Wednesday, June 27, 2012

മഴ


മഴ
പ്രതീക്ഷയാണ് ..,
പട്ടുനൂലിന്റെ  നൈര്‍മല്യമുള്ള
ഹൃദയേശ്വരിക്ക്
ആലിംഗനത്തിന്റെ  ആത്മ  കമ്പളം പുതക്കാന്‍
കാത്തിരിക്കുന്ന  പ്രിയതമനെ  കുറിച്ചുള്ള
പ്രതീക്ഷയുടെ  നീല  ജലാശയം ..

മഴ
അമ്മയാണ് ..,
ഏകാന്തതയുടെ  കൂരിരുട്ടില്‍
മാറോടു  ചേര്‍ത്ത്
ദലമര്‍മ്മരങ്ങളുടെ താളത്തില്‍
താരാട്ടു പാടുന്ന
വാത്സല്യത്തിന്റെ  അമൃത  വര്‍ഷിണി …

മഴ  പ്രേമാശ്രുവാണ്..,
മേഘമല്‍ഹാറിന്റെ  അശ്വരഥത്തില്‍
അകലെ
ഹുസ്സൈനിയെ  തേടി  പോയ
താന്‍സെന്റെ
ഹൃദയാക്ഷരങ്ങളോട് ചേര്‍ത്തു വെക്കാന്‍
തലമുറകളിലൂടെ
അവളുതിര്‍ക്കുന്ന  പ്രേമാശ്രു ..

മഴ
സുഹൃത്താണ് ..,
ആരോരുമറിയാതെ
സാന്ത്വനം  പകരാന്‍  കൊതിക്കുന്ന,
നിമിഷാര്‍ധങ്ങളില്‍
ആത്മാവിലേക്ക്  അലിഞ്ഞു  ചേരുന്ന
ആത്മഹര്‍ഷത്തിന്റെ  ശ്വേത  ബിംബം  …

മഴ
നൊമ്പരമാണ് ..,
കാലത്തിന്റെ  വീഥിയില്‍
മരണം  തീര്‍ത്ത 
വാരിക്കുഴികളില്‍  വീണ്
മനസ്സില്‍  നിന്നടരാന്‍  തുടങ്ങുന്ന
നിസഹായതയുടെ  ഓര്‍മ്മകള്‍
അദൃശ്യമായി
വേട്ടയാടുന്ന  രാവുകളില്‍
അവര്‍ണ്ണനീയമായ 
കറുത്ത  ബാഷ്പം തീര്‍ക്കുന്ന 
അസഹ്യമായ നൊമ്പരം ..

മഴ
സ്നേഹമാണ്  ..,
നന്മ  വറ്റിയ  ലോകത്ത്
മാനം  പൊഴിക്കുന്ന
സ്നേഹത്തിന്റെ 
നിസ്വാര്‍ത്ഥ  കണികകള്‍ …


മഴ
അനുഭൂതിയാണ് ..,
വര്‍ണ്ണവും ,വസന്തവും ,
വിരഹവും , വിഷാദവും  ചാലിച്ച്
പോയ  കാലത്തിന്റെ 
നേരിയ  ചാലില്‍  നിന്ന്
നാളെയുടെ  ആഴക്കടലിലേക്ക്
ഇറ്റു  വീഴുന്ന
അനശ്വരമായ  അനുഭൂതിയുടെ
നിലക്കാത്ത  ധാര …

മഴ......

5 comments:

■ uɐƃuɐƃ ■ said...

അസ്സലായി. ഭാവുകങ്ങള്‍ .

Anonymous said...

Puthumazhayil nananjuthirunna puthumannin gandham pole manoharam ee kavyam.........

ഹരിഷ് പള്ളപ്രം said...

സന്തോഷം... !!

kaattu kurinji said...

എത്ര വര്ന്നിചാലും മതി വരാത്ത മഴ!! മഴയോര്‍മ്മകള്‍..മഴക്കാഴ്ച്ചകള്‍...ആത്മാവിലേക്ക് പെയ്തിറങ്ങട്ടെ നനുത്ത മഴ!

ഹരിഷ് പള്ളപ്രം said...

മനസ് തുറന്ന വായനക്ക് വലിയ സന്തോഷം..