Friday, June 29, 2012

വട്ടന്‍ ഹൈക്കു ചിന്തകള്‍*****************

വട്ടന്‍ ഹൈക്കു ചിന്തകള്‍*****************കടലാസ് തോണിയില്‍
കണവനെ തേടിയിറങ്ങിയ
കാന്താരിയാമൊരു
കട്ടുറുമ്പ്..

...........................................

കാലം കൊളുത്തിവെച്ച
പ്രാരാബ്ദ തീയില്‍
വരണ്ടു പോയ
ഓര്‍മകളുടെ തടാകം

……………………

ആകാശ പള്ളിക്കൂടം വിട്ടു
മഴതുള്ളി കുഞ്ഞുങ്ങള്‍
ഭൂമി മൈതാനത്തില്
ഓടി കളിച്ചു...

…………………………..

ലോകം മുഴുക്കെ
വട്ടില്ലാത്തോനെ തേടി
വട്ടു മൂത്ത വട്ടന്മാര്‍............

...................

ചിരിയുടെ ആധിക്യം
ചിന്തകളില്‍
ഭ്രാന്തിന്റെ ഉന്മാദം...

....................

വട്ടന്റെ
പൊട്ടി പൊട്ടിച്ചിരിയില്‍
പൊട്ടിച്ചിതറിയ
കപട ലോകം..

.................

വട്ടു മൂത്ത
അപ്പൂപ്പന്‍താടിക്ക്
ആകാശത്തൂടെ
വഞ്ചി തുഴയാന്‍ മോഹം.............

.......................

കല്ലിനു
കുഞ്ഞു നക്ഷത്രത്തെ
പ്രണയിക്കാന്‍ ഭ്രാന്ത്...........

Wednesday, June 27, 2012

മഴ


മഴ
പ്രതീക്ഷയാണ് ..,
പട്ടുനൂലിന്റെ  നൈര്‍മല്യമുള്ള
ഹൃദയേശ്വരിക്ക്
ആലിംഗനത്തിന്റെ  ആത്മ  കമ്പളം പുതക്കാന്‍
കാത്തിരിക്കുന്ന  പ്രിയതമനെ  കുറിച്ചുള്ള
പ്രതീക്ഷയുടെ  നീല  ജലാശയം ..

മഴ
അമ്മയാണ് ..,
ഏകാന്തതയുടെ  കൂരിരുട്ടില്‍
മാറോടു  ചേര്‍ത്ത്
ദലമര്‍മ്മരങ്ങളുടെ താളത്തില്‍
താരാട്ടു പാടുന്ന
വാത്സല്യത്തിന്റെ  അമൃത  വര്‍ഷിണി …

മഴ  പ്രേമാശ്രുവാണ്..,
മേഘമല്‍ഹാറിന്റെ  അശ്വരഥത്തില്‍
അകലെ
ഹുസ്സൈനിയെ  തേടി  പോയ
താന്‍സെന്റെ
ഹൃദയാക്ഷരങ്ങളോട് ചേര്‍ത്തു വെക്കാന്‍
തലമുറകളിലൂടെ
അവളുതിര്‍ക്കുന്ന  പ്രേമാശ്രു ..

മഴ
സുഹൃത്താണ് ..,
ആരോരുമറിയാതെ
സാന്ത്വനം  പകരാന്‍  കൊതിക്കുന്ന,
നിമിഷാര്‍ധങ്ങളില്‍
ആത്മാവിലേക്ക്  അലിഞ്ഞു  ചേരുന്ന
ആത്മഹര്‍ഷത്തിന്റെ  ശ്വേത  ബിംബം  …

മഴ
നൊമ്പരമാണ് ..,
കാലത്തിന്റെ  വീഥിയില്‍
മരണം  തീര്‍ത്ത 
വാരിക്കുഴികളില്‍  വീണ്
മനസ്സില്‍  നിന്നടരാന്‍  തുടങ്ങുന്ന
നിസഹായതയുടെ  ഓര്‍മ്മകള്‍
അദൃശ്യമായി
വേട്ടയാടുന്ന  രാവുകളില്‍
അവര്‍ണ്ണനീയമായ 
കറുത്ത  ബാഷ്പം തീര്‍ക്കുന്ന 
അസഹ്യമായ നൊമ്പരം ..

മഴ
സ്നേഹമാണ്  ..,
നന്മ  വറ്റിയ  ലോകത്ത്
മാനം  പൊഴിക്കുന്ന
സ്നേഹത്തിന്റെ 
നിസ്വാര്‍ത്ഥ  കണികകള്‍ …


മഴ
അനുഭൂതിയാണ് ..,
വര്‍ണ്ണവും ,വസന്തവും ,
വിരഹവും , വിഷാദവും  ചാലിച്ച്
പോയ  കാലത്തിന്റെ 
നേരിയ  ചാലില്‍  നിന്ന്
നാളെയുടെ  ആഴക്കടലിലേക്ക്
ഇറ്റു  വീഴുന്ന
അനശ്വരമായ  അനുഭൂതിയുടെ
നിലക്കാത്ത  ധാര …

മഴ......

Tuesday, June 26, 2012

മീസാന്‍ കല്ലുകള്‍****

മീസാന്‍ കല്ലുകള്‍****
മീസാന്‍ കല്ലുകള്‍****

മീസാന്‍ കല്ലുകള്‍
ഓര്‍മ്മപെടുത്തലുകളാണ്
മരിച്ചവരെ കുറിച്ചല്ല..,
മറിച്ച്
ജീവിച്ചിരിക്കുന്നവര്‍ക്ക്
മരണത്തെകുറിച്ചുള്ള
ഓര്‍മ്മപെടുത്തലുകള്‍
മീസാന് കല്ലുകള്‍
അടയാളങ്ങളാണ്
നന്മയെ കാലടിയില്
ചവിട്ടിയരച്ചവരെയും,
കാലത്തിന്റെ കടലില്
ചോരത്തുപ്പി
ജീവിതത്തിന്റെ കപ്പലിന്
നങ്കൂരമിടാന് ആഴം തേടുന്നവരെയും,
കറുത്ത നിറമുള്ള
മരണത്തെ ഓര്‍മിപ്പിക്കുന്ന
നിറമില്ലാത്ത അടയാടങ്ങള്‍..
മരണം
വിട്ടുവീഴ്ച്ചകളില്ലാത്ത
ധാര്ഷ്ട്യക്കാരനാണ്..
സുഖലോലുപതയില്
അഭിരമിക്കുന്നവനോടും,
വറുതിയുടെ കായലില്
പ്രതീക്ഷയുടെ വലയെറിയുന്നവനോടും,
ഒരു പോലെ സമത്വം കാട്ടുന്ന
സ്വെചാധിപതിയായ ധാര്ഷ്ട്യക്കാരന്..
ഇനി നമുക്ക്
കഥ പറയുന്ന മീസാന് കല്ലുകള്‍ക്ക്
കാതോര്‍ക്കാം..,
ആയിരം കുതിരകളുടെ കുളമ്പടി നാദം..
ലോകത്തിന്റെ നിലക്കാത്ത ഹര്‍ഷാരവം..
എല്ലാമൊടുങ്ങുന്നത്
നനഞ്ഞ മണ്ണില് വെരാണ്ട് കിടക്കുന്ന
ഈ ചരിത്രത്തിന്റെ
ശിലാഫലകങ്ങള്‍ക്കു കീഴെ...
മീസാന് കല്ലുകള്ക്ക് മരണമില്ല......

Sunday, June 24, 2012

മഴ പ്രണയം

പണ്ട്
ആകാശവും ഭൂമിയും
പ്രണയിച്ചു തുടങ്ങിയ നാള്‍...
ഒരുമിച്ചു
കഥകള്‍ പറഞ്ഞ്
ആലിംഗനം ചെയ്ത്
പ്രണയത്തിന്റെ സൌരഭ്യം
നുകര്‍ന്ന നാള്‍...
അരികെയിരുന്നിട്ടും
പ്രണയം കാണാതെ കണ്ണടച്ച ഭൂമിയെ
പലവുരു പ്രളയം കൊണ്ടാഞ്ഞടിച്ച
ചതിയനായ കടല്...
ആകാശം കെട്ടിപിടിച്ചു
സ്നേഹച്ചുംബനങ്ങള്‍ നല്‍കിയപ്പോള്‍
വേദന മറന്നു
പുതിയ
പ്രണയ ഗീതകങ്ങള്‍ തീര്‍ത്ത ഭൂമി..
കാറ്റിനെ കൂട്ടുപിടിച്ച്
ഭൂമിയുടെ മാറില്‍ നിന്നാകാശത്തെ
അടത്തിയ മാറ്റിയ
കലി തുള്ളിയ കടല് തീര്‍ത്ത
അഗാധമാം വിടവ്..
മനം നൊന്ത ഭൂമിക്കു വേണ്ടി
ആകാശമിന്നും
മേഘകണ്ണുകള്‍ തുറന്നു
ഭൂമിയുടെ മാറില്‍
മഴയായി പെയുന്നു....!!

Wednesday, June 20, 2012

പൂരക്കാഴ്ച*********

പൂരക്കാഴ്ച*********

ഒരിക്കല്‍
ചിരവയും, മുക്കണ്ണന്‍ ചിരട്ടയും കൂടി
കുടമാളൂര്‍ പൂരം കാണാന്‍ പോയി
കവലകള്‍ കണ്ടു,
വയലേലകള്‍ കുറുകെ നടന്ന്,
കല്ലുവെട്ടിയ പാതകള്‍ പിന്നിട്ട്
പുഴ നീന്തി കുടമാളൂര്‍ എത്തി
അതിശയത്തിന്റെ ആകാശത്തിന് കീഴില്‍
ആദ്യം അരയാല് കണ്ടു
പിന്നെ
കാഴ്ചകളുടെ ഘോഷയാത്രകള്‍..
കുലുങ്ങി കുലുങ്ങി,
പായാരം പറഞ്ഞ്
കടമിഴിയെറിഞ്ഞ
കരിവള പെണ്ണുങ്ങള്‍..,
കലപില കൂട്ടിയ, കുരുത്തം കെട്ട 
ഇരുത്തം വരാത്തൊരു
കുഞ്ഞുപീപ്പിയുടെ കരച്ചില്..,
കരിമഷിയോടു കെറുവിച്ചു
കണ്ണ് നിറച്ച
ചുവന്ന കവിളുള്ള സിന്ദൂരപൊട്ട്.., 
തിരക്കിനിടയിലും ധ്യാനം പൂണ്ടിരിക്കുന്ന
ഉണങ്ങിയൊടിഞ്ഞൊരു വയസന്‍ കരിമ്പ്..,
വെടി പറയുന്ന തലമൂത്ത
ജിലേബി  കൂട്ടത്തിനിടയില്‍
വായാടിയായൊരു വിളഞ്ഞ ഉണ്ണിയപ്പം..,
ആളെ മയക്കുന്ന വശ്യ സുഗന്ധം പേറി
മാദക തിടമ്പുകള്‍; മുല്ലപ്പൂ സുന്ദരികള്‍..,
ചിരിയുതിര്‍ക്കുന്ന 
പൊരിമണി കൂട്ടത്തില്‍ 
നില മറന്നു നീരാടുന്ന
നരയുടെ തുള വീണ നെയ്യപ്പം..,
തളര്‍ന്നു 
മയങ്ങിയുണര്‍ന്നപ്പോഴെക്കും
അമ്പലമുറ്റത്ത്  
കാഴ്ചകളുടെ പഞ്ചാരി മേളം
കലാശം കൊട്ടിയിരുന്നു...

Tuesday, June 19, 2012

താണ്ഡവം

മഴ താണ്ഡവത്തിനു
വെമ്പുന്നു
മാനത്തെ
കാര്‍മേഘ കരിങ്കാളി..!!

Friday, June 15, 2012

മനോഹരമീ ഭൂമി********

മനോഹരമീ ഭൂമി********

കൊത്തുപണിയുള്ള ചെപ്പ് തുറന്നപ്പോള്‍
മുറ്റം ചുവന്നു തുടുത്തു .,
മഞ്ചാടിപെണ്ണൊരു കുന്നിമണിക്കൊപ്പം
കണ്ണാരം പൊത്തിക്കളിച്ചു
അക്കര കാവില് വേല കാണാന്‍ പോയ
അപൂപ്പന്‍ താടി ചിരിച്ചു
കൊച്ചുങ്ങള്‍ കാട്ടുന്ന വിക്ക്രസ്സു കണ്ടിട്ടു
പോയ ബാല്യത്തെ നിനച്ചു
പാറി പറന്നൊരു വാലില്ലാ തുമ്പിയോ-
പായാരം ചൊല്ലുവാന്‍ പാഞ്ഞു
കൈതപ്പൂ ചുണ്ടത്തു മുത്തുന്ന
വണ്ടിനോടോരോ കഥകളായ് ചൊന്നു
കഥകേട്ടു മാനത്തു നാണിച്ചു നിന്നൊരു
മഴവില്ലു കണ്ണൊന്നടച്ചു പിന്നെ-
മധുചോരും ശലഭത്തിന്‍
മൊഴിയൊന്നു കേള്‍ക്കുവാന്‍
അനുവാദം കാത്തങ്ങു നിന്നു
മഴ പെയ്ത പാടത്ത് ചിരിമേളം തീര്‍ക്കുന്ന
തവളകള്‍ ചാടി കളിച്ചു
പശിയടങ്ങാതൊരു ചിവിടിതുര്‍ത്തീടുന്ന
നിലവിളി കേള്‍ക്കാന്‍ മറന്നു
കണ്ണു തുറന്നപ്പോള്‍ കാഴ്ചകള്‍ കണ്ടപ്പോള്‍
ഉറഞ്ഞു നിറഞ്ഞു തുളുമ്പി..,
ചുറ്റിലും വിടരുന്ന സുന്ദര ദൃശ്യങ്ങള്‍
എത്ര മനോഹരം ഭൂമി...

Wednesday, June 13, 2012

കാഴ്ച**********

കാഴ്ച**********

നക്ഷത്രങ്ങളില്ലാത്ത
ആകാശമാണ്‌
ഞാന്‍ സ്വപ്നം കാണുന്നത്..,
ഒറ്റുകാരന്റെ
കപട മിഴികളുമായി
നിലാവ് കാവലില്ലാത്ത ഒരു രാത്രി..
മഞ്ഞു മൂടിയ മലകള്‍ക്ക് മേലെ
തണുത്തു മരവിച്ച കൈകള്‍ നീട്ടി
പുഴയെ മാടി വിളിക്കുന്ന
ഒരൊറ്റ മരം..
അകലെയേതോ താഴ്വരയില്‍
കളഞ്ഞു പോയ വസന്തത്തെ കുറിച്ച്
വിലാപങ്ങളുടെ ശ്രുതി മീട്ടി
പാടുന്ന വിരഹിയായ കുയില്‍....
ഇരുട്ട് വെളിച്ചം വീശുന്നത്
കാണാകാഴ്ച്ചകളിലേക്ക്
മാത്രമല്ല..,
സുഖ ദുഖങ്ങളുടെ
സമാന്തര രേഖകള്‍ക്കിടയില്‍
വിലപേശി തളര്‍ന്നുറങ്ങുന്ന
ലോകത്തിനു നേരെ കൂടിയാണ്..
നക്ഷത്രങ്ങളെ
കണ്ണു കുത്തി പൊട്ടിച്ച്
ഭൂമിയിലെ
വ്യഭിചാര ശാലകളില്‍
വില്‍പ്പനക്ക് വെച്ചതാരാണ്..?
ദിന രാത്രങ്ങളില്‍
സ്വാര്‍ത്ഥതയുടെ
നൂല് ചേര്‍ത്തു വെച്ച്
ചതിയുടെ വല നെയുന്ന
സുഖഭോഗികളുടെ മണ്ണില്‍
വരണ്ട
നന്മയുടെ പാടം..
സ്വാതന്ത്ര്യമെന്നത്
ആഘോഷമാണ്
മരണമണി മുഴങ്ങുന്ന
ഭൂമിയുടെ നെറുകയില്‍
കലാപത്തിന്റെ
കരിമ്പടം മൂടാന്‍
കാത്തിരിക്കുന്ന
കാലത്തിനു കൈവന്ന
അഭേദ്യമായ അധീശത്വം....

Sunday, June 10, 2012

പാഥേയം*****

പാഥേയം*****

മനസിന്റെ പടിപ്പുര മേഞ്ഞ 
സ്വപ്നങ്ങളുടെ  പനയോലകള്‍ 
ഇളകി വീഴുന്നു
പൊളിഞ്ഞു വീണ   പടിവാതിലിന്‍ മേല്‍
നഷ്ടബോധത്തിന്റെ  ചിതലുകള്‍ തീര്‍ത്ത  
വരണ്ട ചാലുകള്‍..
ഉപബോധത്തിന്റെ ഗിരിശൃംഗങ്ങളിലെവിടെയോ
കടപുഴകി വീണ  പ്രതീക്ഷയുടെ പേരാല്..
ഭൂതകാലത്തിന്റെ
നിലം പൊത്താറായ അറയില്‍ നിന്നു
ചിറകു വെച്ച് പറന്നുയരുന്ന  
കപടസ്നേഹത്തിന്റെ  കടവാവലുകള്‍......
നിസംഗതയുടെ മേദസ്സ്  വമിഞൊഴുകിയ  
ചിന്തകളുടെ  ചിരാതില്‍ 
നൊമ്പരങ്ങളുടെ കരിന്തിരി ഗന്ധം..
എവിടെയാണ് വെളിച്ചം...?
ഏകാന്തതയുടെ 
ഈ ഇരുണ്ട നാലുകെട്ടിനകത്ത്
അഗാധമാം ചുഴിയില്‍  ഒറ്റപെട്ട
നീലവാലന്‍ മത്സ്യത്തെ പോലെ ഞാന്‍......

Friday, June 8, 2012

സ്വപ്നം***

സ്വപ്നം***

യാത്രയില്‍ എന്റെ
ഇടതു ചേര്‍ന്ന്
വസന്തം വേണം
വാതിലിനരികില്‍
ഓടിവന്നു പുണരാന്‍
ഒരു പഴയ ഓലക്കുട വേണം
ആലവട്ടങ്ങളില്ലാതെ
തെന്നല് പകരാന്‍
നീ പകുത്ത
കിനാവ്‌ വേണം
ഓര്‍മകളില്‍
നീറി നീറി മരിക്കേണം
നിന്റെ ഓര്‍മകളില്‍
നീറി നീറി മരിക്കേണം

Sunday, June 3, 2012

പിന്നാമ്പുറത്തെ പ്രണയം*********

പിന്നാമ്പുറത്തെ പ്രണയം*********

വെയിലും മഴയും ഒരുമിച്ചു വന്നു
താളം പിടിച്ച
കന്നിമാസത്തിലെ ഒരു നനുത്ത പുലരിയിലാണ്
ഉരല് ഉലക്കയുടെ താലിച്ചരടിനു മുന്നില്‍
കഴുത്ത് നീട്ടിയത്
മുറത്തിനെ പ്രണയിച്ച്
ഉലക്കയെ വെള്‍ക്കേണ്ടി വന്നപ്പോഴും
ഉരല് കരഞ്ഞില്ല
വിട പറയാന്‍ നേരം
പരുപരുത്ത ചുമരില്‍ തലതല്ലി കരഞ്ഞ
മുറം..
ഗതകാല സ്മ്രുതികളിലെങ്ങോ
ഉരലിടിച്ച മധുര സ്വപ്‌നങ്ങള്‍ ചേറി
പതിരും നെല്ലും തിരിച്ച
വിശാല മനസുള്ള മുറത്തിനെ
പിന്നെയാരും പിന്നാമ്പുറങ്ങളില്‍ കണ്ടില്ല …
അരികെ
ആട്ടുക്കല്ലിന്റെ മാറില്‍
സുഖനിദ്ര തേടിയിരുന്ന ആട്ടുകുഴ
ഇതൊന്നും അറിയാതെ സഫലമായ സ്വപ്നത്തിന്റെ
അഗാധമായ ആനന്ദത്തിലായിരുന്നു …
നെഞ്ചിലുരുമ്മി കുശുമ്പു പറഞ്ഞു
ചിണുങ്ങി കരഞ്ഞ അമ്മികുഴ
കനം കൂടിയൊരു കറുത്ത കായത്തെ
കുറ്റം പറയുന്ന തിരക്കിലും..
ഉണക്കതേങ്ങയോട് ശൃംഗാരം പറഞ്ഞു
ഹൃദയം കൈമാറുന്ന
കുരുത്തംകെട്ട കുറ്റിചൂലിനോട്
അടക്കം പറയുന്ന വെട്ടുകത്തി ..
അകലെ
ഓട്ടുരുളി ഉപേക്ഷിച്ച് ഏകയായ
മെലിഞ്ഞ പപ്പടംകുത്തി തീര്‍ത്ത ശോകകടലില്‍
അടുക്കളപുറത്തെ പിറുപിറുക്കലുകള്‍
അലിഞ്ഞു ചേര്‍ന്നിരുന്നു ….