Sunday, April 28, 2013

മരിക്കാത്ത ഓർമ്മകളുടെ
മഴവെള്ളപാച്ചിലിൽ
നിന്നെ മറക്കുവാൻ പോലും
ഞാൻ മറന്നു പോവുന്നു.!


Saturday, April 27, 2013

ഏകാന്തതയുടെ ഒറ്റത്തേരില്‍
മൗനത്തിന്റെ
മഹാഗർത്തത്തിലേക്കു
ഞാന്‍
കുതിച്ചു പായുമ്പോഴൊക്കെയും
വാത്സല്യത്തിന്റെ  ചമ്മട്ടിയുമായി
അവനരികത്തെത്താറുണ്ട്
വിഷാദത്തിന്റെ കൂരിരുട്ടിനെ  തുളച്ച്
വിശുദ്ധ സ്നേഹത്തിന്റെ 
വെളിച്ചമെത്തിക്കുന്ന
നിശാഗന്ധികളുടെ കൂട്ടുകാരന്‍
പ്രിയനേ,
ആയിരം ഗുൽമോഹറുകള്‍ പൂത്ത 
നിന്റെയീ പുഞ്ചിരിക്കു പകരം നൽകാൻ  
എന്റെ കൈയിലൊന്നുമില്ല


Thursday, April 25, 2013

വ്യഥ

അടുത്തിരുന്നപ്പോഴൊന്നും
അടുപ്പത്തിന്റെയാഴം
ഞാനറിഞ്ഞില്ല
അകലെയായപ്പോഴാണ്
അകലത്തിന്
എത്ര അകലമുണ്ടെന്നു
ഞാനറിഞ്ഞത്.!

Saturday, April 20, 2013

മൃതി

മൃതി
********
സ്വപ്‌നങ്ങൾ  വരണ്ടുണങ്ങിയ
ഹൃദയകോപ്പ തുറന്ന്
ഇനി നിനക്കു ഞാനെന്റെ
മൗനം നൽകും.,
വിരഹത്തിന്റെ നീർത്തുള്ളികൾ
ഉൾതടങ്ങളില്‍ വ്യാപിക്കുന്ന
കടലാഴമുള്ളോരു മൗനം
അഭിനിവേശത്തിന്റെ പവിഴപുറ്റുകളില്‍
എന്റെ മൗനം
പതിയെ അടയിരിക്കും
സമാധിയിൽ ആഴ്ന്നിറങ്ങുന്നതു  വരെയും
അതു നിന്റെ മിഴികളോടു
സംസാരിച്ചുകൊണ്ടിരിക്കും
ഒടുവില്‍
നിരാശയുടെ
അവസാദങ്ങളടിഞ്ഞ
ഏതോ ചിപ്പിക്കകത്ത്‌
എന്റെ മൗനം
ഹൃദയം പൊട്ടി മരിക്കും
അപ്പോഴും
നീ
മരിച്ച പ്രണയത്തെ
മൃതസഞ്ജീവനി നൽകി ജീവിപ്പിക്കണം..
++++++++++++++++++++++++++++++++++++.


Tuesday, April 16, 2013

സ്വർഗ്ഗം


സ്വർഗ്ഗം
***********
സ്വർഗ്ഗം  എന്തൊരു വലിയ
സാമ്രാജ്യമായിരിക്കും
സ്വർഗ്ഗമെന്നാല്‍
ഹിന്ദുക്കളുടെ സ്വർഗ്ഗത്തെക്കുറിച്ചാണ്..,
മുപ്പത്തിമുക്കോടി ദേവകളും
വിഷിഷ്ടാത്മാക്കളും ചേർന്ന്  
മയൂരസിംഹാസനങ്ങള്‍ അലങ്കരിക്കുന്ന
ശ്രേഷ്ഠമായ  സ്വർഗ്ഗം

തിരക്കേറിയ വീഥികള്‍
അലങ്കരിച്ച ദീപപ്രഭകള്‍,
സൂചികുത്താന്‍ ഇടമില്ലാത്ത
ജനസഞ്ചയം
തിക്കിലും തിരക്കിലും പെട്ട് 
സ്വർഗ്ഗത്തിലുള്ള ചില ആത്മാക്കൾക്കെങ്കിലും 
ശ്വാസം മുട്ടുന്നുണ്ടായിരിക്കും

സ്വർഗ്ഗം ഒരു കോട്ടമതില്‍ കെട്ടി
തിരിച്ചിട്ടുണ്ടായിരിക്കും
ഗോപുരം കാക്കാന്‍ 
രണ്ടു ദ്വാരപാലകരും
ചുറ്റുമതിലിനു മുകളില്‍
വെണ്ടക്കാ വലിപ്പത്തില്‍
കാവിനിറം കൊണ്ട്
ഇങ്ങനെ എഴുതി വെച്ചിട്ടുണ്ടായിരിക്കും:
"അഹിന്ദുക്കൾക്ക്‌   പ്രവേശനമില്ല"

ഹിന്ദുക്കളില്‍ തന്നെ
സവർണ്ണർക്കു  മൊത്തമായി
സ്വർഗ്ഗം  ലഭിക്കുമ്പോള്‍ 
അവർണ്ണരില്‍ നിന്ന്
തിരഞ്ഞെടുക്കുന്നവർക്ക് 
മാത്രമായിരിക്കും സ്വർഗ്ഗം

ഒരു മതിലിനപ്പുറത്ത്
അന്യമതസ്ഥർക്കും , അധസ്ഥിതർക്കും ,
അവർണ്ണർക്കും , അപരിഷ്കൃതർക്കും  
മാത്രമായി നരകം സൃഷ്ടിച്ചിട്ടുണ്ടായിരിക്കും

ഭൂമിയില്‍ പുണ്യം ചെയ്തവർക്ക്  മാത്രം 
സ്വർഗ്ഗകവാടം തുറന്നിരിക്കും
അതിനായി നിങ്ങള്‍  
പട്ടിണി കിടക്കുന്നവന് നേരെ കണ്ണടച്ച്
ദൈവത്തിനു കാണിക്ക സമർപ്പിക്കുക.!
+++++++++++++++++++++++++++++++++++

Friday, April 5, 2013

വിമതൻ

വിമതൻ
*************
അവനെപ്പോഴും വിമതനായിരുന്നു
ഓർമ്മ വെച്ച നാൾ മുതൽ
എല്ലാറ്റിനെയും അവനെതിർത്തു
അഞ്ചാം ക്ലാസ്സിൽ
ഘോഷാവതി ടീച്ചർ
എഞ്ചുവടി പഠിപ്പിച്ച നേരത്ത്
സംഖ്യകളുടെ പെരുപ്പത്തെ
അവനാദ്യം ചോദ്യം ചെയ്തു
പച്ചനിക്കറിട്ടു പാലം കടന്ന്
പത്താംക്ലാസ്സു വരെ പോയപ്പോൾ
അർത്ഥശാസ്ത്രത്തെ അവൻ
പുച്ഛത്തോടെ   തള്ളി
ഭൂഗുരുത്വാകർഷണം
ഭൂലോക വിഡ്ഢിത്തമാണെന്നു
ലോകത്തോട്‌ മുഴുക്കെ  വിളിച്ചു പറഞ്ഞു
അവന്റെ തത്ത്വങ്ങളുമായി
ഒത്തുപോകാൻ കഴിയാതെ 
തോറ്റുപോയ സിലബസ്സുകൾ
ചുവന്നമഷി കൊണ്ട് വട്ടം വരച്ചപ്പോഴും
അവൻ ചിരിച്ചു
പണിയൊന്നുമില്ലാതെ പഞ്ചാരമുക്കിൽ
വെടി പറഞ്ഞിരിക്കുമ്പോഴും
പ്രണയം ആഗോള പ്രഹസനം
മാത്രമെന്നു ആവുന്നത്ര പ്രസംഗിച്ചു
ഒടുവിൽ
അവിവാഹിതന്റെ
അറുബോറൻ ജീവിതത്തിനു
കയറിന്റെ കടിഞ്ഞാണിട്ടപ്പോൾ
അതിജീനിയസ് എന്നു നാട്ടുകാർ
സഹതപിച്ചു
പിന്നെ
വിമതന്റെ ജഡം
മറവു ചെയ്യാൻ കഴിയാതെ
അവന്റെ നിയമസംഹിതകൾ
ചൊല്ലി പരസ്പ്പരം കലഹിച്ചു
+++++++++++++++++++++++++++

Wednesday, April 3, 2013

ദിവ്യമുലകൾ

ദിവ്യമുലകൾ
*******************
മുലകളെ കുറിച്ചു കേൾക്കുമ്പോൾ
നാമെന്തിനാണ്
ഇത്രയും ലജ്ജാവിവശരാകുന്നത്.
രണ്ടു മുലകള്‍ തീർത്ത കൗതുകത്തില്‍  നിന്നാണ്
ഈ ലോകം ഉണ്ടായത്
ആപ്പിളു പോലെ തുടുത്ത 
ആദിമുലകള്‍
വെളുത്തതോ കറുത്തതോ
എന്ന് നിശ്ചയമില്ല
വെളുത്തതാവാനേ തരമുള്ളൂ..,
കറുത്തമുലകളെ  ആർക്കു വേണം

മലർന്ന മാറിടത്തില്‍
ഗിരിനിരകളെ തോൽപ്പിക്കുന്ന
മുലകൾക്കു  മുകളില്‍ നിന്നാണ്
ആദ്യമായി രതിയുടെ നദി
മുള പൊട്ടിയത്‌..,
ചെമ്പിച്ച രോമങ്ങളെ വകഞ്ഞു മാറ്റി
വാത്സല്യത്തിന്റെ കാട്ടുചോല
ഒലിച്ചിറങ്ങിയതും
ഇവിടെ തന്നെ..

മുലയിടുക്കുകളിലൂടെ ഒഴുകിയ നദി
യുഗങ്ങളും  ദേശങ്ങളും കടന്നുചെന്നു
ചെങ്കുത്തായി പതിച്ചത്
കാലത്തിന്റെ അഴിമുഖത്തിലാണ്
പിന്നെയുമായിരം മുലകള്‍ തടിച്ചു പൊങ്ങി
കറുത്ത മുലകള്‍, വെളുത്ത മുലകള്‍
 
കറുത്ത മുലകളില്‍
കാഞ്ഞിരത്തിന്റെ കയ്പ്പുനീരു
 പുരട്ടിയെന്നു പറഞ്ഞ്
അയിത്തം വെച്ചതും കാലമാവാം

പിന്നെ
അസംഖ്യം മുലകള്‍
ഉദിച്ചു പൊങ്ങിയ
യുഗ പ്രഭാതങ്ങൾ
 
മുലക്കണ്ണികളില്‍ വാത്സല്യം പുരട്ടി
മാതൃത്വത്തിന്റെ
വിരുന്നൂട്ടിയ മുലകള്‍,
കാമത്തിന്റെ കരിമഷി തേച്ച്
കാണിക്ക വെച്ച മുലകള്‍

അനുരാഗത്തിന്റെ കളിവഞ്ചികള്‍
ഊയലാടുമ്പോള്‍
തേന്‍ കുമിഞ്ഞു  
ചാഞ്ഞുകിടന്ന മുലകള്‍

പകലനക്ഷത്രങ്ങള്‍ മിഴികളെ മൂടുമ്പോള്‍
മുലപ്പാല് ചുരത്തിയ  മുലകൾ,
നവബാല്യങ്ങൾക്കു  മുന്നില്‍
മുത്തശ്ശികഥകളുടെ കെട്ടഴിച്ച
ദിവ്യ മുലകള്‍
 
മുലകളില്ലാത്ത ഈ ലോകം
മുലക്കണ്ണികളറ്റു വീണ  മാറു പോലെ
വിരൂപമായി തീർന്നേനെ  .!
++++++++++++++++++++++++++

Monday, April 1, 2013

ഖബർസ്ഥാനിലെ ഞാവൽമരം

ഖബർസ്ഥാനിലെ  ഞാവൽമരം
******************************************

ജുമാമസ്ജിദ് ഖബർസ്ഥാനില്‍
ആകാശം മുട്ടെ വളർന്നൊരു
ഞാവൽമരമുണ്ട്..,
മീസാൻകല്ലുകള്‍ തലയുയർത്തി നിൽക്കുന്ന
ഖബർസ്ഥാനില്‍
കളിയാക്കി കടന്നു പോകുന്ന കാറ്റിനെ 
ഞാവൽപ്പഴങ്ങള്‍കൊണ്ട്
എറിഞ്ഞു വീഴ്ത്താന്‍ കൊതിക്കുന്ന
ഞാവൽമരം
  
മരിച്ചു മയ്യത്തായവരുടെ
ചോരയില്‍ നിന്നു
തുടുത്തു പൊങ്ങുന്നവയാണ്
ഓരോ ഞാവൽപ്പഴവുമെന്നു
ചെറുപ്പത്തിലാരോ പഠിപ്പിച്ചു തന്നിട്ടുണ്ട്..,
അത് കൊണ്ടായിരിക്കാം
ചോരച്ച
ഞാവൽപ്പ ഴങ്ങൾക്ക് 
ചോരയുടെ മണവും.!


ഖിയാമത്തിന്റെ നാള് വരെ
ഇലകള്‍ കൊഴിഞ്ഞു തീരാത്ത 
സ്വർഗ്ഗത്തിലെ
ഷജ്റത്തുല്‍ മുന്‍തഹാ പോലൊരു
മഹാവൃക്ഷമാണ് ഈ  ഞാവൽമരമെന്നു
പിന്നീടാരോ പഠിപ്പിച്ചു

വിശുദ്ധ മരത്തില്‍ നിന്ന്
ഭൂമിയിലെ
മരണമറിയിക്കാന്‍
ഇലകള്‍ കൊഴിയുന്നതു
പോലെ
ഖബർസ്ഥാ നില്‍
മയ്യത്തിനു കുഴിവെട്ടുമ്പോള്‍
ഓരോ ഞാവൽപ്പഴങ്ങളും
പൊഴിയാറുണ്ട്

ഇസ്രാഫീലിന്റെ കുഴലില്‍ നിന്ന്
ഖിയാമത്തിന്റെ കാഹളമുയരുമ്പോള്‍
ഷജ്റത്തുല്‍ മുന്‍തഹാ
ഒടുവിലത്തെ ഇലയും പൊഴിച്ച്
മരവിച്ചു നില്ക്കും

അന്ന്
ഖബർസ്ഥാനിലെ  ഞാവൽമരം
അവസാനത്തെ
ഞാവൽപ്പഴത്തെയും പൊഴിച്ച്
മയ്യത്തു പോലെ
മീസാൻ കല്ലുകൾക്കു   മീതെ പതിക്കും.., 

അതുവരേക്കും
നിലാവിന്റെ  നീലപ്രഭയിൽ 
ഖബർസ്ഥാനിലെ ഈ  കാവൽക്കാരൻ
മീസാൻ കല്ലുകളോട്   
കഥകൾ പങ്കുവെക്കും .!
+++++++++++++++++++++++++++++++++++

യാത്ര

യാത്ര
********
അകലെ നിന്നൊരു പൊട്ടു പോലെ
അടുത്തു വരുന്നതൊരു
ആൾക്കൂട്ടമാണ്
അതു വെറുമൊരു ഘോഷയാത്രയല്ല

ഇന്ന്
മരിച്ച പുഴയുടെ
മയ്യിത്തും മറവു ചെയ്തു
പോകുന്നവരാണവർ

ഇന്നലെയൊരു
കുന്നിനെ
കൂട്ടാബലാൽസംഗം ചെയ്തു
കൊന്നൊടുക്കുമ്പോൾ
കണ്ണടച്ചു കരഞ്ഞ കാറ്റിനെ
കളിയാക്കിയവർ

നാളെ
മണ്ണും, കാടും ചുട്ടെരിക്കാൻ
തീപ്പൊരി രാകി മിനുക്കി
യാത്ര തുടങ്ങിയവർ.!
L