Saturday, March 24, 2012

തെയ്യം*****************

തെയ്യം*****************


തെയ്യം വരുന്നേ തെയ്യം വരുന്നേ
തെക്കേ മല കേറി തെയ്യം വരുന്നേ
പാടം കടന്നിട്ട് പാലം കടന്നിട്ട്
ആളും അകമ്പടി കൂട്ടരും കൂടീട്ട്
അമ്പലമുറ്റത്തെ ആലിന്റെ ചോട്ടില്
ആളെ രസിപ്പിക്കാന്‍ തെയ്യം വരുന്നേ

ചെണ്ടയും ചേങ്ങില താളവും ചേരുമ്പോള്‍
ചേര്‍ന്ന് ലയിക്കുവാന്‍ തെയ്യം വരുന്നേ
മഞ്ഞള്‍, അരിച്ചാന്തു, മനയോലയും തേച്ച്
ചെന്നിമലരും തലപ്പാളിയും വെച്ച്
കടകം, വള ചൂടി മണിക്കയലും ചാര്‍ത്തി
അലങ്കാര രൂപിയായ് തെയ്യം വരുന്നേ

എഴുത്താളര്‍ തീര്‍ത്തൊരു ചന്തത്തില്‍ വമ്പേറും
കൊണ്ടല്‍ മുടികെട്ടി തെയ്യം വരുന്നേ

മീത്തു കുടഞ്ഞിട്ട്ഭക്തര്‍ക്ക്‌ നല്കീടാന്‍
മഞ്ഞക്കുറി കൊണ്ട് രോഗം കെടുത്തുവാന്‍
ഉരിയാട്ടു കേള്‍പ്പിച്ചു ദുരിതം ശമിപ്പിക്കാന്‍
ആമോദം തീര്‍ക്കുവാന്‍ തെയ്യം വരുന്നേ

ആത്മം കൊടുത്തിട്ട് മുടിയെടുത്തീടുവാന്‍
അനുവാദം വാങ്ങുവാന്‍ തെയ്യം വരുന്നേ
മാമല നാട്ടിലെ മര്‍ത്ത്യന്റെ മനസിലെ 
വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ


വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ
വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>











മീത്ത്- കിണ്ടിയില്‍ നല്‍കുന്ന പ്രസാദം(കള്ള്)
മുടിയെടുക്കൽ- തെയ്യം സമാപിക്കുന്ന ചടങ്ങ്
ആത്മം കൊടുക്കല്‍- വിടവാങ്ങുന്നതിനുള്ള അനുവാദം

Thursday, March 22, 2012

സ്വപ്നാടനം*****

സ്വപ്നാടനം*****

നിനക്ക് ഭ്രാന്താണ് …
അല്ലെങ്കില്‍ തുള വീണ ഹൃദയവും പേറി
ഈ ഇലപൊഴിഞ്ഞ വാകച്ചോട്ടില്‍
ആര്‍ക്കോ വേണ്ടി നീ കാത്തിരിക്കില്ലായിരുന്നു…
ഇന്നലെ
സ്വപ്നത്തില്‍ നിന്നുണര്‍ത്തി ഒരു വെളുത്ത പക്ഷി
പിന്നെയും പറഞ്ഞു തുടങ്ങി :
മുകിലുകള്‍ ചാമരം വീശുന്ന ആകാശ വൃന്ദാവനിയില്‍
വൃഥാ തെളിനീരു നല്‍കാന്‍ പോയ
നരവീണ തലമുടിയുള്ള മെലിഞ്ഞ വൃദ്ധന്റെ
കാഴ്ച്ചയുടെ പരിധിക്കുമപ്പുറത്ത്
ഒരു വെളുത്ത ലോകമുണ്ടായിരുന്നു ;
ദിഗന്തങ്ങള്‍ മുഴങ്ങുമാറ് നിലവിളിചോടുന്ന
ഉടയാട നഷ്ടപെട്ട പെണ്ണിന്റെ കണ്ണുനീര് വീണ്
നരച്ചുവെളുത്ത കാപട്യത്തിന്റെ ലോകം …
സിരകളില്‍ ഒഴുകാന്‍ ചുടുചോരയില്ലാതെ
വരണ്ടുണങ്ങിയ കരങ്ങള്‍ പേറുന്ന
കറുത്തരൂപങ്ങള്‍
അന്ത്യനൃത്തം ചവിട്ടുന്ന ആസുര ലോകം …
തിരകള്‍ക്കുമപ്പുറത്ത്
തിമിരം വീണ കണ്ണുതുറന്നു
തലയോട്ടികള്‍ക്ക് പോലും വിലപറഞ്ഞ
തരിശു ഹൃദയങ്ങള്‍ …
വാത്സല്യം കവിഞൊഴുകിയ സ്മൃതികള്‍ പേറുന്ന
വരണ്ടുണങ്ങിയ മാറില്‍
ഏകാന്തതയുടെ കരിവീണ മുലക്കച്ചകള്‍ ..
മറവിലിരുന്നു മേനി പകുത്ത്
പതിക്കും പ്രണയം തീര്‍ത്ത പരപുരുഷനും
പങ്കിട്ടു നല്‍കിയ
കറുപ്പും വെളുപ്പുംപാതി ചാലിച്ച വിളറിയ മുഖങ്ങള്‍ ..
പറഞ്ഞു പറഞ്ഞു
ചിന്തകളുടെ കാടിന് തീയെറിഞ്ഞു
പറന്നകന്നു പോയ പക്ഷി ..
ഉണര്‍ന്നെണീറ്റത്
തിരക്കിട്ട ലോകത്തിന്റെ ചിറകടിയൊച്ച കേട്ടാണ് …
അപ്പോഴും
അകലെ മാടി വിളിക്കുന്ന
അജ്ഞാതമായ ലക്‌ഷ്യം …..

Friday, March 16, 2012

ആത്മനൊമ്പരം***

ആത്മനൊമ്പരം***

പ്രണയ സല്ലാപങ്ങളുടെ
ഇടവേളകളില്‍ ഒന്നില്‍
അവളെന്നോട് ചോദിച്ചു:
നിങ്ങള്ക്ക് ഭ്രാന്തു തന്നെ......
തമാശകളില്ലാത്ത ജീവിതങ്ങളെ കുറിച്ച്
നിങ്ങളൊന്നും മൊഴിയാത്തതെന്ത്..?
എങ്കില്‍
ഇനി നമുക്ക്
ഗുജറാത്തിലെ
നരഹത്യയെകുറിച്ചു സംസാരിക്കാം....
ലിബിയയിലെ പട്ടിണി പാവങ്ങളെ കുറിച്ച്..
കല്ക്കത്തയിലെ
ഗതികെട്ട വേശ്യകളെ കുറിച്ച്..
തോക്കിന്‍ കുഴലില്‍ ജീവിക്കുന്ന
പാഴ്ജന്മങ്ങളെ കുറിച്ച്..
കൂടപിറപ്പിന്റെ കിടപ്പറ രംഗങ്ങള്‍
കൂട്ടരെ കാണിക്കുന്ന
പടുവിത്തുകളെ കുറിച്ച്...
വേനലും വറുതിയും തള്ളി നീക്കി
നാടിനെ മാത്രം സ്വപ്നം കാണുന്ന
പാവം പ്രവാസ ജീവിതങ്ങളെ കുറിച്ച്....
ആയിരം അമ്മമാരെ തെരുവിലെറിയുന്ന
ആധുനിക ആഭാസന്മാരെ കുറിച്ച്....
പാഷന്‍ പ്രണയങ്ങള്‍
ആത്മഹത്യ മുനമ്പിലെത്തിക്കുന്ന
ആഗോള പ്രതിഭാസത്തെ കുറിച്ച് ..
അഞ്ചു വയസുള്ള പൈതലിന്‍
അണ്ഡം തേടി പോയവന്റെ
ബീജ  പെരുമയെ കുറിച്ച്...
മതി.......
നിര്ത്തൂ .....
പറയാന്‍, ഉള്ളു തുറന്നു ചിരിക്കാന്‍
നന്മകളുടെ കാഴ്ചകള്‍ ഒന്നുമില്ലേ.....
എങ്കില്‍
ഇനി നമുക്ക് ചിരിക്കാം...
എല്ലാം മറന്ന്...
പൊള്ളുന്ന അടുപ്പിലെ,
പൊട്ടി പൊട്ടിച്ചിരിക്കുന്ന
ചിരട്ടകനലുകള്‍ പോലെ.....
നമുക്ക് ചിരിക്കാം...

Saturday, March 10, 2012

ഫാഷന്‍ കാഴ്ചകള്‍******






സാംസ്‌കാരിക കേരളത്തില്‍ വീണ്ടുമൊരു
സൗന്ദര്യ മത്സരത്തിന്റെ കൊടിയേറ്റം.....
നാടിന്റെ മുക്കിലും മൂലയിലും നിന്ന്
മൂടു കുലുക്കാന്‍ ഒരുങ്ങി വരുന്ന 
നാരികള്‍....
തലയും താളത്തില്‍ മുലയും കുലുക്കി
ചലനങ്ങളില്‍ അഗ്നി നിറച്ച്
വര്‍ണ്ണ പൊലിമ തീര്‍ക്കുന്ന  
സംസ്കാരസമ്പന്ന  വ്യഭിചാരം....
മദമിളകും ദ്രുത ചലനങ്ങളില്‍
മതിമറന്നു വായില്‍ വെള്ളം നിറച്ച്
പുതുമേനികളോരോന്നും  അടിതൊട്ടു മുടി വരെ
വിശകലനം ചെയുന്ന വിധികര്‍ത്താക്കള്‍...
മുലക്കരം ചോദിച്ച അധികാരികള്‍ക്ക്   നേരെ
മുലക്കണ്ണി അരിഞ്ഞെറിഞ്ഞ മാധവി:
ഒരു പഴയ ഓര്‍മ്മചിത്രം...
ഇന്ന്
മുല മറക്കാന്‍ നാണം കൊണ്ട് കുണുങ്ങുന്ന
നവയുഗ മൂധേവിമാര്‍.....!!!
ഗോപികമാരുടെ ചേല കവര്ന്നു  മറഞ്ഞിരുന്ന
കാര്‍വര്‍ണ്ണനേയും,
നഗ്നമേനി മറച്ചു നാണം പൂണ്ടു കരഞ്ഞ 
ഗോപികമാരെയും നമുക്ക് മറക്കാം....
പകരം ചേല കളഞ്ഞു ചിരിക്കുന്ന,
തുണിയുരിഞ്ഞ് ആമോദം കൊള്ളുന്ന
വര്‍ത്തമാന  പൂതനമാരെ വാഴ്ത്താം...!!!
 

Friday, March 9, 2012

രാവ്*****



രാവ്..
അനന്തകോടി വര്ഷങ്ങളായി
ഉറങ്ങാതെ കാവലിരിക്കാന്‍
വിധിക്കപ്പെട്ട ശാപം കിട്ടിയ ജന്മം....
പണ്ട്
നാഗരിക മനുഷ്യന്റെ കാലടിപാടുകള്‍
ഭൂമിയുടെ മാറില്‍ പതിയുന്നതിനു മുമ്പ്
പ്രോമിത്യൂസിനെ തടവിലിട്ട
സ്യൂസിന്റെ കല്പ്പന കേട്ട്
പകലിന്റെ തേരില്‍
ദേവകള്‍
അഗ്നി തേടിയുള്ള യാത്ര തുടങ്ങി..
മരം കോച്ചുന്ന തണുപ്പില്‍
ഒലിവു താഴ്വരകള്‍ പിന്നിട്ട്
ഹൃദയങ്ങളില്‍
അഗ്നി ഉയരുന്ന സ്വപ്നം കണ്ട്
നാളുകള്‍ തള്ളിനീക്കിയ
സ്യൂസിന്റെ വിധേയ വൃന്ദം..
പതിനായിരം സംവത്സരങ്ങള്‍
നിമിഷങ്ങളെ പോലെ കടന്നു പോയ
യാത്രക്കൊടുവില്‍
അരണി കടഞ്ഞ്
ആമോദത്തിന്റെ അഗ്നി തുളുമ്പി...
ഒളിമ്പസ് പര്‍വതത്തിന്റെ താഴ്വരയില്‍
ആഘോഷത്തിന്റെ വീഞ്ഞ് പതഞ്ഞ
യാമത്തില്‍
പകല് തളര്ന്നു വീണു,
ഒപ്പം സ്യൂസിന്റെ ജനതയും.....
അഗാധ നിദ്രയുടെ ആഴങ്ങളില്‍ വീണ
പ്രജകള്‍ക്കു വേണ്ടി
നിലാവില്‍
താരകങ്ങളോട് പ്രണയ സല്ലാപം
നടത്തിയ
രാവിനോട്
ഉറങ്ങാതെ കാവലിരിക്കാന്‍
സ്യൂസിന്റെ കല്പ്പന .
ഒലിവു ഇലകള്‍ ഏറെ കൊഴിഞ്ഞു
വസന്തം പലകുറി വന്നു മടങ്ങി പോയി...
ഇന്നും
സ്യൂസിന്റെ ശാപം ഭയന്ന്
രാവ് ഉറങ്ങാതെ കാവലിരിക്കുന്നു...

Tuesday, March 6, 2012

അഭിനവ താളം******



കൊലവെറി താളത്തിന്റെ
ശ്രുതി പിന്തുടരാന്‍ കഴിയാതെ
കുയില് വിഷുപക്ഷിയെ കൂട്ടി
ഭൂതകാല വൃക്ഷത്തിന്റെ
ഒടിഞ്ഞ ശിഖരത്തില്‍ മറഞ്ഞിരുന്നു..!!!!!