിപ്പോൾ മരിച്ചിരിക്കുന്നു

പോസ്റ്റുമോർട്ടം ടേബിളിൽ
ഇരുമ്പുകൂടം കൊണ്ട് നീയെന്റെ തലയോട്ടി
തച്ചു തകർക്കുമ്പോൾ
അതിനുള്ളിലൊരു മസ്തിഷ്ക്കം
ഉണർന്നിരിക്കുന്നുണ്ടായിരിക്കും.,
ധവളമോഹങ്ങൾ അതിർവരമ്പു കല്പ്പിച്ച
ചുവന്ന ഭൂപടങ്ങളിൽ
വിമോചനത്തിന്റെ തീ തെളിയുന്ന
സ്മൃതിമണ്ഡപം

ഫിദലിന്റെ ഗറില്ലാക്കൂട്ടം
വിപ്ലവത്തിന്റെ മഹാസമുദ്രത്തിലേക്കെറിഞ്ഞ
ഗ്രാന്മയുടെ നങ്കൂരം
എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയിരിക്കും    

തെരുവുകളിലെ  രക്തം
സിരകളിൽ കോരിയൊഴിച്ച
നെരൂദയുടെ വരികൾ
എന്റെ സ്വനപേടകത്തിലപ്പോഴും
മുഴങ്ങുന്നുണ്ടായിരിക്കും

ഇസഡോര  ഡങ്കന്റെ
വിയർപ്പേറ്റു വിരിഞ്ഞ  മുലക്കച്ചകൾ
കിനാവിൽ ആയിരം തവണ ചുംബിച്ച 
എന്റെ അധരങ്ങളപ്പോഴും 
തുടിക്കുന്നുണ്ടായിരിക്കും

കരളിന്റെ ഇടുങ്ങിയ മേടുകളിൽ
ലഹരിയുടെ ശിൽപ്പികൾ  കൊത്തിവെച്ച
ഗുഹാചിത്രങ്ങൾക്കുമേൽ 
കരിപുരണ്ടിട്ടുണ്ടായിരിക്കും

ഒടുവിൽ നീയെന്റെ ജിഹ്വയിൽ 
അധികാരത്തിന്റെ ശൂലം കയറ്റാൻ
തുനിയരുത്
മരിക്കുമ്പോൾ ഞാനൊരു സൂഫിയായിരുന്നു., 
കാഷായവസ്ത്രം ധരിച്ചു
കുരിശിന്റെ വഴിയെ  നടന്നുപോയ  സൂഫി 
 ++++++++++++++++++++++++++++++++++++

 

Sunday, July 21, 2013

നൊസ്റ്റാൽജിയ

നൊസ്റ്റാൾജിയ
********************
ഇന്നലെയുടെ കണ്ണീര്‍ വീണു
നനഞ്ഞു കുതിർന്ന സിന്ദൂരചെപ്പ്

ഭൂതകാലത്തിന്റെ
രഥചക്രമുരുണ്ട്
ചതഞ്ഞരഞ്ഞ മയിൽപ്പീലി

കൗമാരത്തിന്റെ
ഇടവഴികളിലെവിടെയോ
മഴയേറ്റ്
ഇതളുലഞ്ഞ താമരപ്പൂവ്

കദനത്തിന്റെ കുഞ്ഞോളങ്ങളില്‍
ചിതറി തെറിച്ച വളപ്പൊട്ട്

ഓർമ്മകളുടെ കർക്കിടകകാറ്റ്
ഉള്ളിലെ
ഉണങ്ങാത്ത മുറിവുകളെ
ചുംബിക്കുമ്പോള്‍,
അകതാരിൽ നിന്ന്
പേരറിയാത്തൊരു നൊമ്പരം


Thursday, July 18, 2013

എത്ര കരഞ്ഞിട്ടും
തോരാതിരിക്കാൻ വണ്ണം
പരിഭവക്കടലുറങ്ങുന്നുവോ
നിന്റെ മിഴികളിൽ വാനമേ.!

Thursday, June 27, 2013

അനശ്വര നിദ്ര



അനശ്വര നിദ്ര
******************
മഴമേഘങ്ങളെ,
നിങ്ങള്‍
മരിച്ചവരുടെ ദൂതുമായ്‌ പോകയാണോ

മലമുകളില്‍ നിന്ന്
മഞ്ഞുതാഴ്വരയും കടന്ന്
ചെറിപ്പൂക്കളെ തഴുകിയെത്തുന്ന കാറ്റ്
മരിച്ചവരുടെ കഥകള്‍ പറയാറുണ്ട്‌

ശവകുടീരങ്ങൾക്കു  മീതെ
ധ്രുവനക്ഷത്രങ്ങളായി ഉദിച്ചുയരുന്ന
ആത്മാക്കളോരോന്നും
സകലലോക സഞ്ചാരിയാം കാറ്റിനോട്
ചകിത സ്വപ്നങ്ങളുടെ 
വ്യഥകള്‍ പങ്കുവെക്കും


അതിരാത്രങ്ങൾക്കു   പിറകെ പെയ്യുന്ന
കനത്ത പേമാരിയെ പോലെ
മരണത്തിന്റെ ഉലയില്‍
ജീവിതക്കൂടം തകർന്നു  വീണവര്‍
വിഷാദത്തിന്റെ കണ്ണീരുപ്പു ചാലിച്ചു 
വ്യാകുലതകള്‍ എണ്ണിയെണ്ണി പറയും 

ചിറകു വെച്ച് പറന്നുയരും മുന്പേ
കാലത്തിന്റെ വിളക്കുകാലില്‍
ചിറകെരിഞ്ഞു വീണ
കുഞ്ഞിളം പൂമ്പാറ്റകള്‍

പരലോകത്തിന്റെ  കല്പ്പടവില്‍ നിന്ന്
മരണം കൈമാടി വിളിക്കുമ്പോള്
നിരാലംബ നയനം നിറച്ച്
മറവിയുടെ കല്പ്പടവില്‍
തലയിടിച്ചു മരിക്കേണ്ടി വരുന്ന
സഹസ്രകോടി ജന്മങ്ങള്‍

മരണത്തിനും ജീവിതത്തിനുമിടയില്‍ നിന്ന്
കാറ്റ് കഥപറയുമ്പോള്‍
മഞ്ഞുതാഴ്വരകളില്‍
മരിച്ച മനസുകളുടെ തേങ്ങലുകള്‍
++++++++++++++++++++++++++++

Wednesday, May 22, 2013

പരാശരി

നിനക്കു ചുറ്റുമീ
ഭ്രമണപഥത്തിലൂ-
ടിനിയെത്ര നാള്‍ ഞാന്‍
വലംവെച്ചു നീങ്ങും
ഉദിച്ചു പൊങ്ങുന്ന ചിന്തകള്‍
ഹൃത്തട-
മെരിച്ചു തീർക്കുമ്പോൾ
ഞാനെന്തു ചെയ്‌വൂ
വെളിച്ചമറ്റോരു
നക്ഷത്രമുള്ളില്‍
ജനിച്ചു വീഴുന്ന
സൗരയൂഥത്തില്‍
തിളക്കമില്ലാത്ത
ആയിരം ഗോളങ്ങള്‍
വിറച്ചു നില്ക്കുന്ന
അന്ധകാരത്തില്‍
വസന്തമില്ലാത്ത
പൂക്കള്‍ പൊഴിയാത്ത
കിനാക്കളെമ്പാടും
നിറഞ്ഞ നെഞ്ചില്‍
വരണ്ട ചിന്തകള്‍
ചുട്ടുപൊള്ളിക്കുന്ന
നശിച്ചു പോയോരീ
ഭ്രമണപഥത്തില്‍
ഒരിറ്റുനീർ വാർത്തു
ജഡത്വമേറ്റൊരു   
കവിത്വമെന്നില്‍ മരിച്ചിടട്ടെ

Friday, May 17, 2013

നിന്റെ മുടിയിഴകളിൽ
പ്രണയത്തിന്റെ
കടലിരമ്പം
കാറ്റേ, നീ മൂളും
പ്രണയത്തിന്റെ രാഗമെൻ
ബാസുരിയിൽ തുടിക്കുന്നു.!

Tuesday, May 14, 2013

രാമൻ

 രാമന്‍
***********
വിഭജനത്തിന്റെ  മുറിവുണങ്ങാത്ത
ചോരപ്പാടു കല്ലിച്ച
പഞ്ചാബിന്റെ മണൽപരപ്പിലിരുന്നു
രാമനിപ്പോഴും പരിതപിക്കുന്നുണ്ടാവും

ലാഹോറിലെ രാമന്‍
അശാന്തിയുടെ  വെടിയൊച്ചകൾക്കു
നടുവിലാണെങ്കിൽ,
വരിയുടക്കപ്പെട്ട
അയോദ്ധ്യയിലെ രാമന്‍
സവർണ്ണരുടെ തടവറയിലാണ്

വെടിയേറ്റ ഗാന്ധിയുടെ 
കരളുതിർത്ത നിണവുമായി
സബർമതിയിലെ  രാമനിപ്പോഴും
കരയുകയാണ്

വഡോദരയിലെ തെരുവോരങ്ങളില്‍
ചിതകൾക്കിടയിലുരുന്നു 
അഭിനവരാമന്‍
മതേതരത്വത്തിന്റെ എല്ലിന്ക്കൂടു
തിരയുന്നുണ്ടാവും

രാമനൊരു ഉപോൽപ്പന്നമാണ്
വിശ്വാസങ്ങളെ വില്പ്പനയ്ക്ക് വെച്ചവര്‍
മോഹനവാഗ്ദാനങ്ങളില്‍ പൊതിഞ്ഞ്
ഉപഭോഗ്താവിനെറിഞ്ഞു കൊടുത്ത
ഉപോൽപ്പന്നം

രാമനൊരു രക്തസാക്ഷിയാണ്
മതത്തിന്റെ് മുള്ളാണികുരിശിൽ 
തറച്ചു തൂക്കപ്പെട്ട രക്തസാക്ഷി

രാമനൊരു സ്വപ്നമാണ്
ഇരയും, വേട്ടക്കാരനും
ഒരുപോലെ താലോലിക്കുന്ന
വെറുമൊരു സ്വപ്നം
 +++++++++++++++++++++++++++

Monday, May 6, 2013

കവിത

കവിത
**********
തൂറാൻമുട്ടിയ  നേരത്ത് 
തിരക്കിട്ടെഴുതി  തീർത്ത
കവിതക്കാണ്‌
അയാൾക്ക്‌ 
ആ വർഷത്തെ
ഓമക്കുഴൽ അവാർഡ്‌ ലഭിച്ചത്
മുക്കലും, മൂളലും
തുപ്പലും, തൂറലും  കൊണ്ട്
വൃത്താലങ്കാര  കേമമെന്ന്
നിരൂപകർ വാഴ്ത്തിയ
അതേ  കവിത.!