Wednesday, May 22, 2013

പരാശരി

നിനക്കു ചുറ്റുമീ
ഭ്രമണപഥത്തിലൂ-
ടിനിയെത്ര നാള്‍ ഞാന്‍
വലംവെച്ചു നീങ്ങും
ഉദിച്ചു പൊങ്ങുന്ന ചിന്തകള്‍
ഹൃത്തട-
മെരിച്ചു തീർക്കുമ്പോൾ
ഞാനെന്തു ചെയ്‌വൂ
വെളിച്ചമറ്റോരു
നക്ഷത്രമുള്ളില്‍
ജനിച്ചു വീഴുന്ന
സൗരയൂഥത്തില്‍
തിളക്കമില്ലാത്ത
ആയിരം ഗോളങ്ങള്‍
വിറച്ചു നില്ക്കുന്ന
അന്ധകാരത്തില്‍
വസന്തമില്ലാത്ത
പൂക്കള്‍ പൊഴിയാത്ത
കിനാക്കളെമ്പാടും
നിറഞ്ഞ നെഞ്ചില്‍
വരണ്ട ചിന്തകള്‍
ചുട്ടുപൊള്ളിക്കുന്ന
നശിച്ചു പോയോരീ
ഭ്രമണപഥത്തില്‍
ഒരിറ്റുനീർ വാർത്തു
ജഡത്വമേറ്റൊരു   
കവിത്വമെന്നില്‍ മരിച്ചിടട്ടെ

Friday, May 17, 2013

നിന്റെ മുടിയിഴകളിൽ
പ്രണയത്തിന്റെ
കടലിരമ്പം
കാറ്റേ, നീ മൂളും
പ്രണയത്തിന്റെ രാഗമെൻ
ബാസുരിയിൽ തുടിക്കുന്നു.!

Tuesday, May 14, 2013

രാമൻ

 രാമന്‍
***********
വിഭജനത്തിന്റെ  മുറിവുണങ്ങാത്ത
ചോരപ്പാടു കല്ലിച്ച
പഞ്ചാബിന്റെ മണൽപരപ്പിലിരുന്നു
രാമനിപ്പോഴും പരിതപിക്കുന്നുണ്ടാവും

ലാഹോറിലെ രാമന്‍
അശാന്തിയുടെ  വെടിയൊച്ചകൾക്കു
നടുവിലാണെങ്കിൽ,
വരിയുടക്കപ്പെട്ട
അയോദ്ധ്യയിലെ രാമന്‍
സവർണ്ണരുടെ തടവറയിലാണ്

വെടിയേറ്റ ഗാന്ധിയുടെ 
കരളുതിർത്ത നിണവുമായി
സബർമതിയിലെ  രാമനിപ്പോഴും
കരയുകയാണ്

വഡോദരയിലെ തെരുവോരങ്ങളില്‍
ചിതകൾക്കിടയിലുരുന്നു 
അഭിനവരാമന്‍
മതേതരത്വത്തിന്റെ എല്ലിന്ക്കൂടു
തിരയുന്നുണ്ടാവും

രാമനൊരു ഉപോൽപ്പന്നമാണ്
വിശ്വാസങ്ങളെ വില്പ്പനയ്ക്ക് വെച്ചവര്‍
മോഹനവാഗ്ദാനങ്ങളില്‍ പൊതിഞ്ഞ്
ഉപഭോഗ്താവിനെറിഞ്ഞു കൊടുത്ത
ഉപോൽപ്പന്നം

രാമനൊരു രക്തസാക്ഷിയാണ്
മതത്തിന്റെ് മുള്ളാണികുരിശിൽ 
തറച്ചു തൂക്കപ്പെട്ട രക്തസാക്ഷി

രാമനൊരു സ്വപ്നമാണ്
ഇരയും, വേട്ടക്കാരനും
ഒരുപോലെ താലോലിക്കുന്ന
വെറുമൊരു സ്വപ്നം
 +++++++++++++++++++++++++++

Monday, May 6, 2013

കവിത

കവിത
**********
തൂറാൻമുട്ടിയ  നേരത്ത് 
തിരക്കിട്ടെഴുതി  തീർത്ത
കവിതക്കാണ്‌
അയാൾക്ക്‌ 
ആ വർഷത്തെ
ഓമക്കുഴൽ അവാർഡ്‌ ലഭിച്ചത്
മുക്കലും, മൂളലും
തുപ്പലും, തൂറലും  കൊണ്ട്
വൃത്താലങ്കാര  കേമമെന്ന്
നിരൂപകർ വാഴ്ത്തിയ
അതേ  കവിത.! 

Saturday, May 4, 2013

മകളേ, മാപ്പ്

മകളെ, മാപ്പ്
*****************
ദേവികയല്ല  നീ മൂധേവിയാണെടീ
പൂതനേ നീയെന്തു ജന്മം
ഏഴുവയസുള്ള പിഞ്ചുപെണ്‍കുഞ്ഞിനെ
നോവിച്ചു  കൊന്നൊരു  നീചേ
രാക്ഷസിയെന്നു ഞാൻ നിൻ പേരു ചൊല്ലിയാൽ
രാക്ഷസകൂട്ടമെതിർക്കും
കാർക്കിച്ചു തുപ്പിടും  ക്ഷോഭിച്ചു നോക്കിടും
തൃക്കണ്ണു പോലും തുറക്കും
ഭൂമിയിലുള്ളോരു  നാകമാണമ്മയെ-
ന്നോതാത്തോരുണ്ടോ ഈ മണ്ണിൽ
അമ്മതൻ അമ്മിഞ്ഞ പാലുകുടിച്ചവർ 
അമ്മയെ ഓർക്കാതെയുണ്ടോ
പെണ്ണായ് പിറന്നവർക്കാകുമോ ഈ വിധം
കൊല്ലാതെ കൊല്ലുവാൻ ഭൂവിൽ 
കുഞ്ഞിളംമേനിയിൽ പൊള്ളിച്ചു കൊല്ലുവാൻ  
എങ്ങനെയായെടീ ക്രൂരേ
അമ്മ മനസെന്നാൽ നന്മമനസ്സെന്നു
എങ്ങും പഠിച്ചില്ലേ ദുഷ്ടേ
വെട്ടിയരിയണം കൊത്തിയേറിയേണം
ദുഷ്ടപിശാചിന്റെ  ഹസ്തം
പട്ടിണിക്കിട്ടു  നീ കൊന്നുകളഞ്ഞൊരു
കുഞ്ഞിനെയോർക്കുന്നു ഞങ്ങൾ 
പൊന്നുമകളെയീ  വിങ്ങുന്ന നെഞ്ചിനാൽ 
ഞങ്ങൾ വാർക്കുന്നിതാ  കണ്ണീർ...
++++++++++++++++++++++++++++++++