Monday, July 30, 2012

ഭീതി**************





ഇന്നലെ

വായനാശാലയിലെ ചിതലരിച്ച
പുസ്തകങ്ങളില്‍ നിന്നിറങ്ങി വന്ന്
കഥ പറഞ്ഞ
ഇതിഹാസ നായകരുടെ
നിഴലുകള്‍ക്ക് പിന്നില്‍
പ്രതിനായകരുണ്ടായിരുന്നില്ല
ഇടവഴിയിലെ ഇരുട്ടില്‍ കറുത്ത പൂച്ച
വട്ടം ചാടിയിരുന്നില്ല
പാതിരാവില്‍
തുളവീണ പുല്ലുപായയില്‍
വാത്സല്യ ചോറുമായി
ഉറങ്ങാതെ കാത്തിരുന്ന
അമ്മയുടെ കണ്ണില്‍
ഭീതിയുടെ കനലെരിഞ്ഞിരുന്നില്ല
ഉറങ്ങാന്‍ നേരം
എന്റെ തലയിണക്കടിയില്‍ ഞാന്‍
കഠാര ഒളിപ്പിചിരുന്നില്ല
ഇന്ന്
ഇരുട്ട് വീണ
വായനശാലയിലെ പുസ്തകങ്ങളില്‍ നിന്ന്
പ്രതിനായകര്‍ ഇറങ്ങി വന്ന്
കാതില്‍
വിഫല വിമോചനത്തിന്റെ കഥകള്‍
പറയുന്നുണ്ട്..,
ഇടവഴിയില്‍ അനേകം കരിമ്പൂച്ചകള്‍
ഒളിഞ്ഞിരിപ്പുണ്ട്
പാതിരാവില്‍
ശരറാന്തല്‍ വെളിച്ചത്തിനെ തോല്‍പ്പിച്ച്
അമ്മയുടെ കണ്‍കളില്‍
ഭീതി എരിയുന്നുണ്ട്‌
എന്റെ തലയിണക്കടിയില്‍
ഞാനൊരു കഠാര ഒളിപ്പിച്ചിട്ടുണ്ട്........

Wednesday, July 18, 2012

അവിരാമം*****

അവിരാമം*****

ഇന്നലെകളിലെ വാത്സല്യത്തിന്റെ വസന്തം
നമുക്ക് എവിടെയാണ്
നഷ്ടമായത്..... ?
മണ്ണിലെവിടെയോ നന്മ കണം ബാക്കിയുണ്ടെന്ന
അത്ഭുത വാര്‍ത്തയറിഞ്ഞ്
ഗവേഷകര്‍ തിരക്കിട്ട തിരച്ചിലിലാണ് ...
സ്നേഹശൈലമുരുകിയൊലിച്ച
കാമചൂരിന്റെ നാട്ടില്‍
രതിവൈകൃതങ്ങളില്‍ അഭിരമിച്ചു
ഇരുകാലി മൃഗങ്ങള്‍ തീര്‍ക്കുന്ന
അമ്ല തടാകങ്ങള്‍
സാംസ്കാരിക ഭൂമികയിലെ
ഇടത്തോടുകള്‍ ലക്‌ഷ്യം വെച്ച്
അനുസ്യൂതമൊഴുകുന്നു..
ഒറ്റമുലച്ചിയുടെ കണ്ണുനീര് വീണ രാജസദസ്സില്‍
ഭൂതകാലത്തിന്റെ കല്പ്പടവുകളിലെവിടെയോ
കാണാചങ്ങലയണിഞ്ഞു
നിശബ്ദനാക്കപ്പെട്ട സത്യം അടയിരിപ്പുണ്ട്...
ആയിരം വിശന്ന വയറുകള്‍,
അന്നമിരക്കുന്ന പിഞ്ചുകൈകള്‍
അവ
കണ്ണീരുപ്പു കലര്‍ന്ന കലങ്ങിയ കണ്ണു തുറന്ന്
ഭൂമിയില്‍ തീമഴ പെയിക്കും..
അന്നും
അച്ഛന്‍ മകളെ അമ്മയാക്കുന്ന
ഉത്തരാധുനിക കാലത്തിന്റെ വാക്താക്കള്‍
ഗര്‍ഭസ്ഥശിശുവിന്റെ നെഞ്ചു തുളച്ചു
ശൂലം കയറ്റി ശൂരത്വമാഘോഷിക്കും.,
അശരണരായ അഗതികളുടെ അടിവസ്ത്രത്തിന്
കപ്പം ചുമത്തും..,
മധുചഷകം നുണഞ്ഞു ഭൂമിയെ
ആത്മഹത്യാ മുനമ്പില്‍ നിന്ന്
തള്ളി താഴെയിടും..
പ്രപഞ്ചമുല്ഭവിച്ച തീപ്പൊരിയില്‍ നിന്ന്
സൗരയൂഥം മഹാവിപത്തിന്റെ തമോഗര്‍ത്തമായി
താഴേക്കു പതിക്കും......
അപ്പോഴും
അകലെ
നശിച്ച മനസുകളിലെ തിന്മയറിയാതെ
പുതിയ ജീവന് വളരാന്‍ വിളനിലമൊരുക്കി
അക്ഷയപാത്രത്തില്‍ അന്നം നിറച്ച്
ഏതോ ഒരു അമ്മഗ്രഹം
വിഫലമായ കാത്തിരിപ്പ് തുടരും...

Tuesday, July 17, 2012

ഗന്ധര്‍വയാമം***************




ഗന്ധര്‍വയാമം ********

ഞാനൊരു കടല്‍ക്കുതിര..,
ഏകാന്തതയുടെ
അത്യഗാധ നീലിമയില്‍ നിന്ന്
കാലത്തിന്റെ ഒറ്റച്ചുഴിയില്‍പെട്ട്
പ്രണയ തീരത്തടിഞ്ഞ കടല്‍ക്കുതിര..
എന്റെ നിറവയറിനകത്ത്
പ്രതീക്ഷയുടെ വെളുത്ത ഗോളങ്ങള്‍
അടക്കം ചൊല്ലുന്ന
മന്ത്രങ്ങള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്....
ഊഴം കാത്ത് അവയോരോന്നും
വികാര സ്വപ്നങ്ങളുടെ
സ്വയംവര മണ്ഡപത്തില്‍
സാഫല്യത്തിന്റെ മിഥിലജയെ തേടി
ശൈവചാപം കുലക്കാനുള്ള സിദ്ധികള്‍
സ്വായത്തമാക്കുന്നുമുണ്ട് ...
ഇനി വരും
പ്രകാശവര്‍ഷത്തിന്റെ
അരനാഴികക്കപ്പുറം
എനിക്കായൊരു ഗന്ധര്‍വയാമം...
അന്ന്
നിന്റെ ഉടയാടകള്‍ക്കുള്ളിലെ
നനുത്ത ഹൃദയത്തില്‍
ഞാന്‍ വിശുദ്ധിയുടെ ആദിപാപം തിരയും..
നിന്റെ മുലകളില്‍ വിരലോടിക്കുമ്പോള്‍
മാറിലൊളിപ്പിച്ച സരോദില്‍ നിന്ന്
ബിഥോവന്റെ സംഗീതം ഞാന്‍ കേള്‍ക്കും..
പിന്നെ
അധരങ്ങളില്‍
അനുരാഗസന്ധ്യക്ക്
അസ്തമന സൂര്യന്‍
ചുവന്ന ചക്രവാളം തീര്‍ക്കും..
ഒടുവില്‍
നിന്റെ മിഴിചെപ്പിലൊളിപ്പിച്ച
മരണത്തിന്റെ മഹാസമുദ്രത്തില്‍
ഞാന്‍ നീന്തിത്തുടിക്കും..

Friday, July 13, 2012

കാലികം

അപരിഷ്കൃതര്‍
ആത്മാഭിമാനത്തില്‍ 
ചൂണ്ടയിട്ടു വലിക്കുമ്പോഴും
ആത്മസംയമനതിന്റെ
വാല്മീകത്തിലടയിരിക്കുന്ന
അഭിനവ ഗാന്ധിമാര്‍...

Thursday, July 12, 2012

തലയോട്ടിയുടെ വിലാപം******


ശതകോടി നക്ഷത്രങ്ങള്‍
കറുത്ത ചക്രവാളത്തിന്റെ
തടവറക്കകത്ത്
ആത്മാഹൂതിയില്‍
ആനന്ദം കണ്ടെത്തുന്ന ഒരു നാള്‍ വരും...,
അന്ന്
ശവംനാറി പൂക്കള്‍ വസന്തമൊരുക്കും..,
ഭൂമിയുടെ നെഞ്ചകം പിളര്‍ന്നു
കാലത്തിന്റെ കരിമണലില്‍ കുഴിച്ചിട്ട
എന്റെ തലയോട്ടി
കാറ്റിനോട് കഥ പറയും..
അഭിരതികള്‍, ആത്മപീഠകള്‍,
അനേകം തവണ വെന്തു മരിച്ച
ആത്മബോധത്തിന്റെ മാറ് പിളര്‍ന്ന
അനുരഞ്ജനങ്ങളുടെ  ആലിംഗനങ്ങള്‍,
വിലാപങ്ങളുടെ വിസ്ഫോടനങ്ങളില്‍
നിലംപൊത്തി വീണ സ്വപ്ന മേടകള്‍,
വിഷലിപ്ത സ്നേഹത്തിന്റെ വിത്തെറിഞ്ഞ്
കബന്ധങ്ങള്‍ മുളപ്പിച്ച
ഭൂതകാലത്തിന്റെ രണ നിലങ്ങള്‍...
കഥകളുടെ അന്ത്യത്തില്‍
എന്റെ തലയോട്ടി കണ്ണീര്‍ വാര്‍ക്കും..,
അപ്പോള്‍
ആയിരം തമോഗര്‍ത്തങ്ങള്‍
അസംഖ്യം തലയോട്ടികള്‍ക്ക്
കാവല്‍ നില്‍ക്കുന്ന
കറുത്ത സൂര്യന്റെ കാല്‍ച്ചുവട്ടില്‍
നീയെന്റെ തലയോട്ടിയും അടക്കം ചെയുക..

Saturday, July 7, 2012

അപ്പുണ്ണിയേട്ടന്‍*********



അപ്പുണ്ണിയേട്ടന്‍
ശരിക്കും ഒരത്ഭുതമാണ്..,
തലയില്‍ തെരിക വെച്ച്
തനിയെ ഓലകെട്ടുമേന്തി
പള്ളപ്രത്തെ നാട്ടുവഴികളിലൂടെ
നടന്നു പോകുന്ന ,
നൂറ്റൊന്നു വയസുള്ള
അപ്പുണ്ണിയേട്ടന്‍..
കാക്കൊള്ളി കാവിലെ
കുടുംബക്ഷേത്രത്തില്
ഇന്നും
അപ്പുണ്ണിയേട്ടന്‍ തുള്ളാറുണ്ട്...
മഞ്ഞ പട്ടുടുത്ത് , കാലില്‍ ചിലമ്പിട്ടു,
ഭക്തിയുടെ പരകോടിയില്‍
ഭഗവതിയെത്തുമ്പോള്‍
വാളുകൊണ്ട് നെറ്റിയില് വെട്ടാറുമുണ്ട്..
പേരക്കുട്ടീടെ മോളെ കല്യാണത്തിന്റെ
തലേന്ന്
ഒന്നര കുപ്പി റാക്കടിച്ചു ,
ഉടുമുണ്ടൂരി തലയില്‍ കെട്ടിയ
അപ്പുണ്ണിയേട്ടന്‍
ചുവടു വെച്ച് പാടിയ ഭരണി പാട്ടില്‍
കലവറയിലെ പണിക്കാരി പെണ്ണുങ്ങള്‍
നാണിച്ചു നിന്നപ്പോള്‍
നിലാവിനൊപ്പം
ചിരിയുടെ തൃശൂര്‍ പൂരം
ആ പന്തലില് പെയ്തിറങ്ങിയതാണ്..
പുറമ്പോക്ക് ഭൂമിയില്
കാല്‍പ്പന്തു കളിക്കുന്ന ചെക്കന്മാര്‍ക്ക് ,
രാമേട്ടന്റെ പറമ്പില്
കയറു പിരിക്കുന്ന പെണ്ണുങ്ങള്‍ക്ക്‌,
അമ്പല കുളത്തില്
കുളിക്കാന്‍ വരുന്ന ആണുങ്ങള്‍ക്ക്
ഒക്കെയും
അപ്പുണ്ണിയേട്ടന്‍
എന്നും അപശകുനമാണ്..
പക്ഷെ
ആരോടും മിണ്ടാതെ
വേച്ചു വേച്ചു തലയാട്ടി നടന്നു പോകുന്ന
അപ്പുണ്ണിയേട്ടന്‍
പള്ളപ്രത്തുകാര്‍ക്ക് നിത്യ കാഴ്ചയാണ്..
വാര്‍ധക്യം വെള്ള പൂശിയ കണ്ണുകളില്‍
ഭൂതകാലത്തിന്റെ നേരിയ തിളക്കം
ഞങ്ങള്‍ കണ്ടിട്ടുണ്ട്...
ആയിരം തേന്‍ വരിക്കകളെ പെറ്റ
മുത്തശ്ശി പ്ലാവിന്റെ ചോട്ടില്
അപ്പുണ്ണിയേട്ടന്‍ പലപ്പോഴും
ഒറ്റക്കിരിക്കാറുണ്ട്‌..,
ചോദിച്ചാല്
മരിച്ചു പോയ ലക്ഷ്മ്യേടത്തി
അടുത്തു വന്നു
സ്വര്‍ഗ്ഗതതിലെ കഥകള്‍ പറയാറുണ്ടത്രെ .
പള്ളപ്രത്തെ ആള്‍കൂട്ടങ്ങളിലൊക്കെ
വര്‍ഷങ്ങളായി
അപ്പുണ്ണിയേട്ടന്‍ ഒരു കഥയാണ്‌..
ഇന്നും
അപ്പുണ്ണിയേട്ടന്‍ നടക്കുന്നുണ്ട്..,
നാഗരികതയുടെ കമ്പളം മൂടാന്‍ കൊതിക്കുന്ന
ചെമണ്ണു പാറിയ നാട്ടുവീഥികളില്‍
ഗ്രാമീണതയുടെ
നന്മ വറ്റാത്ത പഴയ വെളിച്ചവുമായി
അപ്പുണ്ണിയേട്ടന്‍....

Sunday, July 1, 2012

അഭിനിവേശം********

അഭിനിവേശം********

അധിനിവേശം  ഒരു   തരത്തില്‍ 
അഭിനിവേശമാണ് ..,
തപ്തദീപ്തമായ  വസന്ത  മേഖലയിലേക്ക്
നിസഹായതയുടെ  കപട  നീരുമായി
കടന്നു  വരുന്നവന്റെ  അഭിനിവേശം …
പൌരാണികതയുടെ  പരമ ചരിത്രം
പെരുവിരല്‍ താഴ്ത്തി നടന്ന 
സുമേറിയന്‍ സാംസ്കാരിക  ഭൂമികയില്‍
വിസ്മൃതിയുടെ  വൈകല്യം  ബാധിച്ചു
പുതിയ  നാഗരികര്‍
അപകര്‍ഷതയുടെ
കൈവിലങ്ങുകള്‍  തേടി  നടക്കുന്നുണ്ട് …
ഇതിഹാസങ്ങളൊഴുക്കിയ  ചോരയില്‍ നനഞ്ഞ
തിരുനെറ്റിത്തടം   തുടച്ചു
വ്യഭിചാരത്തിന്റെ  ഹരിനീല  മേടയില്‍
വിലകുറഞ്ഞ  തത്വസംഹിതകള്‍  കത്തിച്ചു,
രതിയുടെ  വിയര്‍പ്പു  ഗന്ധവുമായി
അഭിനവ  ഈഡിപ്പസുമാര്‍
അമ്മയെ  വേള്‍ക്കാന്‍  കാത്തിരിപ്പുണ്ടാവും ..
വിഭജനത്തിന്റെ  ആയിരം  സാധ്യതകള്‍
തീര്‍ത്ത  വിഹായസിലേക്ക്
ഭൂതകാലത്തിന്റെ  നനഞ്ഞ  ചാരത്തില്‍  നിന്ന്
സാമ്രാജ്യത്വത്തിന്റെ 
പുതിയ  ഫീനിക്സ്  പക്ഷികളുടെ  ചിറകടിയൊച്ച …
അടിവയറ്റിന്റെ അകകാമ്പില്‍   നിന്നുല്ഭവിക്കുന്ന
വിശപ്പിന്റെ  വികിരണങ്ങള്‍ക്ക്
തരംഗദൈര്‍ഘ്യത്തില്‍  അണുവിട  വ്യതാസമില്ല …
അജ്ഞതയുടെ  ആരണ്യകത്തിനകത്ത്
വസന്തം  ഒളിപ്പിച്ചവരുടെ
വ്യര്‍ത്ഥ വിലാപങ്ങള്‍ക്ക്‌  നടുവിലേക്ക്
വിശുദ്ധ  സ്തോത്രവുമായി  വിരുന്നിനെത്തുന്നു
പിലാതോസിന്റെ  സന്തതികള്‍ ..!!!