Saturday, March 30, 2013

കന്യക

കന്യക
**********
അവളൊരു സുന്ദരി, കണ്ടാല്‍ മോഹിനി
കൊലുന്നനേയൊരു പെണ്ണ്
കെട്ടു രണ്ടു കഴിഞ്ഞൂ പക്ഷേ-
കന്യകയാണവളിന്നും.!

ഒത്ത ചെക്കനൊരെണ്ണം വന്നു,
പത്തു പൊരുത്തവുമായി
കെട്ടു നടന്നൂ  മാനം മുട്ടെ
കെട്ടു പന്തലുയർന്നൂ

ആദ്യരാവില്‍ അവളുടെ വീട്ടില്‍
പുറത്തു മഴയെ നോക്കി
അടുത്തു വന്നവള്‍ അവനെ തൊട്ടു
അവന്റെ കാതില്‍ ചൊന്നു;
അടുത്തിരിക്കാം, കഥകള്‍ പറയാം
അസ്തമിച്ചാല്‍ ഭ്രഷ്ട്
കറുത്ത ചന്ദ്രന്‍ ഉദിച്ചു പൊങ്ങി
അവന്റെ ഉള്ളിലെ വാനില്‍

തണുത്ത കാറ്റില്‍ മകര കുളിരില്‍
പുതച്ചു മോഹമൊതുക്കി,
സഹനത്തിന്റെ വരമ്പു വളർന്നൂ ,
അറുപതു നാളു കഴിഞ്ഞു
അവന്റെ കട്ടിലിലവള്‍  ശയിച്ചു
പുറത്തു കാവലിനവനും
തണുത്ത തറയില്‍ വിരിച്ച കല്ലുകള്‍
ഇടിമഴയായി പെയ്തു

നനഞ്ഞ സ്വപ്നം കരളു നിറച്ചവന്‍
കരഞ്ഞു കണ്ണീരൊപ്പി
അറുപതു നാളുകള്‍ യുഗങ്ങളായി,
അവനോ  ഭ്രാന്തു പിടിച്ചു

നശിച്ച രാത്രിയില്‍ മഴയോടൊന്നി-
ച്ചകത്തു  കയറാന്‍ വെമ്പി
അവള്‍ വിതുമ്പി അവളുടെ വീട്ടില്‍
തിരിച്ചയക്കാന്‍ ചൊന്നു

മകള്‍ വരുന്നൂ, വിരുന്നു വേണം
ഇറച്ചി പുതിയതു വേണം
തിടുക്കമായി വീട്ടിലോരോണം
വിരുന്നു വന്നതു പോലെ
അച്ഛനുമമ്മയും, അമ്മൂമ്മയുമായ്
ചർച്ചകളേറെ നടന്നു
കെട്ടു താലി വലിച്ചെറിഞ്ഞൂ
കന്യക  നിന്നു കരഞ്ഞു


രണ്ടാം കെട്ടിനു പന്തലൊരൽപ്പം
താഴ്ന്നു തന്നെ കിടന്നു
വരുന്നവർക്കു  പറഞ്ഞു രസിക്കാന്‍
ഒന്നാംക്കെട്ടിന്‍ കഥയും

ഒന്നാം കെട്ടിനു അറുപതു നാളുകള്‍
നീട്ടികിട്ടിയതെങ്കില്‍
പുത്തന്‍ ചെക്കന് രണ്ടാം നാളില്‍
ചുവപ്പു നാട ഉയർന്നൂ 
ഹമ്മുറാബി കല്പ്പന പോലെ
അവളുടെ കല്പ്പന വന്നു
എന്റെ വീട്ടില്‍ വന്നു പോകാം
ഇരുട്ടു വീണാല്‍ ഭ്രഷ്ട്

മോക്ഷം കിട്ടാ പ്രേതം പോലെ
പുതുമണവാളന്‍ ഇന്നും 
ഇരുട്ടു വീണാല്‍ അവന്റെ  വീട്ടില്‍
തിരിച്ചു തനിയെ പോകാം

അവളുടെ വീട്ടില്‍ അവളുടെ കട്ടിലില്‍
അവള്‍ തനിച്ചു ചുരുണ്ടു
 അവന്റെ നെഞ്ചില്‍ തീമഴയോ അതോ
കരിഞ്ഞ മോഹക്കാടോ

 അവളൊരു സുന്ദരി, കണ്ടാല്‍ മോഹിനി
കൊലുന്നനേയൊരു പെണ്ണ്
കെട്ടു രണ്ടു കഴിഞ്ഞു പക്ഷെ -
കന്യകയാണവളിന്നും.!
++++++++++++++++++++++++++++
.
    

Monday, March 25, 2013

അവൾ ***********


ഞാവൽപ്പഴ കണ്ണുകൾ
ചാമ്പക്ക ചുണ്ടുകൾ
മാതളനാരങ്ങ കവിൾത്തടങ്ങൾ
മാമ്പഴം പോലത്തെ മാറിടങ്ങൾ
മുന്തിരിക്കുല പോലെ മുടിയിഴകൾ
അവളൊരു പൊന്നു കായ്ക്കുന്ന
പഴത്തോട്ടമായിരുന്നു
മോഹവില കിട്ടിയപ്പോൾ
ഞാൻ വിറ്റതിലെന്താണ് തെറ്റ്.!

Friday, March 22, 2013

സോനാഗച്ചി


സോനാഗച്ചിയിലെ ചെമ്പക പൂക്കള്‍ക്ക്
ചോരയുടെ നിറമാണ്..
സോനാഗച്ചി,
പൂക്കളും കായ്ക്കളുമില്ലാത്ത
ആയിരം സ്വര്‍ണ്ണമരങ്ങള്‍
പിറക്കുന്ന അക്ഷയഖനി..
   
സോനാഗച്ചി വെറുമൊരു തെരുവല്ല..
നിശബ്ദമായൊഴുകുന്ന,
അദൃശ്യമായൊരു ചോരപ്പുഴയാണ്

മദജലം ഉരുകിയൊലിക്കുന്ന
അടിവസ്ത്രങ്ങളും,
നഖക്ഷതങ്ങളാല്‍ വികൃതമാക്കപ്പെട്ട
മുലക്കച്ചകളും
കത്തിയെരിയുന്ന ചോരപ്പുഴ


ഉറയഴിച്ച് പുതിയ മേലാട ചാര്‍ത്തി
ഇണയെ തേടി പോകുന്ന കരിനാഗങ്ങളെ പോലെ
സോനാഗച്ചി
നമ്മെ മാടി വിളിക്കുന്നുണ്ട്   
പുതിയ  കാഴ്ചകളിലേക്ക്, 
ഭീതിതമായ നിറക്കൂട്ടുകളിലേക്ക്;


വഴിയരികിലാരോ വലിച്ചെറിഞ്ഞ
വറുതിയുടെ വട്ടപാത്രങ്ങളില്‍
ഒരുപിടി അന്നത്തിനായ്‌ തിരയുന്ന
നിഴല്‍രൂപങ്ങള്‍
മുലക്കുടങ്ങളില്‍ കാലം വരച്ചു ചേര്‍ത്ത
വരണ്ടുണങ്ങിയ വരമ്പുകളെ തോല്‍പ്പിച്ച്
മിഴികളില്‍ ഭൂതകാലത്തിന്റെ വശ്യശോഭ..

ഒരു കുപ്പി റമ്മും, ചരസ്സും, ഭാംഗും ,
നിലാവെളിച്ചത്തില്‍ നിഴലാട്ടം നടത്തുന്ന
ഈ നശിച്ച തെരുവിന്റെ തിരശീല
ഇന്നു തൊട്ടുണര്‍ത്തുന്നത്
പഴയ തേവിടിശ്ശികളുടെ
ഹതഭാഗ്യരായ പിന്മുറക്കാര്‍

നീലവില്ലു വെച്ച വണ്ടിയില്‍
വന്നിറങ്ങുന്ന പുതിയ പൂമൊട്ടുകള്‍
വിരിയാന്‍ വെമ്പുന്ന
ഈ ഇരുണ്ട മുറികളില്‍
ഇടനെഞ്ചിലൊളിപ്പിച്ച ഗദ്ഗദങ്ങള്‍ക്ക്
ആര് ചെവിയോര്‍ക്കാന്‍

നിസംഗതയുടെ കരിന്തിരി എരിയുന്ന
നാട്യമണ്ഡപങ്ങളിൽ
യൗവനത്തിന്റെ  ഓട്ടുവിളക്കുകളുമായി
പുതിയ കൂത്തിച്ചികൾ
നമ്മെ കാത്തിരിപ്പുണ്ട്‌


സോനാഗച്ചി വെറുമൊരു നാമമല്ല
നാമങ്ങളില്ലാത്ത
ആയിരം നിശാഗന്ധികളുടെ ശവകുടീരമാണ്

Monday, March 18, 2013

കുഞ്ഞു നക്ഷത്രം

ഇന്നലെ രാത്രി
വരികളുടെ ലോകത്തെ
ഇരുട്ടു വീണ ഇടവഴിയില്‍
നടക്കാനിറങ്ങിയപ്പോള്‍
എനിക്കൊരു കുഞ്ഞുനക്ഷത്രത്തെ
വീണു കിട്ടി..,
നിസഹായയായ
അമ്മ നക്ഷത്രം
ഭൂമിയില്‍ ഉപേക്ഷിച്ച്
ആകാശത്തു ചേക്കേറിയപ്പോള്‍
തനിച്ചിരുന്നു കരഞ്ഞ
ഒരു കുഞ്ഞു നക്ഷത്രം...
ഇന്നവൾക്ക്‌
ഞാനെന്റെ ഹൃദയത്തില്‍
ഒരു ചെറിയ ആകാശം തീർത്തിട്ടുണ്ട്..,
ഏകാന്തതയുടെ കാർമേഘങ്ങൾക്ക്
എത്തിപിടിക്കാന്‍ കഴിയാത്ത
വാത്സല്യത്തിന്റെ
ഒരു ചെറു ആകാശം..
വിദൂരമെങ്കിലും
ഈ ആകാശത്തിന് കീഴില്‍
അവള്‍ ശാന്തമായി ഉറങ്ങട്ടെ..!

Saturday, March 9, 2013

നോവ്‌

കനവിലിപ്പൊഴും
കല്ലിച്ചു കിടക്കുന്നു
കളിവഞ്ചി തുഴഞ്ഞൊരു
കാലത്ത്
കണ്ണീരുപ്പു കലര്‍ന്ന
കരിവളപൊട്ടുകള്‍ കൊണ്ടു
നീയെന്റെ
കരളിലെറിഞ്ഞ നോവ്‌

Friday, March 8, 2013

വിഫല മോഹം

വിഫല മോഹം
************************
ഒരു തുള്ളി
വെളിച്ചം തരുമോ
കാമത്തിന്റെ തിമിരം വീണു
കാഴ്ച നശിച്ച 
കണ്ണുകളിലിറ്റിക്കാനാണ്

ഒരിറ്റു 
സ്നേഹം തരുമോ
തെരുവിലലയുന്ന
ആയിരം ബാല്യങ്ങള്‍ക്ക്
പങ്കിട്ടു നല്‍കാനാണ് 

ഒരു പിടി നന്മപൂവു തരുമോ
നിസംഗതയുടെ ശീതളിമയില്‍
ഉറങ്ങുന്ന
കറുത്തലോകത്തിനു 
കണി വെച്ചുണര്‍ത്താനാണ്


ഒരു നുള്ള്
മാലേയം തരുമോ
മതാന്ധതയുടെ
ദുര്‍ഗന്ധം വമിക്കുന്ന
മനസുകളില്‍ പുരട്ടാനാണ്


ഒരു കൈക്കുടന്ന
ജ്ഞാനജലം  തരുമോ
സ്വാര്‍ത്ഥ തയുടെ
നിഴല്‍ വിഴുങ്ങുന്ന
പുതിയ ലോകത്തിനു
പകര്ന്നു   നല്‍കാനാണ്


ഒരു തകരപ്പെട്ടി തരുമോ
ചിതലരിച്ചു തുടങ്ങുന്നൊരീ
വിഫല മോഹങ്ങളെ
മറവിയുടെ
താഴിട്ടു പൂട്ടാനാണ്..!

Tuesday, March 5, 2013

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌
***************
ഇനിയും  നീയെന്നെ  പ്രണയിക്കുക
നോക്കൂ,
ഞാനൊരു ഗന്ധര്‍വനാണ്
കരിമ്പനകളും കുടകപാലകളും പൂക്കുന്ന
ഈ നീലമലയിടുക്കിലാണെന്റെ താഴ്വര
പനിനീര്‍ പൂക്കളാണെന്റെ വസന്തം    
ഇവിടെ 
നിലാവിന്റെ നിറമാണെല്ലാ കിനാക്കള്‍ക്കും
പവിഴപുറ്റുകളുടെ   രൂപമാണെല്ലാ മരങ്ങള്‍ക്കും
അനുരാഗ  വിവശമാണെന്റെ അകകാമ്പ്
ചിരിക്കെന്റെ പെണ്ണെ,
നിന്റെ ചിരിമഴയില്‍
മണിമുത്തുകള്‍ ചിലമ്പാട്ടം  തുടങ്ങട്ടെ
അടുത്ത കാറ്റില്‍ വീഴുന്ന
ചമ്പക പൂവ് കൈയിലേന്തി
നീ എനിക്കായി
ഈ പ്രണയത്തിന്റെ താഴ്വരയില്‍
കാത്തു നില്‍ക്കുക