Saturday, April 28, 2012

നക്ഷത്രകണ്ണീര്

 
 
 
 
ഒരു നക്ഷത്രം 
കരഞ്ഞു കരഞ്ഞു 
മാനം നനച്ചു

Wednesday, April 25, 2012

മരണം*****

മരണം*****

ഇന്നലെ
മനസിന്റെ തകരപെട്ടിയില്‍
ചിതലരിക്കാത്ത പ്രതീക്ഷമേല്‍ 
ഇന്ന് ചിതല് കൂടു കൂട്ടിയിരിക്കുന്നു..

സ്വപ്നങ്ങളുടെ
കുമ്മായചാന്തു കുത്തിയൊലിച്ച
ജീവിത പെരുമഴ
ചുണ്ടില്‍ വൃഥാ ചാലിച്ച
ചിരി നക്കിയെടുത്ത്
ചീറി കടന്നു പോയ കര്‍ക്കിടകം

അന്തരാളങ്ങളില്‍ 
കറുത്ത ഭ്രമരങ്ങളുടെ
അടക്കം വെച്ച  മൂളലുകള്‍
സ്മൃതിമണ്ഡപത്തിന് ചാരെ
ഭൂതകാലത്തിന്റെ അസ്ഥിത്തറയില്‍
ആരോ കെടുത്തിയ 
നന്മയുടെ ഓട്ടുവിളക്ക് 
ഉള്ളിലൊരു രോദനം

ഇതെന്റെ മരണമാണ്
വിശ്വനാഭിയില്‍
പടുവിത്തു പോലെ പിറന്ന 
സ്വത്വം നഷ്ടപെട്ടവന്റെ
വിലാപം

 

Monday, April 23, 2012

ആത്മാഹൂതി***



ചെങ്കല്ല് കെട്ടിയുയര്‍ത്തിയ
കൂറ്റന്‍ ചെങ്കോട്ടയില്
ചെഞ്ചോര തുപ്പുന്ന
കനലുകള്‍ തീര്‍ത്ത
മരണത്തിന്റെ പടുകുഴിയില്‍
ചക്കക്കുരു
ചാവേറായി
വെന്തുമരിച്ചു …..

Saturday, April 21, 2012

നൂല്‍പ്പാലം****

നൂല്‍പ്പാലം****

നമുക്കിടയില്‍ ഒരു പാലമുണ്ട്,
പ്രണയത്തിന്റെ നൂല്‍പ്പാലം
നിഗൂഡതയുടെ ചിലന്തി
ക്ഷമയോടെ വല നെയ്യുന്ന
കറുത്ത നൂല്‍പ്പാലം
സ്വാര്‍ത്ഥതയുടെ ചിതലുകള്‍
കൂട്ടം കൂടി കാത്തിരിക്കുന്ന
നേര്‍ത്ത
വിശുദ്ധിയുടെ നൂല്‍പ്പാലം
ഓരോ ചുവടിലും
മുഖത്തോടു മുഖം നോക്കി
കിനാക്കള്‍
മറഞ്ഞിരുന്നു കൊഞ്ഞനം കുത്തുന്ന
വ്യര്‍ത്ഥമാം നൂല്‍പ്പാലം
താഴെ
പ്രാരാബ്ദങ്ങളുടെ
മഹാഗര്‍ത്തം..
ഇവിടെ നാമെങ്ങനെ പ്രണയിക്കും...
നമുക്ക്
ഇനി പിന്തിരിഞ്ഞു നടക്കാം
ഈ മരണത്തിന്റെ
നൂല്‍പ്പാലത്തില്‍ നിന്ന്....

വിശുദ്ധ പ്രണയം ******

വിശുദ്ധ പ്രണയം ******


അപ്പൂപ്പന്‍ താടിക്ക്  മുരിക്കിലയോട്
ആദ്യമായി  പ്രണയം തോന്നിയത്
മഴ പെയുന്ന നേരത്ത്
മണ്ണാങ്കട്ടയെ കെട്ടിപിടിച്ചു
ചൂട് പകര്‍ന്നപ്പോഴാണ്,
പറന്നു വന്നു ചാരെ  സ്നേഹം തീര്‍ത്ത
ഒരു പോറ്റമ്മയുടെ വാത്സല്യം
പിന്നെയും പല വേള
പറന്നു പറന്നു
വാത്സല്യം പകര്‍ന്നു നല്‍കിയ
മുരിക്കിലയെ
മറഞ്ഞിരുന്നു
പ്രണയിച്ച അപ്പൂപ്പന്‍ താടി
കാലം കടന്നു പോയി
ഒരു തെറിച്ച കാറ്റ്
ദിശമാറ്റി 
അടര്‍ത്തി നീക്കിയ
രണ്ടു നനുത്ത മനസുകള്‍..
കരകവിഞ്ഞൊഴുകുന്ന
പുഴയുടെ തീരത്ത്‌
മുരിക്കില
മരണം കാത്തു കിടക്കുന്ന
നേരത്താണ്  
അപ്പൂപ്പന്‍ താടി
പ്രണയം പറയുന്നത്
ഇനി വരും  ജന്മം കണ്ടുമുട്ടാമെന്ന്
ഉറപ്പു നല്‍കിയ
മുരിക്കിലക്ക്
പുഴയുടെ മാറില്‍ നിന്ന്
രണ്ടു തുള്ളി  കണ്ണുനീര് 
മുരിക്കിലയുടെ ചുണ്ടില്‍ ഇറ്റിച്ച്
വിറയാര്‍ന്ന ചുണ്ട് കൊണ്ട്
അപ്പൂപ്പന്‍  താടി  ചുംബിക്കുമ്പോള്‍
കരഞ്ഞു കണ്ണടച്ച്
സൂര്യന്‍ പടിഞ്ഞാറസ്തമിച്ചിരുന്നു..