Monday, February 27, 2012

ഹൈഡ്രജന്റെ വിലാപം***കാര്‍ബണും ഇരുമ്പും
അടക്കിവാഴുന്ന
മൂലകങ്ങളുടെ ലോകത്ത്
മുകളിലൊരു മൂലയ്ക്ക് ഹൈഡ്രജന്‍
കുടിയിരുത്തപെട്ടിട്ട് കാലമേറെ...
പണ്ട് പണ്ട്
ഓര്‍ബിറ്റുകളും ഷെല്ലുകളും തേടിയുള്ള
പരക്കം പാച്ചിലില്‍
മൂലകങ്ങള്‍ ഒരു ഉടമ്പടി വെച്ചു..
അതിജീവനത്തിനുള്ള പോരാട്ടത്തില്‍
ആത്മാവിനെ ഒഴികെ ആരെയും തുണക്കില്ലെന്ന്....
കയൂക്കുള്ളവന്റെ കാര്യത്തിനു കൂടെ പോവാന്‍
മാത്രം സ്വയം തീറെഴുതി വെക്കപെട്ട
ഏകയായ ദുര്‍ബല...
ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഓക്സിജനെ
പലരെയും കൂട്ടുപിടിച്ച്
പലവുരു പരാജയപെടുത്തിയ കാര്‍ബണ്‍..
പിച്ചിയെറിഞ്ഞവരുടെ കൂട്ടത്തില്‍ നിന്ന്
സോഡിയവും ക്ലോറിനും ചേര്‍ന്ന്
മുറിഞ്ഞ ഹൃദയത്തില്‍ ഉപ്പു തേച്ചപ്പോഴും
ഉരിയാടാതെ ഉരുകിയെരിഞ്ഞവള്‍ ..
അലൂമിനിയവും സ്വര്‍ണ്ണവും പ്ലാറ്റിനവും
തിളങ്ങുന്ന മേഖലയില്‍
തനിച്ചിരുന്നു കരയാന്‍ പോലും
കഴിവില്ലാതെ
നിസംഗമായ നിര്‍വികാരതയോടെ
സ്വയം കത്തിയെരിയാന്‍ മാത്രം വിധിക്കപെട്ട
ഹൈഡ്രജന്‍....
ഒരുമിച്ചു ജീവിക്കാന്‍ കഴിയാതെ
ഓക്സിജനെ ചേര്‍ത്ത് പിടിച്ചു കരഞ്ഞ്,
വിഷാദത്തിന്റെ തടാകം തീര്‍ക്കുന്ന
ഹൈഡ്രജന്‍
കമിതാക്കളുടെ ലോകത്ത്
ദുരന്ത കഥാപാത്രമായി തുടരുന്നു...!!

Sunday, February 26, 2012

നിറഭേദം***********നിറഭേദങ്ങളില്ലെന്നു ആരു പറഞ്ഞു ..?
നിറങ്ങളില്‍ പോലും നിറഭേദം..…
അല്ലെങ്കില്‍
നിറങ്ങളുടെ ലോകത്ത് നിന്ന്
മഞ്ഞക്ക്
ഒരിക്കലും പടിപ്പുര കടന്നു
പടിയിറങ്ങേണ്ടി വരില്ലായിരുന്നു . …
മഞ്ഞ,
മഞ്ഞു പോലെ കണ്ണിനു കുളിരേകുന്ന
നിന്നെ എനിക്കേറെയിഷ്ടമാണ്....
മാതൃത്വത്തിന്റെ ആദ്യതുള്ളി
അമ്മ ചുണ്ടില്‍ ചാലിച്ച
അമ്മിഞ്ഞ പാലിന്
മഞ്ഞ നിറമായിരുന്നു ..,
അനുപമമായ സ്നേഹത്തിന്റെ അദൃശ്യ നിറം ..
ചെറുചുവടു വെക്കാന്‍ പഠിച്ച കാലത്ത്
കുഞ്ഞിളംക്കൈകൊണ്ട്
തൃക്കാക്കരയപ്പന്റെ നെറുകയില്‍ ചൂടിയ
കോളാമ്പി പൂവിനും മഞ്ഞ നിറം..,
ഗൃഹാതുരത്വത്തിന്റെ
ഗ്രാമീണ സൌന്ദര്യം ..
മണിമുഴങ്ങുന്ന ശ്രീകോവിലില്‍
കളഭ-ചന്ദനത്തില്‍ മുങ്ങിയ പാര്ത്ഥസാരഥിക്കും
മഞ്ഞപട്ടിന്റെ ശോഭ ….
സമസ്ത ചരാചരങ്ങളെയും
പ്രത്യാശയുടെ വെളിച്ചത്തിലേയ്ക്കു നയിക്കും
സര്‍വം സാക്ഷിയാം സൂര്യന്റെ
അഭേദ്യ വര്‍ണ്ണവും മറ്റൊന്നല്ല ..
കണിവെള്ളരിയും കൊന്നയും പൂത്ത നാട്ടില്‍
പിന്നെ നീ എപ്പോഴാണ്
അവഗണനയുടെ തുരുത്തിലേക്ക്
താഴ്ത്തപെട്ടത്‌ …?
മതമൊന്നെന്നു ചൊന്ന മഹാത്മാക്കളുടെ
മനുഷ്യരെ തിന്നുന്ന
പിന്‍തലമുറക്കാരുള്ള നാട്ടില്‍ ,
മാറാവ്യാധി മിഴികളില്‍ പേറുന്ന-
മനസുകളില്‍ മഞ്ഞപ്പിത്തം പടര്ന്ന
മാനുഷര്‍ നിറഞ്ഞ ഭൂവില്‍,
മണ്ണിനെ കാക്കാതെ മാത്സര്യം മൂത്ത്
മൂഡലോകം തീര്ക്കുന്ന
മാധ്യമ കുബേരന്മാര്‍ വാഴുന്ന മണ്ണില്‍
നീ വെറുക്കപെടാതിരുന്നാല്‍ അതിശയം..!!

Saturday, February 25, 2012

നാറ്റം

മനസ്സില്‍ കുഴിച്ചിട്ട
കാവ്യ കബന്ധങ്ങള്‍
മണ്ണാവാതെ
ചീഞ്ഞു നാറുന്നു...

Thursday, February 23, 2012

നിനക്ക്****

അനാമിക,
ഇന്നും നീയെന്നെ ഓര്‍ക്കുന്നുവോ..…
ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ ഏതെങ്കിലും കോണില്‍
എപ്പോഴെങ്കിലും നീയെന്നെ കാണാറുണ്ടോ …
പതിനെട്ടിന്റെ വസന്തം സമ്മാനിച്ച ഓര്‍മകളില്‍
ചുവന്നു പൂത്ത ഗുല്‍മോഹറുകള്‍,
തലമുറകളുടെ കഥകള്‍ പേറുന്ന
ഇലപൊഴിഞ്ഞ ചീനിമരത്തിന്റെ ചുവട്,
പിന്നെ
അകാരണഭീതി കൂച്ചുവിലങ്ങിട്ട
നിന്റെ അവാച്യ പ്രണയവും …
ഓര്‍മകളുടെ വരാന്തകളില്‍
പൊടിപാറുന്ന കൊടിതോരണങ്ങളുടെ കൊടിയേറ്റ നാളുകള്‍ ,
വാക്കുകളുടെ സരണി തീര്‍ത്ത വാചാല സുന്ദര നിമിഷങ്ങള്‍ ,
സുകുമാര കലയുടെ സൌരഭ്യം ചൊരിഞ്ഞ വേദികള്‍ ,
എവിടെയും
ആരവങ്ങളൊഴിഞ്ഞ മൂകതയുടെ കോണില്‍ നിന്ന്
നീയെറിഞ്ഞ ഒളിയമ്പു കൊണ്ട് വിവശനായ ഞാന്‍
അന്നും
നിശബ്ദതയുടെ നിഷ്കളങ്കത ചാലിച്ചു നീ
പറയാതെ പറഞ്ഞോരിഷ്ട്ടം.. …
നിനക്കെന്നെ ഭയമായിരുന്നുവോ..?.
പെരുമഴയുടെ വരവോതുന്ന കാറ്റില്‍
ഇളകിയാടുന്ന ഇലയെ പോലെ
നിന്റെ വിലോല വിഹ്വല പ്രണയം …..
നിശബ്ധത ഭേദിച്ചു ഒരുനാള്‍
നീ എന്നോട് പറഞ്ഞു..
ഒരിക്കല്‍ മാത്രം :
പ്രണയം തടവറ താണ്ടുമെന്ന്….
അറിയാം
എന്റെ പ്രേമകുംഭത്തില്‍ നിന്ന്
ഒരു തുള്ളി അമൃതു പോലും പകരാത്ത ഞാന്‍ ..
പരിമിതികളുടെ പറുദീസയില്‍ തളക്കപ്പെട്ട യൌവനത്തിന്
അകലങ്ങളില്‍ നിന്നു നീയുതിര്‍ത്ത
മിഴിനീരു കാണാന്‍ മാത്രമായിരുന്നു വിധി …
വലിയ മിഴിയുള്ളോളേ,
ഇന്നും വിഷാദത്തിന്റെ കരിവണ്ടു മൂളിയെത്തുന്ന
ഏകാന്തരാത്രികളില്‍
നിന്റെ വെള്ളാരംകണ്ണുകള്‍ സ്വപ്നം കണ്ടു ഞാന്‍
നിദ്രാവിഹീനനാവുന്നു …

Sunday, February 19, 2012

നാടും നഗരവും

എനിക്കൊന്നു കണ്ണാരം പൊത്തി കളിക്കണം....
അല്ലെങ്കില്‍ മണ്ണപ്പം ചുടാം........
ഒരു മുക്കുറ്റി പൂ തരുമോ...?
കാക്ക കൊത്താത്ത ഒരു കണ്ണിമാങ്ങ....
തൊങ്ങലു പറക്കാത്ത അപ്പൂപ്പന്താടി....
പാടത്ത് പറത്താന്‍ ഒരു നീലവാലന്‍ പട്ടം...
ഒരു മഴ വേണം.....
മഴവെള്ളത്തില്‍ ഒഴുക്കാന്‍
ഒരു കടലാസ് വഞ്ചി...
കടല് കടന്നു വന്ന
പ്രവാസി ബാല്യത്തിന്റെ
നിലക്കാത്ത ചോദ്യങ്ങള്‍ക്ക്
നാട്ടുബാല്യം പറഞ്ഞത് ഇത്രമാത്രം:
നിനക്ക് നാട്ടപ്രാന്തു തന്നെ...
പുതുമഴ പെയ്തു...
നാട് നഗരത്തിലേക്ക്
ഒലിച്ചിറങ്ങി...
ഒന്നും നീ അറിഞ്ഞില്ലെന്നോ....?

Saturday, February 18, 2012

സസ്നേഹം സുനിതക്ക്******


 
 
 
 
 സുനിത,
നീ
മലയാളത്തിന്റെ മദര്‍ തെരേസ.,
മണ്ണും മനസും താണ്ടി
ഉണ്ണാതെ, ഉറങ്ങാതെ
പെണ്ണിന്റെ മാനത്തിന് കാവലിരിക്കുന്ന,
അഗതികളുടെ അരുമയാം അമ്മ..
ഇരുപതാം നൂറ്റാണ്ടിന്റെ
അന്ത്യയാമത്തില്‍ നീ
തെലുങ്കന്റെ മണ്ണിലേക്ക് കടന്നു വന്നു,
തെരുവില്‍ തെറിച്ചു വീണ
പെണ്ണിന്റെ ചോരക്ക് പകരം
പൊന്നു പോലൊരു ജീവിതം ഉഴിഞ്ഞു വെച്ചു..
ആയിരങ്ങള്‍ക്ക് നീ ആശ്രയത്തിന്റെ
ആശ്രമം തീര്‍ത്തു....
കീറിയെറിഞ്ഞ പാവാടകള്‍ക്കുള്ളിലെ
നോവുന്ന ഹൃദയങ്ങളെ നീ മാറോടണച്ചു..
തെരുവുപട്ടികള്‍ പിന്നെയും
തളിര്‍മെത്തയില്‍ വിളമ്പിയ
പച്ചമാംസത്തിന് വേണ്ടി
കാമത്തിന്റെ കരിന്തോലണിഞ്ഞു..,
നിന്റെ പൈതങ്ങളുടെ
ചുറ്റും അലമുറയിട്ടു...
തെരുവ് വിളക്ക് കൈയിലേന്തി
കവിളില്‍ വാത്സല്യത്തിന്റെ
ചെറുപുഞ്ചിരി തൂകി
തെരുവിന്റെ പെണ്മക്കള്‍ക്കു നീ
സ്നേഹത്തിന്റെ തുരുത്തോരുക്കി....
സിരകളില്‍ നീ പടര്‍ത്തിയ സ്നേഹവികാരം
അവരുടെ ധമനികളില്‍
പുതിയ വീര്യം നിറച്ചു...
അറിയാം
നിന്റെ ദൌത്യം കണ്ടു നില്‍ക്കാന്‍
വിധിക്കപെട്ടവരെന്നു വെറുതെ
വിഡ്ഢിത്തം പുലമ്പുന്നവര്‍..
തിരശീല പോലും തഴുകാന്‍ മറന്നവരോട്
തിരയൊടുങ്ങാത്ത കനിവ് കാട്ടുന്ന നിന്നെ
തൊഴുതു നില്‍ക്കുന്നു ഞങ്ങള്‍..
ഉയരമില്ലാത്ത നിന്റെ ഉയരത്തിന് മുന്നില്‍
തോറ്റിരിക്കുന്നു..,
മരപ്പാവകളായി ജീവിതവേഷം
കെട്ടിയാടുന്ന ഈ വിദൂഷക വര്‍ഗം....

(ഇന്ത്യയിലെ സ്ത്രീ സമൂഹത്തിനു വേണ്ടി അഹോരാത്രം കഷ്ടപെടുന്ന, അവരുടെ ഉന്നമനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് പ്രോജ്വല വിപ്ലവം തീര്‍ക്കുന്ന പ്രജ്വലയുടെ അമരക്കാരി ശ്രീമതി. സുനിത കൃഷ്ണന് സ്നേഹാദരങ്ങളോടെ അഭിവാദ്യം.. )

Tuesday, February 14, 2012

കുമ്പസാരം *******എനിക്കൊന്നു കുമ്പസാരിക്കണം...
പടയാളികളും പടച്ചട്ടയും നഷ്ടപെട്ട
സേനാപതി കരുതിവെച്ച
കുമ്പസാരത്തിന്റെ കെട്ടുകളല്ല..,
മറിച്
ചവച്ചു തിന്ന പാപങ്ങളെ
കാലത്തിന്റെ കുമ്പസാരകൂട്ടില്‍
ചര്ദിച്ച് എനിക്ക്
ഉള്ളം കഴുകി വെളുപ്പിക്കണം ..
കുരിശുപള്ളിയിലേക്ക്
കുമ്പസാരത്തിനുള്ള യാത്രയില്‍
തേവരുടെ ഭണ്ഡാരം കുത്തിപോളിക്കണം,
പിന്നെ കുടുസ്സു മുറിയില്‍ ഓശാന പാടുന്ന
അച്ചിയെ ഒറ്റച്ചവിട്ടിന് വീഴ്ത്തണം..
ഒക്കെയും ഏറ്റു പറയാന്‍ എനിക്കൊരു
കുമ്പസാര കൂടുണ്ട്‌ …
പിന്നെ ഞാനെന്തിനു ഭയക്കണം...?
പുഴയിലിട്ടു തണുപ്പിച്ച
റാക്ക് കുപ്പി നനഞ്ഞ മണ്ണില്‍ നിന്ന് മാന്തിയെടുത്ത്
കൊച്ചൌസേപ്പ് എനിക്കായി കാത്തിരിക്കുന്നുണ്ടാവും,
തരിശു ഭൂമിയില്‍ തരിമ്പു ബോധമില്ലാതെ
ഈ ലോകത്തെ ഒരുമിച്ചു പുലഭ്യം പറയാന്‍ …
കിളുന്തു പൈതലിനെ കൈവിരലുകള്‍ അമര്ത്തി
രതിമൂര്ച്ച തേടുന്നവരോട്‌
എനിക്ക് തെല്ലും അമര്ഷ്മില്ല…
പക്ഷെ
പിന്നെയുമെന്തിനാണ് അവര്‍
ദൈവത്തിന്റെ തിരുപാദത്തില്‍
കാണിക്ക സമര്പ്പി ക്കുന്നത് ..?
ഇന്നലെ കണ്ണിലിരുട്ടു വീണ ഇടവഴിയില്‍ കണ്ട
വെളുത്ത പെണ്ണിന്റെ തുടുത്ത മേനിയില്‍
എനിക്ക്
മഴയായി പെയ്തിറങ്ങണം
അവളെന്നെ തിരികെ വിളിക്കുന്നു,
പാപങ്ങളുടെ പറുദീസായിലേക്ക്...
ഒരായിരം കുമ്പസാരകൂടുകള്‍
ഇനിയും എനിക്ക് മുന്നില്‍
മലര്ക്കെ തുറന്നു കിടക്കുമ്പോള്‍
ഞാന്‍ മാത്രമെന്തിനു പാപം ചെയാതിരിക്കണം..?

Sunday, February 12, 2012

പിറക്കാത്ത ജീവന്******അപരാധിയുടെ
അനാഥകോശത്തില്‍ നിന്ന്
ആരുമറിയാതെ നീ ഉദയം ചെയുന്നു.
പിന്നെ 
ആയിരമായിരം അടിവയറ്റില്‍
ആത്മഹൂതി ചെയുന്നു.
അല്ലെങ്കില്‍
പിറവിക്കും  മുമ്പ്
മരണം ഇരന്നു വാങ്ങുന്നു.
കൊടിലു കൊണ്ട്
കൊടിയോടു
വേര്പിരിയേണ്ടിയിരുന്ന നീ
കുടല്മാല മുറിഞ്ഞ്‌ അലറുന്നു.
പിന്നെ
കനലുകൊണ്ട
കരിമരുന്നു  പോലെ അലിഞ്ഞു നീറുന്നു.
കുടില ജന്മങ്ങള്‍ നിന്നെ
കൊടും പാപത്തിന്റെ വിത്തെന്നരുളി
കുഴിവെട്ടി മൂടുന്നു.
ഒടുവിലൊരു .
ചാപിള്ളയെന്നു
കപടനീരോഴുക്കി പുലമ്പുന്നു.
അടഞ്ഞ പീലികള്ക്കുള്ളില്‍
മരണം കാത്തു നിന്റെ കണ്ണുകള്‍
അവസാന ഉറക്കം തേടുന്നു.
പിറക്കാതെ മരിച്ചു നീ
മറവിയുടെ
മാറാപ്പില്‍ ഒളിക്കുന്നു.
പിന്നെയും അനേകം  വിഷപാത്രങ്ങളില്‍ നീ
ജനിക്കാതെ മരിക്കുന്നു....

Saturday, February 11, 2012

ചൂത്**********
ചരിത്രത്തിന്റെ രാജസദസുകളില്‍
നീ ആരവം തീര്ത്തു ,
തിരശീലക്കപ്പുറത്തു  നെടുവീര്പ്പുകളും..
ഞൊടിയിട കൊണ്ട് ഉയര്ന്നു വീണു  നീ
മണ്ണില്‍  തൊടുമ്പോള്‍
അട്ടഹാസങ്ങള്‍ ഉയര്ന്നു,
രോദനങ്ങളും...
അഷ്ടഭുജങ്ങളില്‍ നീ
ചതിയുടെ രസങ്ങള്‍ തേച്ചു...,
മണ്ണും പെണ്ണും പൊന്നും
നിന്റെ ദ്രുതതാളത്തില്‍
ആലില  പോലെ അടര്ന്നു  വീണു...
ആള്കൂട്ടങ്ങളില്‍ നീ ആസുരഭാവം  നിറച്ചു..
നിന്റെ ചുക്കിണിയാട്ടത്തില്‍
മാലോകര്‍ ഉടലോടെ വിറച്ചു..
ദ്രൌപദിയുടെ ഉടയാട നീ കീറിയെറിഞ്ഞു..
ഗാന്ധാരിക്ക് തീരാദുഖങ്ങള്‍ തീര്ത്തു ...
മര്‍ത്ത്യന്റെ
സപ്തവ്യസനങ്ങളില്‍  ഒന്നായി നീ വളര്ന്നു ..
ഇന്നും  മാനവകുലം
നിന്റെ കാല്ച്ചുവട്ടില്‍
മണ്ണും പൊന്നും മനസും വെച്ച് 
അക്ഷക്രിയ ചെയാന്‍ 
ഊഴവും കാത്തു നില്ക്കുന്നു:
പകിട പകിട പന്ത്രണ്ട്..!!


Thursday, February 9, 2012

വിഷയം***************

വിഷയം***************

എന്തെഴുതും...?
എങ്ങിനെ...?
വിഷയമില്ലായ്മ തന്നെ വിഷയം...
എഴുതാന്‍ എനിക്കൊരു വിഷയമില്ല …
ചക്രം തിരിക്കുന്നവന്റെ ചിന്തയില്‍
ചെന്നെത്തിനോക്കാന്‍ പോലും ഗതിയില്ലാതെ
പിച്ചയെടുത്ത് എച്ചില് തിന്ന്
ചത്തു മലക്കുന്ന ചാവാലികോലങ്ങള്‍ ,
ഉപ്പു തൊട്ടു കര്പ്പൂരം വരെ
ഒപ്പിക്കാന്‍ പാടുപെടുന്നവര്‍,
കൊച്ചിളം പല്ലുകാട്ടി പൊട്ടിച്ചിരിക്കുന്ന
കൊച്ചു മനസുകള്‍ തൊട്ട്
പെണ്ണ് ഒറ്റയ്ക്ക് നടന്നാല്‍
ഒക്കെയും പൊട്ടിച്ചെറിയുന്ന
ഒട്ടും പരിതാപമില്ലാത്ത
ഒച്ചയില്ലാ കുറുക്കന്മാര്‍ ,
പൊന്നുരുകുന്ന പൊരിവെയിലത്ത്
കല്ലുകൊത്തുന്ന കുഞ്ഞുമുഖങ്ങള്‍ ,
നിറങ്ങളില്‍ മുങ്ങി വെളിച്ചം മങ്ങിയ
ശീതികരിച്ച മുറിയില്‍
സുരപാനം ചെയുന്ന സുഖലോലുപര്‍ ,
മലയുടെ മാറില്‍ മരച്ചീനി വെട്ടുന്ന
മണ്ണിന്റെ മക്കള്‍ ,
കടിഞ്ഞൂല്‍ പേറു സ്വപ്നം കാണുന്ന
കാലം തെറ്റിയ സുമംഗലീ ഹൃദയങ്ങള്‍,
മുനയൊടിഞ്ഞ തൂലിക കൊണ്ട്
മുന്നോട്ടു എന്നെഴുതി
മുറവിളി കൂട്ടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ,
ചെറുനാട കൊണ്ട് മേനി പൊതിയാന്‍ കൊതിക്കുന്ന
ചെറുതല്ലാ പെണ്‍കൂട്ടം ,
ചുമരില്‍ തൂങ്ങിയാടുന്ന ചരിത്രപുരുഷന്മാരുടെ
ചിന്തകള്‍ കൂട്ടിയിട്ട് ചിത കത്തിക്കുന്നവര്‍,
ഒപ്പം നിന്ന് ഒത്താശ ചെയ്ത്
ഒറ്റ നാണയത്തിനു സ്വയം ഒറ്റു കൊടുക്കുന്നവര്‍,
വിഷയങ്ങളൊന്നും വിഷയമല്ലാത്ത ഈ കാലത്ത്
എഴുതാന്‍ എനിക്കൊരു വിഷയമില്ല …

Wednesday, February 8, 2012

പ്രണയം

പ്രണയം

പ്രണയം ..,
അനാദിയാം അഗ്നിനാളം ..
നിഗൂഡമായ ഈ അഗ്നിനാളത്തിന്റെ
ഉറവിടം സൂര്യനത്രേ ….
ശോഭയാര്‍ന്ന അരുണന്റെ ശോണമുഖം കണ്ട്
പ്രണയ വിവശയായി തീര്‍ന്ന
ഭൂമിയില്‍ നിന്ന് ..
ആദിപ്രണയത്തിന്റെ അഭൌമവിത്ത്…
അനന്തകോടി പാത്രങ്ങളില്‍
അനവധ്യ പ്രണയത്തിന്റെ ബീജം
പകര്‍ന്ന സൂര്യന്‍ …
എഴുകുതിരകളെ പൂട്ടിയ തേരില്‍
മോഹത്തിന്‍ കൂരമ്പ്‌ തൊടുക്കുന്ന
രവി തന്‍ പ്രണയകിരണങ്ങള്‍ ഏറ്റു
പുളകം കൊണ്ടവര്‍ എത്രയെത്ര ….
സൌരയൂഥത്തിലെ ചെറുതാരകങ്ങള്‍ മുതല്‍
സൌകുമാര്യം തുളുമ്പുന്ന സുന്ദരികളാം
ഗ്രഹങ്ങള്‍ വരെ ..
കിരണങ്ങള്‍ തന്‍ ആഘാതം താങ്ങവയാതെ
ഭൂമി നൂറില്‍ ഒന്ന് പകുത്തു
മാനവ ഹൃദയത്തില്‍ എറിഞ്ഞു …
ഭൂമിദേവിയുടെ നിരാശ തളം കെട്ടിയ
പ്രണയത്തില്‍ നിന്നത്രേ
മര്‍ത്യഹൃദയം
പ്രണയ ലഹരി കൊണ്ടു
ഉന്മത്തരാവാന്‍ തുടങ്ങിയത്... ..,..
വെള്ളിമേഘങ്ങള്‍ക്ക് മുലയൂട്ടുന്ന
നീലാകാശത്തിന്റെ നനുത്ത പാദത്തില്‍ നിന്ന്
ഊര്‍ന്നു വീണ കൊലുസ്സു പോല്‍
ഭൂമി പകര്‍ന്ന സര്‍വ ലോക പ്രണയം ..

Saturday, February 4, 2012

യാത്രാഭംഗം*************

യാത്രാഭംഗം*************

പുഴയുടെ ഹൃദയം തേടിയുള്ള
യാത്രയിലായിരുന്നു,
കടലിന്റെ മാറിലേക്ക്‌...
പക്ഷെ
വഴിയരികില്‍ പുടവയഴിഞ്ഞു
മണലൊഴിഞ്ഞ മാറ് മറച്ചു
പുഴ കരയുന്നുണ്ടായിരുന്നു,
വഴിപിഴച്ച കൂട്ടം കവര്‍ന്ന
ചാരിത്ര്യത്തെ കുറിച്ചോര്‍ത്ത് ..
അപ്പോഴും
കടല്
കഥയറിയാതെ
പുഴയുടെ വരവും കാത്ത്
പ്രണയ ഗീതത്തിന്റെ
വരി തേടുകയായിരുന്നു...

Friday, February 3, 2012

പുനര്‍ജനി**************

പുനര്‍ജനി**************

ഏകാന്തതയുടെ മഞ്ഞു വീണു നനഞ്ഞ
ജീവിത പാതയില്‍
മനസിന്റെ യൌവനം തുളുമ്പുന്ന
ഒരു സൂര്യോദയത്തില്‍
അകല്ചയുടെ തിരശീല
ഞൊറിഞ്ഞു മാറ്റിയാണ്
നീ വന്നത്..
ജരാനര ബാധിക്കാത്ത
ചിന്താ സരണികളില്‍
തീപെടാത്ത ആശയങ്ങള്ക്ക്
ഒരുമിച്ചു ഊര്ജം പകരാന്‍..
പക്ഷെ
ചതിയുടെ അരക്കില്ലം തീര്ത്തു നീ
സ്നേഹത്തിന്റെ ചായം
പുറംമോടിയായി തേച്ചു..
വെച്ചു നീട്ടിയ സ്നേഹാമൃതം തട്ടിമാറ്റി
അപരചിതത്വത്തിന്റെ
വിഷചാറു നീ നുണയുമ്പോള്‍
മരണം ഒരിക്കലും ഓര്ത്തിരിക്കില്ല..,
സൌഹൃദത്തിന്റെ മരണം...
അകാല ചരമം പ്രാപിച്ച
കിനാക്കളെ പുനര്ജീവിപ്പിക്കാന്‍
പിന്നെയുമെന്തിനാണ് നീ
സൌഹൃദത്തിന്റെ
മൃതസഞ്ജീവനി തേടിപോയത്..?
വഴിമറന്ന യാത്രയായിരുന്നുവെങ്കില്‍
ഇനി നീ കിനാവ്‌ കാണേണ്ടത്
വിഷം ചീറ്റാത്ത ചിന്തകളുടെ
ഉദയം മാത്രം...

Thursday, February 2, 2012

കാത്തിരിപ്പ്**************

കാത്തിരിപ്പ്**************

പച്ചമാംസം പലവുരു വില്‍ക്കാന്‍
വിധിക്കപ്പെട്ട
ദേവദാസിയുടെ
എറിഞ്ഞുടക്കപെട്ട കരിവളകള്‍ പോലെ
എന്റെയും നിന്റെയും യൌവനം …
കൊല്ലന്റെ ശാലയിലെ
ഇരുമ്പുകൂട കൊണ്ട് തല്ലി നിവര്‍ത്തുന്ന
പഴുത്ത ഇരുമ്പ് ..,
വിധിതീര്‍ത്ത ഈ വിരഹചൂളയില്‍
ഉരുകി തിളയ്ക്കുന്ന ഞാന്‍ ……
നീയും ഞാനും ഉരുകിയൊന്നിച്ചു
ഒരു പുതുവെങ്കലം
ജീവിതമൂശയില്‍ ഉരുത്തിരിയുന്ന നാള്‍
അതി വിദൂരമല്ലെന്ന
പ്രതീക്ഷയുടെ വക്കത്ത്,
ഇവിടെ
ഈ ഊഷര ഭൂമിയില്‍
എന്റെ കാത്തിരിപ്പ് …