Friday, August 31, 2012

നവയുഗ കാഴ്ച

ഒരു ജാതി, ഒരു മതം, ഒരു ദൈവം
എന്ന് ചൊല്ലിയ
ഗുരുദേവനെ ചില്ലുകൂട്ടിലടച്ചു
ആധുനിക ഗുരുദേവന്മാര്‍
മതവും, ജാതിയും,
ദൈവത്തിന്റെ ആത്മാവും കീറി
സ്പര്‍ദ്ധയുടെ കുന്തിരിക്കം 
പുകക്കുകയാണ്....!!

Thursday, August 30, 2012


സസ്നേഹം അന്‍വര്‍ക്കക്ക്
************************************
മലയാളത്തിന്റെ സാംസ്കാരിക
ഭൂമികയില്‍ നിന്ന്
സ്നേഹത്തിന്റെ
അനുപമമായ കൂട്ടായ്മക്ക്
തിരി കൊളുത്തിയ നന്മ ഹൃദയം

തളിയിലുദിച്ച പുതിയ നക്ഷത്രം
പ്രവാസത്തിന്റെ ഇരുണ്ട മാനത്ത്
വെളിച്ചം നഷ്ടപെട്ടവര്‍ക്ക്
കാരുണ്യത്തിന്റെ ചൂട്ടുമേന്തി
വഴികാട്ടിയായി നടന്നു

കാതങ്ങള്‍ താണ്ടി
അമ്പത്തൊന്നക്ഷര മലരുകള്‍ തന്‍
മഹത്വത്തെ
ഇമറാത്തി പെണ്ണിന്റെ നെഞ്ചില്‍
അഭയം തേടിയ പ്രവാസികള്‍ക്ക്
പകര്‍ന്നു കൊടുത്തു

തിരികെയൊന്നും പ്രതീക്ഷിക്കാതെ
കനിവിന്റെ അക്ഷയപാത്രം തുറന്നു
നിരാലംബരുടെ കൈകളില്‍ കോരി നിറച്ച
ചുവന്ന ആകാശത്തിന്റെ കാവല്‍ക്കാരന്‍

പിറന്ന മണ്ണിലെ
നാട്ടു പാതകളെ, നടവരമ്പുകളെ,
പ്രണയത്തിന്റെ പത്മതീര്‍ത്ഥ തുള്ളികളെ
ഹൃദയ കുംഭത്തില്‍
ഒളി മങ്ങാതെ സൂക്ഷിക്കുന്ന
വിപ്ലവത്തിന്റെ ഉപാസകന്‍


ഓര്‍മ്മകള്‍ ജീവിതത്തിനു
സുഗന്ധമാണ് നല്‍കുന്നത്
മനുഷ്യന്‍ പടവെട്ടി മരിക്കുന്ന മണ്ണില്‍
മാനവികത ജീവിച്ചിരിപ്പുണ്ടെന്ന്
അങ്ങയെ പോലുള്ളവര്‍
ഞങ്ങളെ ഓര്‍മിപ്പിക്കുന്നു

സഖാവേ,
അകലെയെങ്കിലും
അരികത്തു ചേര്‍ന്നു നിന്ന്
ഞങ്ങള്‍ ചാര്‍ത്തുന്നു ;
അഭിവാദ്യങ്ങള്‍...!!!

Friday, August 24, 2012

നാലാം എസ്റ്റേറ്റ്‌ **********************

നാലാം  എസ്റ്റേറ്റ്‌
**********************
ഇന്നലെ 
പലചരക്ക് കടയില്
പിണ്ണാക്ക് പൊതിഞ്ഞ
മരവിച്ച പത്രത്തിന്റെ
നാല് കോളം വാര്‍ത്തയില്‍
ആഗോള പ്രതിസന്ധി
ഞെരുങ്ങുന്നുണ്ടായിരുന്നു

പൂര പറമ്പിലെ
ചോര നിറമുള്ള
മിഠായി വില്പനക്കാരന്റെ
ചതുര പലകക്കടിയില്‍
ഒരു കെട്ടു പത്രത്തിനകത്ത് 
ഹരിത വിപ്ലവം
സുഖനിദ്ര പൂണ്ടു

ബിവറേജ് ക്യൂവില്‍
നിന്നു വാങ്ങിയ 
ബെക്കാഡി കുപ്പിയെ
കെട്ടിപിടിച്ചിരിക്കുന്ന 
കടലാസിലെ 
സോമാലിയന്‍  പട്ടിണി കോലങ്ങള്‍
ഇപ്പോള്‍  മരിച്ചിരിക്കാം

ഇന്ന്
കുടിയിറക്കപ്പെട്ടവന്റെ 
പൂര്‍വികരുടെ നെഞ്ചത്ത്
ഗോള്‍ഫ് പന്തുരുട്ടി കളിക്കുന്ന
അഭിനവ മുതലാളിക്ക്
അടിവസ്ത്രമുണക്കാന്‍
വിശറിയായ് വീശുന്ന
നാലാം  എസ്റ്റേറ്റ്‌
 

നാളെ
പണച്ചാക്കുകള്‍
നനച്ചിട്ട
വലിയ വാരിക്കുഴികളില്‍ വീണ്
നാലാം  എസ്റ്റേറ്റ്‌
ഇടിഞ്ഞു പൊളിഞ്ഞു
നിലം പരിശായി  വീഴും.....!!!!

Thursday, August 16, 2012

പ്രണയത്തിന്റെ ജ്യാമിതീയം


നമുക്കിടയിലെ പ്രണയം
പലപ്പോഴും
സങ്കീര്‍ണ്ണമായൊരു
അങ്കഗണിതമായിരുന്നു..,
സ്വപ്ന സംയോഗങ്ങള്‍
സങ്കലനം നടത്തി
ഉത്തരം മുട്ടിപ്പോയ പ്രണയം..
വിട്ടുവീഴ്ച്ചകളുടെ അനുപാതം
കപടനീരിന്റെ ഒറ്റതുലാസില്‍
ആടിയുലഞ്ഞ പ്രണയം..
പരിഭവങ്ങള്‍
ചേര്‍ത്തു വെച്ചു നീ
എന്റെ നിത്യ സ്നേഹത്തെ
വ്യവകലനം ചെയ്തപ്പോള്‍
സങ്കല്‍പ്പങ്ങളും അനുമാനങ്ങളും
വട്ടപൂജ്യം പോലെ
ചോര്‍ന്നൊലിച്ച പ്രണയം..
അനുരഞ്ജനങ്ങളുടെ
ഉസാഘയും, ലസാഗുവും 
ആയിരം തവണ
കൈകോര്‍ത്തു വെച്ചിട്ടും
മാനനിര്‍ണ്ണയത്തിനു
വകയില്ലാതെ
അകല്‍ച്ചയുടെ അനന്തഗണം
ബാക്കിയായ പ്രണയം..
ഒന്നു മാത്രമറിയാം;
ഇന്ന് നീയെനിക്ക്
അളക്കാനാവാത്ത
ആരമുള്ളോരു  വൃത്തമാണ്..!!!

Wednesday, August 8, 2012

ഇറോം നിനക്ക് വേണ്ടിഇറോം,
ഇംഫാലില്‍ വെടിയൊച്ചകള്‍
നിലച്ചിട്ടില്ല..,
ഇരുള് വീഴും  നേരത്ത്
ഇടവഴികളിലിഴയുന്ന
രതിയുടെ മൂര്‍ഖന്മാര്‍
ഫണം താഴ്ത്തിയിട്ടില്ല..,
നൊമ്പരങ്ങളുടെ പരലുപ്പ് ചാലിച്ച്
സങ്കട കടല്‍ തീര്‍ത്ത
ആയിരം അമ്മമാരുടെ
തേങ്ങലുകള്‍, ഗദ്ഗദങ്ങള്‍
ഒടുങ്ങിയിട്ടുമില്ല..

നനഞ്ഞ മാറില്‍ വീഴുന്ന
അധിനിവേശത്തിന്റെ  നഖക്ഷതങ്ങളില്‍
വിലാപം  അടിയറ വെക്കപ്പെട്ട ,
മുലക്കച്ച പോലും  സ്വന്തമല്ലാത്ത
അനേകം മനോരമ ദേവിമാര്‍
ഖുന്‍ഗാ   നദിയില്‍
കനവു പാത്രം
പളുങ്കു പോലെ വീണുടഞ്ഞ
എത്രയോ ബാല്യങ്ങള്‍

അധികാര നൗകയില്‍
ശീല്‍ക്കാരമുയര്‍ത്തി
ഭരണ പുംഗവന്മാര്‍
അദൃശ്യമായ തടവറയില്‍ തളച്ച്
നിന്റെ  ആത്മബോധത്തിന്
വിലയിട്ടപ്പോഴാണ്
ഉരുക്ക് വനിതയായി നീ
ഉയിര്‍ത്തെഴുന്നേറ്റത്

ഋതുഭേദങ്ങളില്ലാതെ
അശാന്തിയുടെ ഗ്രീഷ്മാതപത്തില്‍
വെന്തുരുകുന്ന നിന്റെ ജനതയ്ക്ക്
സ്വാതന്ത്ര്യത്തിന്റെ വസന്തം
അകലെയല്ലെന്നു
നിന്റെ മിഴികളിലെ  തിളക്കം
ഞങ്ങളെ പഠിപ്പിക്കുന്നുണ്ട്

ഒരു നാള്‍
പുതുലോകമുണരും...,
നിന്റെ തളരാത്ത
ആത്മവീര്യത്തിനു മുന്നില്‍
ഈ നിശബ്ദ ലോകം തലകുനിക്കും  
'ഇന്ത്യയുടെ രത്നം'
തുടലുകളൂരി
തലയുയര്‍ത്തി നില്‍ക്കും..

അന്ന്
നിന്റെ ഹൃദയ കുസുമത്തില്‍
അധിനിവേശത്തിന്റെ
തോക്കിന്കുഴലുകള്‍ തളച്ചിട്ട
സ്വാതന്ത്ര്യത്തിന്റെ സുഗന്ധം
വസന്തമായ്‌ പടര്‍ന്നൊഴുകും
അതുവരെ
ഞങ്ങളീ നെറികെട്ട ജന്മങ്ങള്‍
നിസംഗമായ മൗനം  തുടരും

Thursday, August 2, 2012

ഓര്‍മ്മയിലൊരു പുള്ളോത്തിഓര്‍മ്മചെപ്പിലോരായിരം മഞ്ചാടി
തുള്ളി കളിച്ചു നടപ്പുണ്ട്,
മഞ്ചാടി കൂട്ടത്തില്‍ മിന്നുന്ന പുഞ്ചിരി
പൊന്നു പോലുള്ളോരെന്‍ മുത്തശ്ശി
 
നക്ഷത്രം മിന്നുന്ന ആകാശ കീഴില്‍  
മുത്തശ്ശി ചൊന്ന കഥകള്‍ മൊത്തം  
പുള്ളോര്‍വീണയും പുള്ളോര്‍കുടവും
പുള്ളോത്തി പാടുന്ന പാട്ടുകളും
മുത്തശ്ശിക്കൊപ്പം എത്ര പറഞ്ഞാലും
തീരാത്തോരോര്‍മ്മയായ്‌ പുള്ളോത്തി
പുള്ളോര്‍കുടം മീട്ടി നാവേറ് പാടും  
പൊള്ളു പറയാത്ത പുള്ളോത്തി

മുത്തശ്ശിക്കച്ചാരം പണ്ടേ കിട്ടിയ
തെക്കെതൊടിയുടെ മൂലയ്ക്ക്
കിട്ടാകടം കേറി തെക്കെമാവില്
കെട്ടിമരിച്ചൊരു മുത്തശ്ശന്‍
നാഗത്തറയില്‍ വിളക്കു കൊളുത്താതെ
നാഗത്തന്മാര്‍ക്ക്  പാലു കൊടുക്കാതെ
ദോഷങ്ങളേറീട്ടു തെക്കേമാവില്
കെട്ടി മരിച്ചൊരു മുത്തശന്‍

എത്രയോ വര്‍ഷങ്ങള്‍  ചിത്തം  നശിച്ച പോല്‍
മുത്തശ്ശി  പോയി വിളിച്ചത്രേ
എത്രയടക്കീട്ടും പിന്നെയുമെത്തുന്നു
മുത്തശ്ശന്റാത്മാവുണരുന്നു
അച്ഛനിടക്കെന്നോ  അന്യദേശത്തേക്ക് 
ഉദ്യോഗം നേടി  പോയപ്പോള്‍
ഒറ്റക്കായീ അമ്മയും , മുത്തശ്ശീം
എത്രയോ രാത്രി കരഞ്ഞത്രേ 

ഉണ്ണി പിറന്നപ്പോളീ മുഖം കണ്ടപ്പോള്‍
എല്ലാം തെളിഞ്ഞെന്നു മുത്തശ്ശി
പിന്നെയുമേറെ ദുരിതകടലുകള്‍
അച്ഛന്‍ നീന്തി കടന്നത്രേ
പുള്ളോത്തി  പാടിയാല്‍ എല്ലാം ശമിക്കും
എന്ന് പറഞ്ഞു മുത്തശ്ശി 
പുള്ളോര്‍കുടം മീട്ടി നാവേറ്  പാടിക്കാന്‍ 
പുള്ളോര്‍  കുടിലില്‍ പോയച്ഛന്‍


പുഞ്ചവയല്‍ താണ്ടി പുള്ളോര്‍കുടമേന്തി 
മെല്ലെ വരുന്നുണ്ട് പുള്ളോത്തി
 പുള്ളോര്‍കുടം മീട്ടി നാവേറ്  പാടും
പൊള്ളു പറയാത്ത പുള്ളോത്തി
പുള്ളോര്‍കുടത്തിലുയിരു നിവേദിച്ചു
നാഗത്തറയില്‍ വിളക്ക് കൊളുത്തി-
യകമ്പടിയായിട്ടാത്മാവ് നല്‍കി 
കളംപാട്ടു പാടുന്നു പുള്ളോത്തി 

നാഗരാജാവിനെ   നാവില്‍ വിളിച്ചു
നൂറും പാലും നേദിച്ചു  നല്കി്
പിള്ളയെ തീണ്ടിയ ദോഷങ്ങളൊക്കെയും
നാവേറ് പാടുന്നു പുള്ളോത്തി
കുഞ്ഞാകുമ്പോഴേയെന്റെയുള്ളില്‍
പുള്ളോത്തി  ഭീതി വരച്ചിരുന്നു...,
പുള്ളോത്തി  പാടുന്ന പാട്ടില്‍ നിറയെ
ആയിരം നാഗങ്ങള്‍ വന്നിരുന്നു...

അമ്മേടെ മടിയിലിരിക്കുമ്പോഴും
ഉള്ളില്‍ നിറയുന്ന നാഗങ്ങള്‍
എല്ലാം കനിയുവാന്‍  അമ്മ കൈകൂപ്പുന്നു
നീളെ പാടുന്നു പുള്ളോത്തി
പാടി കഴിയുമ്പോള്‍ ദേവിയെ ധ്യാനിച്ച്‌ 
 കണ്ണുകള്‍  പൂട്ടുന്ന  പുള്ളോത്തി
നാഗത്തറയില്‍ വിളക്ക് കൊളുത്തുവാന്‍ 
 നാഗമായ് കല്‍പ്പിച്ചു  പുള്ളോത്തി

ദോഷങ്ങളൊക്കെയും മാറുവാന്‍ ദേഹത്തു
മെല്ലെ തലോടുന്നു  പുള്ളോത്തി 
ഭസ്മം വരയ്ക്കുന്നു നെറ്റിയില്‍ മുത്തുന്നു 
നാഗമാതാവായി പുള്ളോത്തി


പുള്ളോര്‍വീണ തന്‍ കമ്പിയുലഞ്ഞു
പുള്ളോര്‍കുടത്തിന്റെ ചരട് മുറിഞ്ഞു
അല്ലലുയിരില്‍ നിറഞ്ഞുവെന്നാലും
നന്മ വെടിയാത്ത  പുള്ളോത്തി
 
പുള്ളോത്തി  ഉള്ളിലോരോര്‍മ്മയാണ്
പുണ്യം പകര്‍ന്നൊരു  രൂപമാണ്
നെല്ലും പതിരും കുഴഞ്ഞ പുതുമണ്ണില്‍
നന്മയുയരുന്ന പാടമാണ്
തിന്മ വളരുന്ന ജീവിത പാതയില്‍ 
നന്മ ചൊരിയുന്ന   പാഠമാണ്.Wednesday, August 1, 2012

നിഷാന

 
നിഷാന,
നിനക്കു വേണ്ടി ഞാനൊന്നും പകുത്തു വെച്ചില്ല
നമുക്ക് തമ്മില്‍ പരസ്പരം
നിഗൂഡതയായിരുന്നു..
ഒരിക്കലും എത്തിപിടിക്കാന്‍ കഴിയാത്ത,
അവ്യക്തമായ സ്വപ്നങ്ങളിലെ
പുകമഞ്ഞു പോലൊരു നിഗൂഡത..
കടവന്ത്രയിലെ
ഇടിഞ്ഞു വീഴാറായ പുസ്തകശാലയില്‍
അനുരാഗ നിറം വാരിത്തേച്ച
ചുവന്ന പുസ്തകങ്ങളിലെ ആയിരം വരികളില്‍
പലപ്പോഴും കണ്ണുകള്‍
ഒരുമിച്ചുടക്കിയിട്ടുണ്ട്..
ശിലകളും, ധാതുക്കളും,
പുരാതന ജീവികള്‍ ഉയിരുടച്ച്
സുഷുപ്തിയിലഭയം തേടിയ
കുമ്മായകവചങ്ങളും
ഗതകാല സ്മൃതികള്‍ അയവിറക്കുന്ന
മുറിയുടെ മൂലയ്ക്ക് വെച്ചാണ്‌
ഞാനെന്റെ ആദ്യചുംബനം നിനക്ക് തന്നത്
അനുവാദമില്ലാതെ ആര്‍ത്തലച്ചു പെയ്ത
വികാര പെരുമഴയോട്
അരുതേയെന്നു വിലപിച്ച
തളിരിലയെ പോലെ
അന്ന്
നിന്റെ കവിളിണയില്‍
പരിഭവത്തിന്റെ ചെങ്കടല്
തിരയടിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്..
പിന്നെ
നക്ഷത്രങ്ങള്‍ രതിയുടെ ഗീതകം പാടിയ
നിലാവുള്ള എത്രയോ രാത്രികളില്‍
നിന്റെ പ്രണയാര്‍ദ്രമായ മൊഴിക്കുടം
തുളുമ്പുന്നതു കണ്ട്
അവ നാണിച്ചു തല താഴ്ത്തിയിട്ടുണ്ട്..
നിഷാന,
ഇന്ന് ഞാന്‍
ഈന്തപനകളുടെ നാട്ടിലാണ്..
തിരക്കുകളൊഴിഞ്ഞു മനസെന്ന മരണവീട്
ശൂന്യമാകുമ്പോള്‍
ചിന്തകളിലിപ്പോഴും നീ ഓടിയെത്താറുണ്ട്..,
ഒഴിഞ്ഞ മദ്യകുപ്പിയിലെ
ഒടുവിലത്തെ തുള്ളി പോലെ
ഓര്‍മ്മചെപ്പിലിപ്പോഴും നീ..
നിഷാന.