Wednesday, October 19, 2011

വിചാരണ





ഉറക്കത്തിന്റെ നൂല്‍പ്പാലത്തിലൂടെ
സഞ്ചരിച്ച ഒരു രാത്രിയില്‍
ആരോ തട്ടി വിളിച്ചുണര്‍ത്തി...
യമദേവന്‍...
കണ്ണുകള്‍ ഇറുക്കി അടക്കാന്‍ കല്‍പ്പന..
ഭൂമിയിലെ സ്വപ്നങ്ങള്‍ക്ക് കടിഞ്ഞാണിട്ട് യാത്ര...
കണ്ണ് തുറന്നപ്പോള്‍ പരലോകത്താണ്..
യമദേവന്റെ കൊട്ടാരത്തില്‍..
ശ്മശാന മൂകമായ ഇടനാഴി കടന്ന്
ആനയിക്കപ്പെട്ടത്‌
ചിത്രഗുപ്തന്റെ
വിധിന്യായ സദസിലേക്ക്..
കണക്കു പുസ്തകം തുറന്നു വിചാരണ തുടങ്ങി..
ചെയ്ത തെറ്റുകള്‍..
പിറന്നു വീണ സമയത്ത്
അമ്മയെ വലതുകാല്‍ കൊണ്ട് ചവിട്ടിയത്,
നാലാം തരത്തില്‍ ഒപ്പമിരുന്ന പൂച്ചകണ്ണുള്ള
പെണ്ണിന്റെ ചോറ്റുപാത്രം തുറന്നു
ചമ്മന്തി കട്ടത്,
മന്തുള്ള മീന്‍കാരന്‍ ബീരാനിക്കയെ
മറവിലുരുന്നു മന്തുകാലാ എന്ന് വിളിച്ചത്,
കുഞ്ഞുണ്ണിയേട്ടന്റെ മൂവാണ്ടന്‍ മാവിന്
കല്ലെറിഞ്ഞു കണ്ണാടി ചില്ല് പൊട്ടിച്ചത്,
കൈവെള്ളയില്‍ തല്ലിയ കണക്കു സാറിനെ
ദുഷ്ടന്‍ എന്ന് പ്രാകിയത്,
പ്രണയത്തിന്റെ വരികള്‍ പരതി
പരിഭവം പറഞ്ഞ അമ്മയോട്
അറിയില്ലെന്ന് കളവു പറഞ്ഞത്,
വഴിവക്കില്‍ ഇരുന്നു കഥപറയും നേരം
വഴിചോദിച്ച പാവം വൃദ്ധന്
വഴിതെറ്റിച്ചു പറഞ്ഞു കൊടുത്തത്,
വിളിക്കാത്ത കല്യാണത്തിന്
വിരുന്നു പോയത്,
ബിരുദ ക്ലാസില്
ഭൂമിയുടെ ഉല്‍പ്പത്തിയെ കുറിച്ച്
ഗോപാലകൃഷ്ണന്‍സാറ് വാചാലനായപ്പോള്‍
ബോധമില്ലാതെ ഉറങ്ങിയത്.........................


തെറ്റുകളുടെ നീണ്ട പരമ്പര...
തിരക്കിട്ട കൂട്ടികിഴിക്കലുകള്‍...
ഒടുവില്‍

വിധി പറഞ്ഞു...
ശിക്ഷയായി സ്വര്‍ഗത്തിലേക്ക് തള്ളുക..
നരകത്തിലെ സുഖ സൌകര്യങ്ങള്‍ നുകരാന്‍
നന്മകള്‍ ചെയ്തില്ലെന്ന്......

No comments: