Thursday, November 10, 2011

നവലോകം

തക്കാളിക്ക് രണ്ടു രൂപ കൂടി...
രണ്ടുരുപ്പ്യല്ലേ..
അത് ഇപ്പൊ എന്താ സാരല്ല്യ....
പെട്രോളിന് വിലവര്ധിച്ചു...
അതിത്തിരി കടുപ്പായി...
നമുക്ക് ചുറ്റും നടക്കുന്ന
കാര്യങ്ങള്‍ ഒന്നും അറിയാതെ നാം....
അടുത്ത വീട്ടിലെ മരണം.,
ജനനം
ഒന്നുമറിയാത്ത നമുക്ക്
ഐശ്വര്യാ റായ് ബച്ചന്റെ
പ്രസവ വാര്‍ത്തയും മറ്റും
ഹൃദ്വിസ്ഥം..
ധോണി ഇന്നലെ ഓടിച്ച
 ബൈക്കിനെ കുറിച്ച്
വാചാലരാകുന്ന നാം...
എപ്പോഴെങ്കിലും ചുറ്റിലും നോക്കി
പ്രതികരിക്കാന്‍ മനസ് കാണിക്കുന്നുവോ...
ബഹുരാഷ്ട്ര കുത്തകകളുടെ
അറവുശാലയിലേക്ക്
നുകം നീക്കി നീങ്ങുന്ന നാള്‍
അതിവിദൂരമല്ല..
ഭീകരമാം വിധം
ജീവിതം നീങ്ങുമ്പോഴും
നിസംഗതയോടെ   നില്‍ക്കുന്ന
നമ്മള്‍
റോമാ നഗരം കത്തിയെരിയുംബോഴും
വീണ വായിച്ച
നീരോ ചക്രവര്‍ത്തിയെ തോല്‍പ്പിക്കുന്നു..


പ്രണയാര്‍ബുദം

നീ …
പ്രണയത്തിന്റെ
പളുങ്ക്  പാത്രം …,
ഒരു
മുല്ലപൂമോട്ടിന്റെ
പരിശുദ്ധി ..
എഴുതിരിയിട്ട
വസന്തത്തിന്റെ
വിളക്ക്…
ഞാന്‍ …
വ്യര്‍തമാം
നീര്‍പ്പോളയുടെ
സ്വപ്‌നങ്ങള്‍  പോലെ …
എത്ര  കരിയിച്ചു കളഞ്ഞാലും
വീണ്ടും എന്നെ  കാര്‍ന്നു  തിന്നുന്ന
നീയെന്ന  പ്രണയാര്‍ബുദം …
ഇനി ..
ഞാനൊന്നു
സഹാതപിചോട്ടെ …
എനിക്ക്  വേണ്ടി …

ഹൃദയ പുസ്തകം

അക്ഷരതെറ്റുകള്‍
മാത്രം നിറഞ്ഞ
എന്റെ ഹൃദയ പുസ്തകം ..
ഒരിക്കല്‍ ..
സ്നേഹമാം
ശുഭ്രനിറം കൊണ്ട്
വരികള്‍ എഴുതിച്ചേര്‍ത്ത്
ആരൊക്കെയോ
അതിനെ
അര്‍ത്ഥപൂര്‍ണ്ണമാക്കി…
ഇന്ന് ,
വരികള്‍ക്ക്
ശോഭ നഷ്ടപെടുന്നു ….
പതിയെ ചുവപ്പ് പരക്കുന്നു…
ചെമപ്പ് കലര്‍ന്നോരീ -
അക്ഷരകൂട്ടുകളുടെ
അര്‍ത്ഥവ്യാപ്തി ഗ്രഹിക്കാന്‍
ഏറെ പണിപ്പെട്ടും
എനിക്ക് കഴിയുന്നില്ല …
പിഴക്കുന്നു ..
ആര്‍ക്കു …?
ശുദ്ധിയുടെ ,
ശുഭ്രാക്ഷരങ്ങള്‍
എഴുതിച്ചേര്‍ത്ത
സുന്ദര തൂലികക്കോ …
അതോ
എനിക്കോ ….
ഇനിയെന്റെ ഹൃദയമാം പുസ്തകം
ചുവന്നു തന്നെയിരിക്കട്ടെ …

Wednesday, November 9, 2011

ലാപ്ടോപ്പിന് സ്നേഹപൂര്‍വ്വം

ചിലപ്പോഴൊക്കെ നീ അമ്മയാണ് …
വാത്സല്യത്തിന്റെ അമൃത് ചുരത്തുന്ന
അനന്തമായ സ്നേഹം …
മറ്റു ചിലപ്പോള്‍
പ്രിയ പ്രേയസി..,
പ്രണയത്തിന്റെ മനോഹാരിത
വാരിവിതറുന്ന പ്രിയധാമം ..
ഒരു വേള
എകാന്തമാം നിമിഷങ്ങളില്‍
ആത്മാവ് തൊട്ടറിയുന്ന
ആത്മസുഹൃതായി നിന്റെ
ആലിംഗനം ...
വിരല്‍തുമ്പില്‍
വിസ്മയലോകം തീര്‍ക്കുന്ന
വിചിത്ര കാഴ്ചയും നീ തന്നെ ..
പ്രിയമുള്ളവരുടെ
സ്നേഹമൂറുന്ന
വാക്കുകളുടെ പിന്നിലെ
അദൃശ്യ സ്പര്‍ശവും
നീയല്ലാതെ മറ്റാര് …
ലാപ്ടോപ്,
ഈ പ്രവാസികള്‍ക്ക്
നീ നല്‍കുന്ന വൈവിധ്യമാര്‍ന്ന
സ്നേഹമുഖങ്ങളെ
ഞാനെങ്ങനെ വര്‍ണ്ണിക്കെണ്ടൂ ….

*******************

Tuesday, November 8, 2011

കൈ..............

കൈ..............

ഉറക്കത്തിന്റെ മൂന്നാം പടിവാതിലില്‍
എനിക്ക് നേരെ എന്നും ഒരു കൈ നീളുന്നു....
ഉപബോധമനസിന്റെ ആഴങ്ങളില്‍ നിന്ന്
ഉയരാന്‍ പണിപെട്ട്
അബോധമാനസിന്റെ സമതലത്തിലേക്ക്
കയറിവരുന്ന,
ധമനികളും, സിരകളും,
അസ്ഥികളും
സ്പഷ്ട്ടമായി കാണാന്‍ കഴിയുന്ന
ശോഷിച്ച കൈ...
ചിലപോഴൊക്കെ
ബോധമണ്ഡലത്തിന്റെ
ഗിരിനിരകളും കടന്നു
എന്റെ സ്വര്യചിന്തകളെ
പ്രഹരമെല്‍പ്പിക്കുന്ന കൈ...
എവിടെ നിന്നാണ്
ഇതിന്റെ ഉറവിടം... ?
കറുത്ത ഭൂഖണ്ടത്തിലൂടെ,
വന്‍കരകള്‍ താണ്ടി,
മഹാസമുദ്രങ്ങള്‍ വകഞ്ഞുമാറ്റി
എന്റെ ഹൃദയത്തിലേക്ക്
തുളച്ചിറങ്ങിയ കൈ...,
ഒന്നല്ല ,
സഹസ്രാബ്ദങ്ങളായി
പ്രതിഫലിച്ച പ്രതിബിംബങ്ങള്‍...
ദാരിദ്യത്തിന്റെ, വറുതിയുടെ,
അരക്ഷിതാവസ്തക്ക് നേരെ
ഉയര്‍ത്തിയ ചൂണ്ടുവിരല്‍
അറുത്തുമാറ്റപെട്ട കൈകള്‍.....
ഇരവുകളില്‍ നിദ്രാവിഹീനനാക്കുന്ന,
വീണ്ടും വീണ്ടും ഇരട്ടിച്ചുകൊണ്ടിരിക്കുന്ന
ഈ ഭീകരമായ ദയനീയ ഹസ്തങ്ങള്‍
എന്നാണു എന്നെ വിട്ടു പോകുന്നത്.....
ഉയരുന്ന കരങ്ങളില്‍ അന്നം എത്തുന്ന
അസാദ്യവും, അനന്തവുമായ
ആ നാള്‍ വരെയോ...
അത് വരെയും
ഈ കൈകള്‍ എന്നെ വേട്ടയാടട്ടെ...

Sunday, November 6, 2011

പാപകനി

പാപകനി

ആദിപിതാവ് ആദമിന്റെ
വാരിയെല്ല് കൊണ്ട്
ദൈവം
ആദി മാതാവ് ഹവ്വയെ സൃഷ്ടിച്ചു...
പാപത്തിന്റെ കനി കണ്ടു കൊതിച്ചു
ഹവ്വ..
ഹവ്വയുടെ ചിരിയില്‍ മനം മറന്ന
ആദം
പാപത്തിന്റെ കനി ഹവ്വക്കു വേണ്ടി
അറുത്തു...
ദൈവം കോപിച്ചു...
പിന്നെ ശപിച്ചു
ഇരുവരെയും...
തലമുറകളിലേക്ക്
നിലക്കാതെ പ്രവഹിക്കുന്ന
കൊടും ശാപം...
ആദമിന്റെ പുരുഷസന്തതികളില്‍
ചിലര്‍ക്ക്
വെളുത്ത കണ്ണില്‍ കറുത്ത വെളിച്ചം
മാത്രം വീഴട്ടെയെന്ന്...
കണ്ണില്‍ കാമം മാത്രം ഉദിച്ച
ദുഷിച്ച മക്കള്‍...
ആദി പിതാവിനെ
പ്രലോഭിപ്പിച്ചതിനു
ഹവ്വയുടെ പിന്മുറക്കാര്‍ക്ക്
കൊടുംശിക്ഷ..
തലമുറകളോളം
പീഡനപര്‍വങ്ങളുടെ ഘോഷയാത്ര...
ഇന്നും
തലമുറകളിലേക്ക്
പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന
അനന്തമായ ശാപത്തിന്റെ കോപാഗ്നി...
പാപകനി വീണ്ടും
മാനവ ഹൃദയങ്ങളില്‍
പൂവിട്ടുകൊണ്ടെയിരിക്കുന്നു...
വിടാതെ പിന്തുടരുന്ന
ശാപത്തിന്റെ കരിനിഴലും...

Saturday, November 5, 2011

പച്ചയാം പരിവേദനങ്ങള്‍

 പച്ചക്കറി കടയില്‍ നിന്ന്
മടങ്ങുംബോഴേ
പിറുപിറുക്കലുകള്‍
കേട്ടു തുടങ്ങി ..
കേള്‍ക്കാത്ത പോലെ ഞാന്‍ പതിയെ
കാതോര്‍ത്തു...
തക്കാളിയാണ്‌ തുടങ്ങിയത്...
ഇന്നലെ ഒരു കറുത്ത തടിയന്‍
അവളുടെ മാംസളമായ
മേനിയഴക് കണ്ടു കൊതിച്ചത്രേ...
ഒടുവില്‍ മരണം കാത്തു കിടന്ന
ഒരു വയസന്‍ തക്കാളിയുടെ
മറവില്‍ ഒളിച്ചാണ്
രക്ഷപെട്ടതെന്ന്..
മത്തങ്ങക്ക് മുണ്ടിവീക്കം വന്നത് കൊണ്ട്
ഒന്നും മിണ്ടാതെ
തലയാട്ടുക മാത്രം ചെയ്തു..
മൂപ്പെടാത്ത
ഒരു കുഞ്ഞു വെണ്ടക്കാ
പറഞ്ഞത് മുഴുവന്‍
പരിഭവങ്ങളായിരുന്നു..
വെയില് കൊണ്ട് ദാഹിച്ചപ്പോള്‍
വെള്ളം പോലും നല്‍കാത്ത
തോട്ടക്കാരന്‍ മുതല്‍
ലോറിക്കാരന്‍ പാണ്ടി വരെ
നീണ്ട പരിഭവങ്ങളുടെ നിര ...
ആരും അവള്‍ക്കു പച്ചമുളകിന്റെ
പരിഗണന പോലും നല്‍കിയില്ലെന്ന്...
സഞ്ചിയുടെ മുക്കില്‍ ഇഞ്ചിയോട്
ചേര്‍ന്നിരുന്ന സവാളക്ക്
മണ്ണിനോട് വിട പറഞ്ഞ നൊമ്പരം
മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്..
ഇഞ്ചി അപ്പോഴും ഒന്നും കേള്‍ക്കാതെ
ചേമ്പിന്റെ കുഞ്ചിരോമങ്ങള്‍
വലിച്ചു ഒന്നുമറിയാത്തവനെ പോലെ ഇരുന്നു..
ഉരുളകിഴങ്ങ് ഉരിയാടാതെ
എന്തോ ഗഹനമായ ചിന്തയിലായിരുന്നു...
തൊട്ടടുത്ത്‌ നിന്നൊരു
പൊട്ടിത്തെറിച്ച കൊച്ചു കടുക്
വയസനായ വഴുതനങ്ങയെ എന്തൊക്കെയോ
ചീത്ത പറഞ്ഞു...
എല്ലാവരും ഒരുമിച്ചു ഒച്ചയിട്ടു..
ഈ കൂട്ടത്തില്‍ നിനക്കെന്തു കാര്യം..
കടുക് ചൂളിപോയി...
ഒടുവില്‍
ഒരു കാരറ്റ് പറഞ്ഞത്
ഇപ്രകാരം....
കഴിഞ്ഞ ജന്മത്തിലെ പാപഫലമാണ്
ഇന്ന് നാം
ബലികഴിപ്പിക്കപെടാന്‍ കാരണം...
പിന്നെ
വെറും നിശബ്ധത മാത്രം...

Thursday, November 3, 2011

മാനിഷാദ

മാനിഷാദ


ത്രേതായുഗത്തിലെ കഥ
രാമായണത്തിലൂടെ വാല്മീകി പറഞ്ഞു ….
രാമനെ  കുറിച്ച്  മാത്രം
വായിച്ചു , പഠിച്ചു , ചിന്തിച്ചു  നാം ……
രാമന്  മുമ്പ്  വാല്മീകി  പറഞ്ഞതെന്ത് …
മരക്കൊമ്പില്‍
പ്രണയത്തിന്റെ ,
രതിയുടെ  ഉത്തുംഗതയില്‍ വിരാജിച്ച
ക്രൌഞ്ച മിഥുനങ്ങളില്‍l ഒന്നിനെ
അമ്പേയ്ത  നിഷാദനോട്
മാനിഷാദ എന്ന്  മൊഴിഞ്ഞപ്പോള്‍
വിരിഞ്ഞു  വീണത്‌  വിശുദ്ധ  ഗ്രന്ഥത്തിന്റെ
വിശാലമായ  അര്‍ത്ഥ ഗാംഭീര്യം ..
പൊഴിഞ്ഞു  വീണതോ
മൈഥുനം  കൊതിച്ച  യൌവനങ്ങളുടെ
ഹൃദയങ്ങള്‍ …
ഇണയുടെ  നിണം  വീണ  ചിറകില്‍
ഇറ്റുവീണത്‌
ഇനിയും  പറയാന്‍  പകുത്തു  വെച്ച
പ്രണയത്തിന്റെ  അനശ്വരധാര...…
ഉഴവുചാലില്‍ പിറന്നവളുടെ
ത്യാഗത്തിന്റെ കഥയെ
അറിയാതെ വിസ്മരിച്ച
വാല്മീകി
പറയാതെ പോയ ഈ പ്രണയത്തിന്റെ
തീനാളം കാലം ഏറ്റുവാങ്ങി...
കെടാത്ത ചിരാതിന്റെ
വെട്ടം...
ഇണക്കിളികള്‍ വീണ്ടും പിറന്നു കൊണ്ടേയിരുന്നു..,
കാലത്തിന്റെ കനല്‍കൊമ്പുകളില്‍..
എരിഞ്ഞും എരിയിച്ചും തീര്‍ക്കാന്‍ വിധിക്കപ്പെട്ട്..
ഇനീയുമെത്ര മിഥുനങ്ങള്‍..,
കരിഞ്ഞുപോയ കിനാക്കള്‍ പോലെ
ചരിത്രത്തിന്റെ  കണക്കുപുസ്തകത്തില്‍...

Wednesday, November 2, 2011

ഹൃദയം

ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ
നിന്നെകുറിച്ചുള്ള
ഓര്‍മകളില്‍ ഒന്നിന്
വല്ലാത്ത മൂര്ച്ചയായിരുന്നു..
ഇന്നലെ കണ്ട ദുസ്വപ്നതെക്കാളും മൂര്‍ച്ച...
നീ വെച്ചുനീട്ടിയ
നിന്റെ സാമീപ്യം പോലും
എന്റെ ഹൃദയത്തിനു നല്‍കിയത്
വേദനകള്‍ നിറച്ച
മുറിവ് മാത്രമായിരുന്നല്ലോ. ..
നീ ഉപ്പു പുരട്ടി നോവിച്ച
എന്റെ ഹൃദയം..
എനിക്കെന്റെ ഹൃദയം തിരികെ വേണം...
നിന്റെ ഓര്‍മ്മകള്‍
കടന്നു ചെല്ലാന്‍ കഴിയാത്ത
കവചം തീര്‍ത്ത ഹൃദയം..
അല്ലെങ്കിലും
ഓര്‍മകളില്ലാത്ത ഹൃദയം
സ്വപ്നം കാണുന്ന ഞാന്‍
മൂഡലോകത്തിന്റെ കാവല്‍ക്കാരനല്ലേ...

Tuesday, November 1, 2011

സ്വാദ്


ഇന്നലെ
ഉറിയിലെ മണ്‍ചട്ടിയില്
മിച്ചം വന്ന ചാറും,
രണ്ടു തള്ളകയില് ചോറും,
ഉപ്പും, കാ‍ന്താരി മുളകും,
ഉള്ളിയും കൈകൊണ്ടു
ഞെരടി ചേര്‍ത്ത്
വിശ്വത്തോളം അനുപമമായ
വാത്സല്യത്തിന്റെ ഉരുളയായി
അമ്മ തന്നിരുന്ന
അന്നത്തിന്
ഇല്ലായ്മയുടെ, കണ്ണുനീരിന്റെ
സ്വാദുണ്ടായിരുന്നു..,
സുഗന്ധവും..
ഇന്ന്
ഞാന്‍ കഴിച്ച
ബാര്‍ബീക്യൂവിനും, ഷവര്‍മ്മക്കും
എത്ര സുഗന്ധം പൂശിയാലും
കിട്ടാത്ത സ്വാദ്....