Sunday, October 30, 2011

കാണിക്ക

ഒരു വെറ്റില
രണ്ടു പഴുത്തടക്ക..
ഇതെന്റെ കാണിക്ക... 
നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ
നിത്യസാനിധ്യത്തിന്..


തേനും  വയമ്പും  ചാലിച്ച്
ഹൃദയത്തില്‍  ഇറ്റിച്ച
സ്നേഹത്തിന്റെ   സിന്ദൂരപൊട്ടിന്.,
അമ്മക്ക് ...


അറിവിന്റെ  കനകധാര
കൈകുമ്പിളില്‍  കോരിയെടുത്ത്
നിര്‍ലോഭം നിറച്ചു തന്ന
മാനസപിതാവിന്..,
ഗുരുവിന്...


വരണ്ട  ചിന്തകള്‍ക്ക്
ചോര  പകര്‍ന്ന്
ജീവിത  രണഭൂവില്‍
കരളുറപ്പ്  നല്‍കിയ
മാതുലന്...



പൊട്ടിയൊലിച്ച  വേദനകളുടെ
പഴുപ്പും  നീരും
ഒപ്പിനീക്കിയ
പ്രിയ സുഹൃത്തിനു..,
എന്റെ റഹിക്ക്... 



പാതിരാവില്‍  വിളിച്ചുണര്‍ത്തി
പരിഭവത്തിന്റെ  രസച്ചരട്
തീര്‍ക്കുന്ന
പാതിഹൃദയത്തിന്..



Saturday, October 29, 2011

കുബൂസ്, നിനക്ക് വേണ്ടി


പ്രിയതെ,
എന്നാണു നീ പിറവി കൊണ്ടത്‌..,
പ്രവാസിയുടെ ഹൃദയത്തിലേക്ക്
തേരോട്ടം തുടങ്ങിയത്..?
കിനാവില്‍ നിന്റെ വട്ടമുഖം
ഉദിച്ചുയര്‍ന്ന എത്രയോ രാവുകള്‍...
പ്രവാസത്തിന്റെ ഇരുണ്ട ആരണ്യകം ഭേദിക്കാന്‍
ഊഷരമായ സഹസ്രാബ്ദ ജീവിതങ്ങള്‍ക്ക്
യുഗങ്ങളിലൂടെ നീ വീശിയത്
ആശ്വാസത്തിന്റെ ഇളംകാറ്റ്..
മൌനം ഗദ്ഗദമായി മാറി
കണ്ണീരു പൊടിയുമ്പോള്‍
ഇറ്റിറ്റു വീഴുന്ന തുള്ളികളെ ഏറ്റു വാങ്ങിയവള്‍..
നിന്നോളം ഈയുള്ളവരുടെ
ഉള്ളം കണ്ടവര്‍ ആര്...?
ഒരിക്കലെങ്കിലും നിന്നെ പ്രണയിക്കാത്ത
പ്രവാസിയുണ്ടോ...
പ്രവാസിയുടെ പ്രതികൂല വീഥിയിലെ
പ്രതീക്ഷയുടെ പ്രകാശഗോപുരമേ...
കോടി കോടി ജന്മങ്ങളായി
തലമുറകള്‍ക്ക് വേണ്ടി നീ
വീണ്ടും പുനര്‍ജനിക്കുമ്പോള്‍
ഇവിടെ ,
നീ തന്നെ തീര്‍ക്കുന്ന
ഈ പ്രണയത്തിന്റെ പറുദീസയില്‍
ഞങ്ങള്‍ ധന്യര്‍...
കുബൂസ്,
എനിക്ക് നിന്നെ പ്രണയിക്കാതെ വയ്യ...

Thursday, October 27, 2011

തിരയും മണല്‍തരിയും

കരയുടെ മാറില്‍ കിടന്ന
ഒരു മണല്‍തരിക്കു
കടല്‍തിരയോട് പ്രേമം....
പ്രണയം നിഷേധിച്ചതിനു അവളെ
പ്രതികാരാഗ്നി കൊണ്ട് പൊള്ളിച്ച സൂര്യന്‍....
ഒരുനുള്ളു പോലും എരിയാതെ
കുളിരുന്ന സ്പര്‍ശമേകിയ
പ്രിയനാം കാമുകന്‍ തിര...
ഉരുകുന്ന വെയിലില്‍ കര കനിവിന്നായി
സൂര്യനോട് കേണു..
തിരയെടുക്കാതെ മണല്‍തരിയെ
കരയിലൊളിപ്പിച്ചാല്‍ കനിവ് നല്‍കാമെന്നു
സൂര്യന്‍...
പിന്നെ
ഗതിയില്ലാതെ
കര മണല്‍തരിയെ എവിടെയോ ഒളിപ്പിച്ചു...
നിശബ്ധയാക്കപെട്ട പ്രണയിനിയെ
തേടിയത്രെ
തിരയിന്നും ഇരംബിയാര്‍ക്കുന്നത്....

Wednesday, October 26, 2011

സൈബര്‍ പ്രണയം



ഇന്റര്‍നെറ്റ്‌ യുഗം വിരിയിച്ച
ഏതോ ഒരു വസന്തകാലത്തിന്റെ
പടിവാതില്‍ക്കലില്‍ വെച്ചാണ് നാം
മുഖപുസ്തകതിലൂടെ അടുത്തറിഞ്ഞത് (?)..
പ്രണയത്തിന്റെ ശീലുകള്‍
നാം ഒഴുക്കിയത്
സ്ക്രാപുകളാകുന്ന ചാലിലൂടെയായിരുന്നു ...
കാണാതെ കണ്ട നിന്റെ മിഴികളെ കുറിച്ച്
ഞാന്‍ വര്‍ണ്ണിച്ചത്
ഡോക്യുമെന്റ്സ് നിറച്ച വരികള്‍ കൊണ്ടായിരുന്നു.....
മുഖപുസ്തകം തുറക്കുന്ന വേളയില്‍
അവയിലബ്ള്‍ എന്ന് നീ പച്ച വെളിച്ചം തൂകി
എന്നെ മുട്ടിവിളിക്കുമ്പോള്‍
മനസ് ആനന്ദം കൊണ്ട്
അലയടിക്കുമായിരുന്നു ..
പലപ്പോഴും
പ്രണയത്തിന്റെ സന്തതസഹചാരിയായ
പരിഭവത്തിന്റെ മൂടുപടം അണിഞ്ഞു നീ
ലോഗ് ഔട്ടിലൂടെ എന്നെ നൊമ്പരപെടുത്തി ...
ഹൃദയമാം ഇന്‍ബോക്സില്‍
നിന്റെ ചേലൂറും സന്ദേശങ്ങള്‍
നിറയുന്ന വേളയില്‍ ഓഫ്‌ലൈനിനെ കുറിച്ച്
ഞാന്‍ ഒരിക്കലും ഓര്‍ത്തിരുന്നില്ല ....
ഇന്ന് ...
നീ ഓഫ്‌ലൈനിലാണ് ..
എന്റെ സ്വപ്നങ്ങള്‍ക്കും അപ്പുറത്ത് ...
ഇവിടെ ...
ഞാന്‍ കാത്തിരിക്കുന്നു ,
എന്റെയീ പച്ചവെളിച്ചവും കത്തിച്ച് ....

Sunday, October 23, 2011

പാലാഴിമഥനം

പണ്ട്  പണ്ട്
പണ്ടെന്നു  പറഞ്ഞാല്‍  ഒരുപാട്  പണ്ട്
ദേവകളും  അസുരഗണങ്ങളും കൂടി
പാലാഴി  കടയാന്‍
ഒരു  ഉടമ്പടി  കരാര്‍  ഒപ്പ്  വെച്ചത്രേ...
ദേവകളുടെ ജരാനരകള്‍ മാറ്റുവാന്‍
സമഭാവനയുടെ , സമത്വത്തിന്റെ ,
പരസ്പര  വിശ്വാസത്തിന്റെ  ഉടമ്പടി..
വാസുകിയെ  കയറാക്കി,
മന്ദര പര്‍വതം കടക്കോലാക്കി...
 മഹാസുദര്‍ശനം, മഹാലക്ഷ്മി അടക്കം
വിശിഷ്ടങ്ങളായ പലതും    പൊങ്ങി  വന്നു ..
ഒടുവില്‍  അമൃതും ...
അമൃത് ...
മൃത്യുവിനെ  പോലും  കീഴടക്കാന്‍  കഴിയുന്ന
അമൂല്യ  ദിവ്യൌഷധം ..
ഉടമ്പടിയുടെ  അടിസ്ഥാന  തത്വങ്ങളെ
പാടെ മറന്നു ദേവകള്‍
അസുരഗണങ്ങളെ ഇളിഭ്യരാക്കി
അമൃത്  കവര്‍ന്നു  പാനം ചെയ്തു ..
കറുത്ത അസുര ഗണത്തിന്റെ
മനസ് വെളുത്തതായിരുന്നു..
കാലം കടന്നു പോയി...
തലമുറകളിലേക്ക്  അവര്‍  ഈ  കഥകള്‍  പകര്‍ന്നു ..
ദേവകള്‍  വിജയത്തിന്റെയും ,
അസുരര്‍  ചതിയുടെയും  കഥകള്‍ ...
ചരിത്രം  വീണ്ടും  ആവര്‍ത്തിച്ചു ...
ഇവിടെ  ഈ  വര്‍ത്തമാന കാലത്തും
അസുരരും  ദേവകളും ..
വര്‍ത്തമാന കാലത്തിന്റെ അമൃത്
അന്നമായിരുന്നു..
നെഞ്ചോട്ടിയ, ശോഷിച്ച കൈകാലുകളുള്ള,
പട്ടിണി കോലം നഷ്ട്ടപെടുത്തിയ
കറുത്തു മെലിഞ്ഞ രൂപങ്ങള്‍...
നിരലാംബരായ അവരെ   അസുരര്‍  എന്ന്  മുദ്ര  കുത്തി
ദേവകള്‍    അധികാരം  കൈയിലേന്തി ....
ഒരു  ചോദ്യം  പിന്നെയും  ബാക്കി ..
സത്യത്തില്‍  ആരാണ്  അസുരര്‍ ...

Wednesday, October 19, 2011

വിചാരണ





ഉറക്കത്തിന്റെ നൂല്‍പ്പാലത്തിലൂടെ
സഞ്ചരിച്ച ഒരു രാത്രിയില്‍
ആരോ തട്ടി വിളിച്ചുണര്‍ത്തി...
യമദേവന്‍...
കണ്ണുകള്‍ ഇറുക്കി അടക്കാന്‍ കല്‍പ്പന..
ഭൂമിയിലെ സ്വപ്നങ്ങള്‍ക്ക് കടിഞ്ഞാണിട്ട് യാത്ര...
കണ്ണ് തുറന്നപ്പോള്‍ പരലോകത്താണ്..
യമദേവന്റെ കൊട്ടാരത്തില്‍..
ശ്മശാന മൂകമായ ഇടനാഴി കടന്ന്
ആനയിക്കപ്പെട്ടത്‌
ചിത്രഗുപ്തന്റെ
വിധിന്യായ സദസിലേക്ക്..
കണക്കു പുസ്തകം തുറന്നു വിചാരണ തുടങ്ങി..
ചെയ്ത തെറ്റുകള്‍..
പിറന്നു വീണ സമയത്ത്
അമ്മയെ വലതുകാല്‍ കൊണ്ട് ചവിട്ടിയത്,
നാലാം തരത്തില്‍ ഒപ്പമിരുന്ന പൂച്ചകണ്ണുള്ള
പെണ്ണിന്റെ ചോറ്റുപാത്രം തുറന്നു
ചമ്മന്തി കട്ടത്,
മന്തുള്ള മീന്‍കാരന്‍ ബീരാനിക്കയെ
മറവിലുരുന്നു മന്തുകാലാ എന്ന് വിളിച്ചത്,
കുഞ്ഞുണ്ണിയേട്ടന്റെ മൂവാണ്ടന്‍ മാവിന്
കല്ലെറിഞ്ഞു കണ്ണാടി ചില്ല് പൊട്ടിച്ചത്,
കൈവെള്ളയില്‍ തല്ലിയ കണക്കു സാറിനെ
ദുഷ്ടന്‍ എന്ന് പ്രാകിയത്,
പ്രണയത്തിന്റെ വരികള്‍ പരതി
പരിഭവം പറഞ്ഞ അമ്മയോട്
അറിയില്ലെന്ന് കളവു പറഞ്ഞത്,
വഴിവക്കില്‍ ഇരുന്നു കഥപറയും നേരം
വഴിചോദിച്ച പാവം വൃദ്ധന്
വഴിതെറ്റിച്ചു പറഞ്ഞു കൊടുത്തത്,
വിളിക്കാത്ത കല്യാണത്തിന്
വിരുന്നു പോയത്,
ബിരുദ ക്ലാസില്
ഭൂമിയുടെ ഉല്‍പ്പത്തിയെ കുറിച്ച്
ഗോപാലകൃഷ്ണന്‍സാറ് വാചാലനായപ്പോള്‍
ബോധമില്ലാതെ ഉറങ്ങിയത്.........................


തെറ്റുകളുടെ നീണ്ട പരമ്പര...
തിരക്കിട്ട കൂട്ടികിഴിക്കലുകള്‍...
ഒടുവില്‍

വിധി പറഞ്ഞു...
ശിക്ഷയായി സ്വര്‍ഗത്തിലേക്ക് തള്ളുക..
നരകത്തിലെ സുഖ സൌകര്യങ്ങള്‍ നുകരാന്‍
നന്മകള്‍ ചെയ്തില്ലെന്ന്......

Monday, October 17, 2011

മാടുജീവിതങ്ങള്‍

പത്രതാളുകളില്‍ ഒന്നില്‍ ഒരു നിത്യകാഴ്ച..
കണ്ടമാത്രയില്‍
ആതാമാവില്‍ ഇറ്റുവീണതു
ജീവന്റെ രക്തത്തുള്ളികള്‍...
മാടുകള്‍...
മെതിച്ച കറ്റ കയറ്റുംപോലെ
വണ്ടി നിറയെ കുത്തിനിറച്ച്
കുറെ ജീവനുകള്‍....
ആയുസ്സ് മുഴുക്കെ നമുക്ക് വേണ്ടി
പേറുകയും, പെരുക്കുകയും
ഒടുവില്‍ അറവുകാരന്റെ കത്തിക്ക്
സ്വയം ബലി കൊടുക്കുകയും ചെയപ്പെടുന്ന
മാടുജീവിതങ്ങള്‍...
നിസഹായതയുടെ കണ്‍കളില്‍ നിറയുന്നത്
നിഷ്കളങ്കതയുടെ കണ്ണുനീര്...
മരണം മാടിവിളിക്കുമ്പോഴും
മര്‍ദനം ഭയന്ന് ഒന്നുറക്കെ കരയാന്‍ പോലും
വിധിയില്ലാത്ത ജന്മങ്ങള്‍...
ശരി തന്നെ....
ഭക്ഷണം
ഭക്ഷ്യശ്രിംഗലയുടെ നിയതമായ
സത്യം മാത്രം....
എന്നിരുന്നാല്‍ പോലും
നീതിയുക്തമാവേണ്ടാതില്ലെന്നോ....
കണ്ണിലിപ്പോഴും തെളിയുന്നു
ദൈന്യതയാര്‍ന്ന ആ മുഖങ്ങള്‍....
ഭൂമിയുടെ അധീശത്വം
ഏറ്റെടുത്തു കണ്ണടച്ച് കുതിക്കുന്ന,
മാനുഷികമായതെല്ലാം
നഷ്ടപെട്ടുകൊണ്ടിരിക്കുന്ന മര്‍ത്യര്‍....
തിരക്കാണെന്ന് പറയാന്‍ പോലും
തിരക്കിലായ നാം....
ആര് കേള്‍ക്കാന്‍, ആര് കാണാന്‍
ഈ മാടുജീവിതങ്ങളെ.....

Saturday, October 15, 2011

ശവപെട്ടിക്കു പറയാനുള്ളത്...

ശവപെട്ടിക്കു പറയാനുള്ളത്...

മരണത്തിന്റെ ബലിഷ്ട കരങ്ങള്‍
മനുഷ്യന്റെ കഴുത്തില്‍
പിടിമുറുക്കുന്ന നാള്‍
ഞാനെന്റെ ഉറക്ക ചടവില്‍ നിന്ന്
എഴുനേറ്റു വരും....
മരിച്ച മനസിനോട് കഥകള്‍ പറഞ്ഞു
മണ്ണായി തീരാന്‍ കൂടെ ഞാനും....
കഥകള്‍ പറഞ്ഞു പറഞ്ഞു
ഇരുട്ടിന്റെ നിറമില്ലാത്ത വെളിച്ചത്തില്‍
ഞാന്‍ നിന്നെ  ഉറക്കത്തിലേക്കു നയിക്കും..
പിന്നെ
ശവംതീനി പുഴുക്കള്‍ക്ക് വേണ്ടി
എന്റെ വിരിമാറിലൂടെ
ഞാന്‍ വീണ്ടും നിനക്കായൊരു
ശവമഞ്ചം ഒരുക്കും...
മൃതിയുടെ തേരില്‍
മണ്ണില്‍ നിന്നും മണ്ണിലേക്കുള്ള യാത്രയില്‍
നിനക്ക്  ഞാന്‍ ഒപ്പീസ് പാടും...
പരസ്‌പരം ആലിംഗനം ചെയ്തു
ഒടുവില്‍ നീയും  ഞാനും മാത്രം
പുതിയ ലോകത്തിലേക്ക്‌ ചേക്കേറും.......

ഫെയ്ക്കും ഫെയ്സ്ബുക്കും






ലൈക്കും പോസ്റ്റും കമന്റും
ചാക്ക് കണക്കിന് ചൊരിയുന്ന
ഫെയ്സ്ബുക്ക്
ഫെയ്ക്ക് എന്നാ വാക്ക്
നോക്കുമ്പോള്‍ ഏറെ കാണുന്ന
ഫെയ്സ്ബുക്ക്
ഫെയ്ക്ക് അല്ലെന്നു തോനുന്ന
മുഖങ്ങള്‍ ഒക്കെയും ഫെയ്ക്ക്
ഫെയ്ക്ക് എന്ന് തോനുന്ന
മറ്റു മുഖങ്ങള്‍ റിയല്‍ ഫെയ്സ്...
ഫെയ്ക്ക് അല്ലാത്ത ഫെയ്സുകളില്‍
ഫെയ്ക്കിന്റെ ലുക്ക്‌...
ലൈക്ക് മാത്രം നല്‍കുമ്പോള്‍
തിരികെ നല്‍കുന്ന
ഫെയ്ക്കിന്റെ ഷെയ്ക്ക്
ചിലത് ഫെയ്ക്കെന്നു അറിയുമ്പോള്‍
മനസിനൊരു ഷോക്ക്...
ഫെയ്ക്കായ ലോകത്ത്
ഫെയ്ക്കല്ലാതൊരു
ഫെയ്സുണ്ടായതെന്റെ
ഫെയില്
എന്ന് ഫെയ്സ്ബുക്ക് വാക്ക് ......

Friday, October 14, 2011

പിറവി

മനസിന്റെ ബലിക്കല്ലില്‍
സ്വയം ബലിയിട്ടു-
പുനര്‍ജനിയുടെ തീര്‍ത്ഥത്തില്‍
മുങ്ങി നിവര്‍ന്നു
രണ്ടു ചുവടു വെക്കാന്‍ നേരം
പൂര്‍വ ജന്മം വിളിച്ചു പറഞ്ഞു:
ഇനിയുമെന്നെ പോലെ നിരര്‍ത്ഥകമെങ്കില്‍
ഒരു പിറവി കൂടി
നീ ഈ മണ്ണില്‍ വരേണമോ..
ശരിയാണ്...
മനസാക്ഷിക്ക് പോലും നന്മകള്‍ ചെയ്തു
നല്‍കാന്‍ കഴിയാതിരുന്ന എന്നെ
ഇനി ഞാനെന്തിനു വഞ്ചിക്കണം..
ദര്‍ഭപുല്ലെടുത്തു ബലിചോറുരുട്ടി
അടുത്ത ജന്മത്തിന്
ബലിയിട്ടു ഞാന്‍ എഴുന്നേറ്റപ്പോള്‍
പൂര്‍വജന്മം ചിരിക്കുന്നത് കണ്ടു..
അര്‍ത്ഥഗര്‍ഭമായ ചിരി....

Tuesday, October 11, 2011

ഭൗമ ചിത്രം

സര്‍വ ചരാചരങ്ങളും ഉള്‍കൊള്ളുന്ന
ഭൂമി..
ഒരു അത്ഭുത ചിത്രം തന്നെ...
ഏഴു നിറങ്ങള്‍ പല പല ചായക്കൂട്ടില്‍
ചാലിച്ച് കോറിയ സുന്ദര ചിത്രം...
ശുഭ്രനിറം കൊണ്ട് സമാധാനത്തിന്റെ,
മതമൈത്രിയുടെ, സാഹോദര്യത്തിന്റെ,
അഹിംസയുടെ കാഴ്ചകള്‍....
കറുപ്പ് കൊണ്ട് തീര്‍ത്തത് ദുഖസാന്ദ്രമായ
വഞ്ചനയുടെ, വിടപറയലിന്റെ, തീരാനഷ്ടങ്ങളുടെ
വേദനയുടെ കാണാകാഴ്ചകള്‍....
ശോണനിറം ചിതറിയ വരകള്‍ക്ക്
ചോരയുടെ, മരണത്തിന്റെ മുഖം...
ഹരിതാഭമായി  മാതൃത്വവും, വാത്സല്യവും
കറകളഞ്ഞ സ്നേഹത്തിന്റെ
മൂര്‍ത്ത ഭാവങ്ങളായി  വൃക്ഷ ലതാതികളും ...
നീല നിറം  വാരിയൊഴിച്ച്
ശാന്തമായി തീര്‍ത്തിരിക്കുന്ന സാഗരങ്ങള്‍...
ഊഷരമായ മണ്ണിനും മനസിനും
ചാരത്തിന്റെ നിറം...



നിറക്കൂട്ട്‌ തീരുന്നില്ല..., കാഴ്ചകളും...
അപൂര്‍ണ്ണമീ ചിത്രം...
കാലം പുതിയ പുതിയ വരകള്‍
വരച്ചു ചേര്‍ക്കുന്ന
അനന്തമായ അപൂര്‍ണ്ണ ചിത്രം....


Saturday, October 8, 2011

ഞാന്‍..





എന്റെ മാതാപിതാക്കള്‍
എന്റെ ഭാര്യ, എന്റെ കുഞ്ഞുങ്ങള്‍
എന്റെ നേട്ടങ്ങള്‍, എന്റെ ലക്ഷ്യങ്ങള്‍
എന്റെ വീക്ഷണം, എന്റെ സൃഷ്ടികള്‍
എന്നെ മറ്റുള്ളവര്‍ക്ക് പ്രിയപെട്ടതക്കാന്‍
എനിക്ക് വേണ്ടി മാത്രം ലോകത്തെ മാറ്റിമറിക്കാന്‍
എന്തും ചെയ്യാന്‍ വെമ്പുന്ന ചിന്തകള്‍
എന്റെ ഈ വരികളില്‍ പോലും അതല്ലേ
ഈ ഞാന്‍ പ്രതിനിധീകരിക്കുന്നത് നമ്മളെയല്ലേ
ഒടുവില്‍ വീണ്ടും നമ്മള്‍ എന്നത്
ഞാന്‍ എന്നാ ചിന്തയിലേക്ക്


Friday, October 7, 2011

ഓണം

ഓണം മലയാളിയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഐതീഹ്യമാണ്... ഒരു മിത്ത്... എന്ത് തന്നെയാലും അസുരനായ മഹാബലി എന്നാ ചക്രവര്‍ത്തിയെ ഒരു ജനത ഇത്രമാത്രം ഇഷ്ടപ്പെട്ടു എന്നുള്ലാതാണ് അതിന്റെ മനോഹാരിത... മഹാബലി നാട് വാണ ഒരു കാലത്തിന്റെ സമത്വ സുന്ദരതയിലേക്ക് മനസുകള്‍ വെറുതെയെങ്കിലും എത്തിനോക്കുന്ന ഒരു കാലത്തിന്റെ ഓര്മ....
പുതിയ തലമുറയ്ക്ക് ഈ മിത്തും ഇനി അന്യമാവും... തിരക്കേറിയ മലയാളിയുടെ ദിനം കവരുന്ന ഒരു വെറും ദിവസമായി മാറും... എന്നിരുന്നാല്‍ പോലും സ്വന്തം വീട്ടില്‍ എല്ലാവരുമോന്നിച്ചു ഇലയിട്ടു ഊണ് വിളമ്പുന്ന ഒരു ദിനം , അത് മഹത്തരം തന്നെ.... മലയാന്മയിലേക്ക് മടങ്ങി വരാന്‍ മടി കാണിക്കുന്ന മലയാളിക്ക് ഒരു ഓര്‍മപെടുത്തല്‍ ആവട്ടെ ഓണം....

ഇ. എം. എസ്..

ഇ. എം. എസ്..
നവകേരളത്തിന്റെ ചൈതന്യം
ലോകം മുഴുവന്‍ പരത്തിയ ത്രയാക്ഷര മന്ത്രം...
ആരായിരുന്നു ഇ. എം. എസ്...?
വിഖ്യാതമായ വിക്ക് കൊണ്ട് വിശ്വം മുഴുവന്‍ ഉയര്‍ന്ന
വിപ്ലവാചാര്യന്‍...
നവകേരളത്തിന്റെ ശില്പി....
കുന്തിപുഴയുടെ തീരത്ത് ബ്രാഹ്മണ്യത്തിന്റെ വേദ മന്ത്രം ശീലിച്ച ഏലംകുളം മനയില്‍ നിന്ന് ബ്രാഹ്മണ സമുദായത്തിലെ അനാചാരങ്ങള്‍ കണ്ടു മനം മടുത്തു മാറ്റത്തിന് നാന്ദി കുറിച്ച മനുഷ്യന്‍... ബ്രാഹ്മണ്യത്തിനു കീഴില്‍ അന്തര്‍ജനങ്ങള്‍ അനുഭവിചിരുന്ന്ന നരക യാതനകള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ആദ്യ ചുവടു വെച്ച സത്യാന്വേഷി....
അടിയാളന് ഭൂമി അവന്റെ പെണ്ണിന് മാറ് മറക്കാന്‍ അനുവാദവും നിഷിദ്ധമായ, മുലക്കരം പോലും ഏര്‍പ്പെടുത്തിയിരുന്ന, അടിയാളന് ഇത്രമാത്രം കെടുതികള്‍ അനുഭവികേണ്ടി വന്ന ഒരു കലഖട്ടത്തിന്റെ ജ്വലിക്കുന്ന പ്രതിഷേധത്തിന്റെ യൌവനം...
ബ്രാഹ്മണ്യം എന്ന വാകിന്റെ അര്‍ഥം മനുഷ്യ സ്നേഹം എന്നാണെന്നും പൂണുല്‍ മനസിന്‌ കുറുകെയാണ് ധരിക്കേണ്ടത് മറിച്ച് ശരീരത്തില്‍ അല്ല എന്ന് ലോകത്തിനു പറഞ്ഞു മനസിലാക്കി കൊടുത്ത ജ്ഞാനി...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്നാ പാര്‍ട്ടി വഴി തെറ്റി നടന്ന കാലഖട്ടത്തില്‍ സോഷിയലിസ്റ്റ് പാര്‍ട്ടി രൂപികരിച്ചു പ്രതികരണത്തിന്റെ ആദ്യ ശബ്ദം മുഴകിയ അനിഷേദ്യ നേതാവ്...
ശേഷം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ രൂപികരണം...
പിന്നെ നാം കണ്ടത്
ഇന്ത്യന്‍ കംമ്യുനിസതിന്റെ ഒളിമങ്ങാത്ത ചരിത്രം...
ലോക ചരിത്രത്തില്‍ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ ഏറിയ ആദ്യത്തെ കംമ്യുനിസ്റ്റു മന്ത്രിസഭയുടെ അമരക്കാരന്‍...
കംമ്യുനിസവും പുസ്തകങ്ങളും ഒരേപോലെ ഇഷ്ടപെട്ട ചിന്തകന്‍...
വാക്കുകളില്‍ വാത്സല്യത്തിന്റെ വസന്തം സൂക്ഷിച്ച മനുഷ്യസ്നേഹി...
പ്രതിലോമാശക്തികല്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ തീര്‍ക്കാന്‍ ഞങ്ങളെ നയിക്കുന്ന ചുവന്ന വെളിച്ചമേ....
ഞങ്ങള്‍ ഓര്‍ക്കും അങ്ങയെ..
വിപ്ലവം ഉള്ള നാള്‍ വരെ...., കമ്മ്യൂണിസം ഉള്ള നാള്‍ വരെ..,
ഭൂമിയില്‍ മര്‍ദിതന്‍ ഉള്ള നാള്‍ വരെ..., മനുഷ്യന്‍ ഉള്ള നാള്‍ വരെ...
ലാല്‍ സലാം....

വരി

വരികളോട് നാം വിട പറയുന്ന നാള്‍
മറ്റുള്ളവര്‍ക്ക് നാം വരിയായ് മാറും..

ആഴം

അടുത്താലറിയാം അടുപ്പത്തിന്റെ ആഴം
അടുത്തില്ലെലറിയാം അകലത്തിന്റെ നീളം....

ലോകം

ലോകം മുഴുക്കെ
വിവിധങ്ങളായ
നെറ്റ്‌വര്‍ക്ക് പ്രോബ്ലംസ്..
നമ്മളോ
സ്വിച്ച് ഓഫും......!!

ബാല്യം

അന്ന്......പാടവരമ്പിലൂടെ പൊട്ടിയ സ്ലേറ്റുംതുണ്ട് പെന്‍സിലുകളും മായ്പ്പുതണ്ടും...കീറിയ നിക്കറിന്റെ അറ്റവും പിടിച്ചുസ്കൂളിലേക്ക് പോയിരുന്ന കാലം..വഴിവക്കില്‍ കാണുന്ന മാവിന് കല്ലെറിഞ്ഞുംപൊട്ടകിണറ്റില്‍ നോക്കി ഒച്ചയിട്ടുംമഴപെയ്താല് ഒരുതുള്ളിവെള്ളം പോലുംഒഴിയാതെ നനഞ്ഞുംവെയില് വെള്ളം കുടിക്കാന്‍ പോയതു കണ്ടുഅത്ഭുതം കൂറി നിന്നതുംക്ലാസില്‍ എത്തിയാല്‍ ഇണങ്ങിയും പിണങ്ങിയുംകഥ പറഞ്ഞും കെട്ടും മിണ്ടിയാല്‍ ലീഡറുടെ വക പേരെഴുത്തും,പേര് എഴുതാതിരിക്കാന്‍ ലീഡര്‍ക്ക് മുട്ടായിയും ,പിന്നെ ഞെളിഞ്ഞിരുന്നു കഥ പറയലും,ചോദ്യം ചോദിക്കുന്ന ടീച്ചറുടെ മുഖത്തേക്ക്‌ദയനീയ ഭാവത്തിലുള്ള നോട്ടവുംചൂടോടെ ഉള്ള അടിവാങ്ങലും,ഉച്ചക്ക് കിട്ടുന്ന ചോറിലേക്ക് ചെറുപയര്‍ കറി
-
ഞ്ഞമുക്കി ചേര്‍ത്ത്ഭൂമിയിലെ ഏറ്റവും നല്ല ഭക്ഷണം കഴിച്ച ആ സംതൃപ്തിയും ..ഇനിയൊരിക്കലും തിരിച്ചു വരാത്ത ആ കാലം...വേദനയോടെ പറയട്ടെ, ഞങ്ങള്‍ക്ക് നഷ്ടപെട്ടതുംപുതുനവയുഗ ബാല്യത്തിനുനഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നതുമായ ആ കാലം..ഇനി വരില്ലെങ്കിലും വെറുതെ വെറുതെ ഒരു മോഹം....ഒരു വട്ടം കൂടി ആ ഓര്‍മ്മകള്‍ നെഞ്ചിലേറ്റാന്‍...വെറുതെ വെറും വെറുതെ...

അമ്മ

അറിവിന്റെ ദേവതയാണ് അമ്മ..
അറിയാത്ത അത്ഭുതങ്ങളെ
മമ ചിത്തത്തിലെക്ക്
ആവാഹിച്ചവള്‍ അമ്മ..
അരയാലിന്‍ ചുവട്ടില്‍
അന്നമൂട്ടുമ്പോള്‍
അടുത്തിരുത്തി അറിയാത്ത കഥകള്‍
ചൊല്ലിത്തന്നവള്‍ അമ്മ..
ആരുടെയോ മുന്നില്‍
മാനസ വാതായനങ്ങള്‍ തുറന്നിട്ടപ്പോള്‍
അറിയാതെ വിതുമ്പിയ എന്‍ അമ്മ..
ഒടുവില്‍..................
അരികില്‍ ...,
അരികില്‍ അമ്മ മാത്രം.....

ഉറക്ക

ഉറക്കം..
ജീവിതത്തിനും മരണത്തിനും
ഇടക്കുള്ള
ഒരു നേര്‍ത്ത നൂല്‍പ്പാലം..
ഒന്നുറപ്പ്..
... ജീവിതത്തില്‍ നിന്ന്
മരണത്തിലേക്ക്നടന്നു കയറുന്ന
ഓരോരുത്തരും
ഈ നൂല്‍പാലം കടക്കേണ്ടതുണ്ട്...

ചരിത്രം

തീപെട്ടു പോയ
എന്റെ സ്വപ്നങ്ങളിലേക്ക്
നീ നിറം പകരരുത്..
കാരണം,
മൃതശരീരങ്ങള്‍
കഥ പറഞ്ഞ ചരിത്രമില്ല...!!!

ചലനം

ഭ്രമണപഥത്തില്
ഭൂമി
ചലിച്ചുകൊണ്ടേയിരിക്കും..,
ആരും ആരെയും
ഓര്‍ത്താലും ഇല്ലെങ്കിലും....

ഓര്‍മയിലെ ഓണം

ഓര്‍മയുടെ തിരുമുറ്റത്ത്‌ ഒരോണ പൂക്കളം..
തുമ്പയും മുക്കുറ്റിയും കാക്ക പൂവും..
...
നെഞ്ചിലെങ്ങോ ഉയരുന്ന പൂവിളി:
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ..
തുമ്പിതുള്ളലും ഓലക്കുടയും ഓണവില്ലും..
തൃക്കാക്കരയപ്പന് പഴമയുടെ കൈകൊണ്ടു
പഴംനുറുക്ക്..
തൊടിയില്‍ സ്നേഹത്തിന്റെ
സ്മരണയാടുന്ന ഊഞ്ഞാല്‍..
കളിയും ചിരിയുമായി
ആണ്ടിലോരിക്കലുള്ള ഒരില ചോറ്....
പുത്തന്‍ കോടിയണിഞ്ഞ ബാല്യങ്ങള്‍
ഓര്‍മയുടെ ശ്രീകോവിലില്‍ ഓടിമറയുന്നു..
എല്ലാം മായുന്നുവോ.......
ഇവിടെ ഈ ഏകാന്തതയില്‍
വിളമ്പി വെച്ച ഓണചോറും ഞാനും..
എന്റെ നെഞ്ചിലെ പൂക്കളത്തില്‍
തുംബക്ക് പകരം ഒരിറ്റു കണ്ണുനീര്...
ഓണം.....

ഞങ്ങള്‍

വരികളില്‍ സൌന്ദര്യവും സംഗീതവും ആനന്ദവും ആഘോഷവും കണ്ടെത്തുന്നവര്‍ ഞങ്ങള്‍....
ഇറ്റുവീഴുന്ന ഈ വരികളാകുന്ന
സ്നേഹതുള്ളികളില്‍ നനഞ്ഞു കുളിക്കാന്‍
 വെമ്പുന്നവര്‍ ഞങ്ങള്‍...
ഈ പാവം പ്രവാസികള്‍ക്ക്
ഇത് തന്നെ വസന്തവും, വര്‍ണ്ണങ്ങളും.....

കണ്ണാടി

മുഖം നന്നല്ലാത്തതിനു
കണ്ണാടിയെ  കുറ്റം പറയരുത്..
കാരണം
മുഖപടം വെച്ച
മുഖങ്ങള്‍ കണ്ടു കണ്ട്
കണ്ണാടിക്കെന്നെ
മുഖം നഷ്ടപെട്ടിരിക്കുന്നു.....

കഴുമരം

കഴുമരത്തില്‍ നിന്ന്
തെമ്മാടികുഴിയിലേക്ക് നീങ്ങിയപ്പോള്‍
മാര്‍ക്കോസും ഖബ്രിയേലും
കരഞ്ഞതെന്തിന്..?
അന്നം വിലക്കപെട്ടവന്റെ
സ്വപ്നത്തെകുറിചോര്‍ത്തോ അതോ
വഴിപിഴച്ച ഭൂതകാലത്തെ കുറിചോര്‍ത്തോ...
അന്ന്....
ഒരു ജനതയുടെ വിശപ്പിന്റെ രോദനത്തിന്
മറുപടിയില്ലാത്ത ഒരു കാലത്ത്
പൊരുതുവാന്‍ കൊതിച്ച
ജ്വലിക്കുന്ന യൌവനങ്ങള്‍..,
മാര്‍ക്കോസ്‌, ഖബ്രിയേല്‍....
ഗതകാല സ്മരണകളുടെ
കടലിരമ്പം കാതോര്‍ത്തു
കാലടികള്‍ മണ്ണിലുറപ്പിച്ചു
തുടങ്ങിയ യാത്ര..
പ്രതിരോധത്തിന്റെ പുതിയ
തന്ത്രങ്ങള്‍ മെനയാന്‍
നിഗൂഡതയുടെ ഇരുണ്ട വഴിയിലൂടെ
സഞ്ചാരത്തിനോടുവില്‍
കണ്ടെത്തിയത് ലൂസിഫറിനെയോ...
വിലക്കപെട്ടവന്റെ നാവില്‍ നിന്ന്
വിമോചനത്തിന്റെ വികലമായ അറിവുകള്‍...
ഒടുവില്‍ വിശപ്പിന്റെ വിളികള്‍ക്ക്
ചോരകൊണ്ട് മറുപടി പറയാന്‍ തുടങ്ങിയ നാളുകള്‍...
പ്രതീക്ഷയുടെ പ്രകാശഗോപുരം കൊതിച്ചവര്‍ക്ക്
ദുസ്വപ്നങ്ങളായി നിങ്ങള്‍ പ്രത്യക്ഷപെട്ടു...
പിന്നെ..
അവരുടെ കണ്ണുനീരില്‍
വിശപ്പിന്റെ ആഴത്തിനൊപ്പം
വിശുദ്ധവഴിയിലെക്കായി
നിങ്ങള്‍ക്കുള്ള പ്രാര്‍ഥനകളും....
ഒടുവില്‍....
എല്ലാം തിരിച്ചറിഞ്ഞപ്പോള്‍...,
ഖബ്രിയേല്‍,
നിനക്ക് കൂട്ടായി ഈ തെമ്മാടി കുഴിയില്‍
മാര്‍ക്കോസ് മാത്രം....

നിള

നിളേ,
എന്നമ്മയാം പുണ്യമേ...
എന്നാണ് നീ ഒഴുകാന്‍ തുടങ്ങിയത്...?
വിഭിന്നങ്ങളായ കാലചക്രത്തിന്റെ
ഹൃദയമധ്യത്തിലൂടെ..
എന്നാണു നീ ആരവമുയര്ത്തിയത്..?
സംസ്കാര പെരുമയുടെ...
നിന്റെ കളകളം നിറഞ്ഞ തുടിതാളത്തില്‍
വിരിഞ്ഞതോ പൈതൃകങ്ങളുടെ
വശ്യ ശോഭ.....
കാഴ്ചകള്‍....
വര്‍ണ്ണ പൊലിമയും വിഷാദവും
പിന്നെ ആഹ്ലാദത്തിന്റെ മൂര്‍ത്ത ഭാവങ്ങളും....
വെറിപൂണ്ട മക്കള്‍ തന്‍ അധികാര യുദ്ധവും
നിന്റെ നെഞ്ചകത്ത്..
കണ്‍കളില്‍ രക്തം കോപം മാത്രം തുടിച്ച
ചാവേറുകളുടെ രക്തം വീണു-
നീ പിടഞ്ഞു കണ്ണീര്‍ വാര്ത്തതും.
തുലാവര്ഷത്തില്‍ സംഹാരരുദ്രയായതും,
പതിയെ  പതിയെ മന്ദസ്മിതം തൂകിയതും,
സന്ധ്യയാം മാനസപുത്രിക്ക്
കഥകള്‍ ചൊല്ലികൊടുത്തതും,
നിന്റെ വിരിമാറില്‍ വീണു പടരാന്‍
ചന്ദ്രന്‍ വിഫലമായി കൊതിച്ചതും
പിന്നെ നിലാവായി വിഷാദം പകര്‍ന്നതും,
പതിവായി പ്രിയനാം ആഴിതന്‍
അടിത്തട്ടില്‍ നീ പ്രണയം കണ്ടെത്തിയതും,
എല്ലാമെല്ലാം....
ഈ ഹൃദയമാം ചാലിലൂടെ
നീ ഒഴുകിയിരുന്നെന്നു
നിന്റെ നെഞ്ചകത്തിലൂടെ നടന്ന്‌
വരും കാലത്തിനു ഞങ്ങള്‍
വെറും കഥകള്‍ പാടണമോ...?
അമ്മെ,
നിളേ.......

നാം

നാം
രണ്ടു മഞ്ഞുകണങ്ങള്‍
അല്ലായിരുന്നെങ്കില്‍
ഈ കാലമാം
വെയിലില്‍
ഉരുകി ഒലിക്കില്ലായിരുന്നു....

സമത്വം

ഉറുമ്പ് ആനയെ പ്രണയിച്ചത്
എഴുതിവെക്കപ്പെട്ട
വരികള്‍ കേട്ടായിരുന്നില്ല..
പാതിരക്ക് കടലില്‍
സൂര്യന്‍ ഉദിക്കുമെന്ന്
മരംകൊത്തി പ്രതീക്ഷ പകര്‍ന്നതും
കേട്ട് പറഞ്ഞ വാക്കുകളുടെ
പിന്‍ബലം കൊണ്ടായിരുന്നില്ല..
കീരിയുടെ മടിയില്‍
പാമ്പ് സുഖനിദ്ര തേടിയതും,
കുയിലിനെ കാക്ക വേളികഴിച്ചതും,
കുറുക്കന്റെ വീട്ടില്‍
മുയല്‍ വിരുന്നു വന്നതും
കേട്ട് മാലോകര്‍
മൂക്കത്ത് വിരല്‍ വെക്കാത്ത
നാള്‍ വരുമെങ്കില്‍
അന്ന്
പ്രപഞ്ചം മുഴുവന്‍
സമത്വത്തിന്റെ
വര്‍ണ്ണ മഴ പെയ്യും.....

മോഹങ്ങള്‍

മയങ്ങുന്ന മോഹങ്ങളൊന്നും
നേരറിവിനെ കൈനീട്ടി
മാടി വിളിക്കണം എന്നില്ല..
അല്ലെങ്കിലും
മോഹങ്ങള്‍ക്ക്
ചിറകും ചിന്തയും
ഒരുമിച്ചു കിട്ടില്ലല്ലോ....

ഓര്‍മ്മകള്

മരം പൊഴിക്കുന്ന
ഇലകള്‍ പോലെയാണ്
നിന്റെ ഓര്‍മ്മകള്‍...
എത്ര കൊഴിഞ്ഞു വീണാലും
വീണ്ടും തളിര്‍ത്തു വരുന്ന
ഇലകള്‍.........

മീര

വീണുകിട്ടിയ ഒഴിവു കാലം യാത്രകള്‍ക്ക് വേണ്ടിയാണ് ഏറിയ പങ്കും ഞാന്‍  ചിലവഴികാറുള്ളത്...    ഏതൊരു സാധാരണ ചിന്തകള്‍ വെച്ചുപുലര്തുന്നവനും അവധികാലം എന്നത് യാത്രകളുടെ കാലഘട്ടം  ആണല്ലോ....യാത്ര തുടങ്ങാന്‍ നേരം എങ്ങോട്ടാണ് എന്ന് കൃത്യമായ ഊഹം ഉണ്ടായിരുന്നില്ല.. അല്ലെങ്കിലും ജീവിതത്തിലെ ഒരു യാത്രയും കാലേ കൂട്ടി തീരുമാനിച്ചതല്ലല്ലോ.. തീവണ്ടിയാത്രക്കിടയിലാണ് കല്‍ക്കട്ട എന്നാ മഹാനഗരത്തെ കുറിച്ച് വീണ്ടും ഓര്‍മ്മ വന്നത്... പിന്നെ ആലോചനകള്‍ക്ക് വിരാമമിട്ട് യാത്ര കല്‍ക്കട്ടയിലേക്ക്... നനഞ്ഞ പാവാട ചുറ്റിയ വെറുങ്ങലിച്ച പെണ്ണിനെ പോലെ കാലം തെറ്റി പെയ്ത മഴയില്‍  കുളിച്ച കല്‍ക്കട്ട നഗരം.... പല പല ചരിത്രങ്ങളുടെ ഗതകാല സ്മൃതികള്‍ പേറുന്ന സാംസ്കാരിക പൈതൃക ഭൂമി.... ഓര്‍മയുടെ താളുകളില്‍ എന്നോ  പതിഞ്ഞ കല്‍ക്കട്ട എന്നാ പേര്... കല്കട്ട നഗരത്തിന്റെ തെരുവിലൂടെയുള്ള റിക്ഷാ  യാത്രയിലാണ് ഞാനവളെ കണ്ടത്....റിക്ഷ വണ്ടികള്‍ കൂട്ടം കൂട്ടമായി കിടന്ന ആ തെരുവില്‍... മറച്ചു കെട്ടിയ ചായപീടികക്ക് പിറകെ റിക്ഷ വലിച്ചുവലിച്ചു മെല്ലിച്ച ആ വെളുത്ത മനുഷ്യന്റെ നരച്ച വസ്ത്രങ്ങള്‍ക്ക് പിറകില്‍.... അലസമായി പാരിപറന്ന മുടികളുള്ള  ആ പെണ്ണ്... ജീവിതത്തെ എത്രമാത്രം നിസംഗമായാണ് അവള്‍ നോക്കുന്നത് എന്ന് ആ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു.... ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം നഷ്ടങ്ങളുടെ ഒരു തടാകം തന്നെയുണ്ട് അവളുടെ നിശബ്ധതക്ക് പിറകില്‍... ചായക്കടയിലുരുന്നു ചുമച്ചു തുപ്പി നെടുവീര്‍പ്പിട്ട ആ കുറിയ മനുഷ്യന്‍ ഹിന്ദി കലര്‍ന്ന ബംഗാളിയില്‍ പറഞ്ഞു തുടങ്ങി അവളുടെ കഥ.. കല്‍ക്കത്തയുടെ നൃത്തപ്രതാപം നുകരാന്‍ ആവേശം മുട്ടിയെതിയ സുന്ദരി... മീര.... കനവുകളില്‍ നൃത്തം മാത്രം കണ്ടവള്‍... വര്‍ണ്ണശഭാളമായ  കല്‍ക്കട്ടാ നഗരത്തിന്റെ ഹൃദയ ഭംഗി അത്രമേല്‍ കണ്ടു കുളിര് കോരിയ മീര.... പക്ഷെ ചതിയുടെ മായകാഴ്ചകള്‍ അവള്‍ അറിഞ്ഞില്ല....പണത്തിന്റെ കെട്ടുകള്‍ കണ്ടു സ്വയം മറന്നു പിറന്ന സഹോദരിയെ കാഴ്ച വെച്ച കൂടെ പിറന്ന മനുഷ്യന്‍...ചുവന്ന തെരുവിന്റെ തിരക്കേറിയ വീഥികളില്‍ അലിഞ്ഞില്ലാതായ ആ പാവം പെണ്ണിന്റെ കരച്ചില്‍... പിന്നെ മരവിച്ച മനസും ശരീരവുമായി കണ്ടു മറന്ന മുഖങ്ങള്‍... ഒരു ജീവച്ഛവം പോലെ ദിനരാത്രങ്ങള്‍ തള്ളി നീക്കിയ അലിഞ്ഞു വെണ്ണീര്‍ ആയി തീര്‍ന്ന സ്വപ്‌നങ്ങള്‍....
ഒടുവില്‍ ഈ തെരുവില്‍ ആര്‍ക്കും വേണ്ടാതെ.... ഈ ചെരുപ്പുകുതികള്‍ക്കും റിക്ഷ വലിച്ചു ജീവിതത്തിന്റെ ആയുസ്സ് തീര്തവര്‍ക്കും ഇടയില്‍ ഒരു ജീവനുള്ള പ്രതിമ കണക്കെ......
ഇനിയുമെത്ര മീരമാര്‍... ചരിത്രത്തിന്റെ ഈ രണഭൂമിയില്‍ സ്വാഭിമാനം അടിയറ വെക്കേണ്ടി വന്ന പ്രതികരിക്കാന്‍ സ്വയം നിസഹായയ ആയി തീര്‍ന്ന എത്രയോ ചോര പൊടിഞ്ഞ മിഴികള്‍... സ്വയംശപിച്ചു വെറുത്തു ഒടുവില്‍ സ്വയം മറന്നു കാലത്തിന്റെ അഗ്നിയില്‍ ജീവിതം ഹോമിച്ചു മരിച്ചു ജീവിക്കുന്നവര്‍.... കല്‍ക്കട്ടാ.. ഒരുപക്ഷെ ഭൂമിയിലെ സ്വര്‍ഗ്ഗവും നരകവും ഒന്ന് തന്നെയായ ഒരൊറ്റ മണ്ണ്....യാത്രകള്‍ എന്നും അങ്ങനെയാണ്.... പുതിയ അനുഭവങ്ങള്‍... ഓര്‍മയുടെ പുസ്തകത്തിലേക്ക് പുതിയ താളുകള്‍.., ചിത്രങ്ങള്‍...കല്‍ക്കട്ടാ നഗരത്തോട് വിട പറഞ്ഞു പോരുമ്പോഴും ഓര്‍മയില്‍ ഒരു നൊമ്പരമായി പാറിപറന്ന  ചെമ്പിച്ച മുടിയുള്ള, നിസംഗതയുടെ നേര്‍ രൂപം...
ഒരൊറ്റ മുഖം....
മീര.....

ഓല

ഓലപന്തും,
ഓലപീപ്പിയും,
ഓലമാലയും,
ഓലപമ്പരവും,
ഓലമടലില്‍
ഒരുങ്ങുന്ന ഊഞ്ഞാലും...,
ഓല ബാല്യത്തിന്റെ
ഒഴിച്ച് കൂടാനാവാത്ത
ഓര്‍മയാണ്....
ഓര്‍മ്മകള്‍
ഉള്ളിടത്തോളം കാലം
ഓല
ഓലയായി തന്നെ നില്‍ക്കും....

ചിരി

ചിരിയില്‍ നിന്നുണര്‍ന്നു
 ഞാന്‍ നോക്കുമ്പോള്‍
ചുറ്റും ചിരിക്കുന്നവര്‍ മാത്രം..,
 എന്റെ ചിരി
എവിടെയോ നഷ്ടപെട്ടിരുന്നു..
ഒരു പക്ഷെ അവര്‍
 കവര്ന്നെടുതതാവാം...

ഒരു സൈബര്‍ ചിന്ത

ഇത് സൈബര്‍ യുഗം...
വിരഹവും, വിഷാദവും, ആഘോഷവും
പ്രണയവും എന്തിനു  വാത്സല്യം പോലും
കമ്പ്യൂട്ടര്‍ ശ്രിംഗലക്ക് അടിയറ വെച്ച
തിരക്കേറിയ പുതുജനതയുടെ യുഗം..
വെറുതെ ഇരുന്ന ഏതോ ഒരു നിമിഷത്തില്
മനസ് പറഞ്ഞത് വിരഹത്തെ പറ്റിയായിരുന്നില്ല..
പകരം
വരാനിരിക്കുന്ന സൈബര്‍ ലോകത്തിന്റെ
തുറന്നിട്ട വാതിലിനു പിറകിലെ
തുറക്കാത്ത കഥകളെ പറ്റി..
ഓര്‍മയില്‍ എവിടെയോ
എങ്ങോ തെളിഞ്ഞു മാഞ്ഞ പഴയ ബാല്യം...
തവളയും ചീവീടും മത്സരിച്ചു ഒച്ച വെക്കുന്ന
പാടവരമ്പത്തൂടെ ചൂട്ടും പിടിച്ചു
കഥ പറഞ്ഞു,   പാട്ടും പാടി
നടന്നും പോയ നാം...
ഇന്ന് മനസിന്റെ തകരപെട്ടിയില്‍
ഒരു വെറും പൊടി പിടിച്ച ഓര്‍മ്മ ചിത്രം...
യൂറ്റൂബിന്റെ പിറകെ
പാടങ്ങളും ചൂട്ടും പിടിച്ചു നീങ്ങുന്ന
പുതുയുഗ തലമുറ...
ആലും, ആറും,  നെല്ലും, ആമ്പല്‍കുളവും,
അന്തിമറയുന്ന ചെമപ്പില്‍   ആറാടി നില്‍ക്കുന്ന
കുന്നും, മലകളും
നിഷ്കളങ്കമായ  ഗ്രാമസൌന്ദര്യവും എല്ലാം
ഗൂഗിളിന്റെ വര്‍ണ്ണ കാഴ്ചകളിലേക്ക്
ചുവടു മാറിയിരിക്കുന്നു....
മുഖപുസ്തകതിലെവിടെയോ
മുഖം നഷ്ടപെട്ടുവെന്നു വിലപിക്കുന്ന
നിസഹായ ജീവിതങ്ങള്‍...
പ്രിയമനസുകള്‍ക്ക് കടലാസില്‍ പകര്‍ത്തിയിരുന്ന
ഹൃദയത്തിന്റെ വാക്കുകള്‍ക്കു
ഇന്ന് സ്ക്രാപ്പിന്റെയും മെയിലിന്റെയും
പുതിയ മുഖം...
കൈയിലൊരു കുടയും ചൂടി
കത്തുകളില്‍ നിന്നും കത്തുകളിലേക്ക്‌
ഗ്രാമവീഥികളെ   ശബ്ധമുഖരിതമാക്കിയ
അഞ്ചല്‍ക്കാരന്റെ ദൌത്യം
ഏറ്റെടുത്ത് ജി-മെയിലും, യാഹൂവും മറ്റും...
കരയുന്ന മക്കളെ മാറത്തണച്ച് ഉറക്കാന്‍ മറന്നു
ലാപ്റ്റോപ്പ്‌ മടിയിലെന്തുന്ന ഒരു കൂട്ടര്‍...
ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍
വിഭവങ്ങളുടെ മെനു
പവര്‍ പോയിന്റു അവതരിപ്പിക്കുന്ന
മറ്റൊരു കൂട്ടര്‍...
എന്തെന്തു കാഴ്ചകള്‍....
ചിന്തകള്‍ക്ക് വിരാമം...

മനസേ....
അല്‍പ്പ നേരത്തേക്ക് കണ്ണടക്കുക....
എനിക്കൊരു മെയിലുണ്ട്..,
എന്റെ പോസ്റ്റിനു ലൈക്കും കമ്മന്റും ഉണ്ടെന്നു...
വീണ്ടും
സൈബര്‍ ലോകത്തിന്റെ തിരക്കിലേക്ക്....

അര്ട്ടെമിസ്

അര്ട്ടെമിസ്....
വീണ്ടും നീയെന്റെ സ്വപ്നങ്ങളില്‍
നഖമുനയാഴ്ത്തുന്നു...
ഇരവുകളില്‍ നിന്റെ വശ്യമായ
ചിരി ഓര്ത്തു ഞാന്‍
നിദ്രാവിഹീനനാകുന്നു..

ചിന്തകളില്‍ മഞ്ഞു വീഴാന്‍ തുടങ്ങിയ
ഒരു പുലര്കാലതിലാണ്
നീയെന്ന സ്വപ്നം മനസിലോടിയെതിയത്....
അഥീനാക്ക്‌ വേണ്ടി പലരോടും പടവെട്ടിയ
പ്രോമിത്യൂസിനെ കുറിച്ച്
ചരിത്രപുസ്തകം കഥ പറഞ്ഞപ്പോള്‍
കളി പറയുകയാണെന്ന് കരുതിയ ഞാന്‍ ..
ഓര്‍മയില്‍ ഇന്നും നീയെന്നെ
ആവേശിച്ച ആ ദിനം..
പ്രണയത്തിന്റെ അനാദിയാം അഗ്നിനാളം
നീ എന്നിലേക്ക്‌ ചൊരിഞ്ഞ
ആ വസന്തകാലം....
ഒലിവു ഇലകള്‍ പൊഴിഞ്ഞു വീണ
വഴിത്താരയിലൂടെ
പലവേള ഞാന്‍ നിന്നോടോതു പോയിരുന്നു..,
കനവിന്റെ കുടപിടിച്ച്
സോളമന്റെ താഴ്വരയിലേക്ക്...
മനസാകുന്ന കുതിരയുടെ കടിഞ്ഞാണ്‍
പൊട്ടിപോയ വൈകാരികതയുടെ നിമിഷങ്ങള്‍..
എന്റെ അധരങ്ങളില്‍ നീ വിരിച്ചിട്ട
മുടിയിഴകള്‍
എന്നെ വികാരത്തിന്റെ
കടലാക്കി മാറ്റി....
അത്രമേല്‍ മൃദുലമാം നിന്റെ പാദങ്ങളില്‍
ഞാന്‍ ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു....
ഒടുവില്‍
ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍
ശൂന്യത മാത്രം...
ചാരെ നിന്റെ അസാനിധ്യം പകരുന്ന വേദന....
ഇത് വെറും സ്വപ്നമായിരുന്നുവോ അതോ
അകന്നു പോയ നീയെന്ന സത്യം...?
പ്രകൃതി വിരിച്ച ഈ പ്രണയത്തിന്റെ
സുന്ദരതീരത്ത്
യുഗങ്ങളായി ഞാന്‍ നിനക്കായി
കാത്തിരിപ്പ്‌ തുടങ്ങിയിട്ട്...
വിഫലമെന്നു മനസ് പറയുന്നുവെങ്കിലും..
എത്ര ഇറുക്കി അടച്ചാലും
തെളിയുന്നത് നിന്റെ മുഖം മാത്രം....,
അര്ട്ടെമിസ്......

സ്വപ്‌നങ്ങള്‍





മനസിന്റെ വാതില്‍
മലര്‍ക്കെ തുറന്നിട്ട്‌
ചില സ്വപ്‌നങ്ങള്‍ ചിരിക്കുന്നു...
ഹൃദയ പീഠത്തില്‍
കയറി നിന്ന്
മദിക്കാന്‍ വാശി പിടിച്ചു കരയുന്ന
കുഞ്ഞു സ്വപ്‌നങ്ങള്‍...
ചിലത് പരക്കം പായുന്നു.,
മറന്നു വെച്ച എന്തൊക്കെയോ
എടുക്കാന്‍....
ചിലത് നഷ്ട വസന്തങ്ങളുടെ
ജല്‍പ്പനങ്ങള്‍ പിറുപിറുക്കുന്നു..
എത്രെ എണ്ണിയാലും മതിവരാതെ
കൂട്ടി കിഴിക്കുന്ന മറ്റു ചിലത്....
അലര്‍ച്ചകളും, വിതുമ്പലുകളും,
രോധനങ്ങളും, ആഘോഷങ്ങളും...
വാതില്‍ കൊട്ടിയടച്ചു...
ഇനി ആരവം അകത്തു മാത്രം....

ശരി




ശരി കണ്ടെത്താനുള്ള
യാത്രയിലായിരുന്നു..
ഇടവഴികള്‍ പിന്നിട്ടപോഴൊക്കെ-
ഇടയ്ക്കു കണ്ടത്
തെറ്റിനെ മാത്രം..
അല്ലെങ്കിലും
തെറ്റ് ശരിയും
ശരി തെറ്റുമാണല്ലോ......