Wednesday, July 18, 2012

അവിരാമം*****

അവിരാമം*****

ഇന്നലെകളിലെ വാത്സല്യത്തിന്റെ വസന്തം
നമുക്ക് എവിടെയാണ്
നഷ്ടമായത്..... ?
മണ്ണിലെവിടെയോ നന്മ കണം ബാക്കിയുണ്ടെന്ന
അത്ഭുത വാര്‍ത്തയറിഞ്ഞ്
ഗവേഷകര്‍ തിരക്കിട്ട തിരച്ചിലിലാണ് ...
സ്നേഹശൈലമുരുകിയൊലിച്ച
കാമചൂരിന്റെ നാട്ടില്‍
രതിവൈകൃതങ്ങളില്‍ അഭിരമിച്ചു
ഇരുകാലി മൃഗങ്ങള്‍ തീര്‍ക്കുന്ന
അമ്ല തടാകങ്ങള്‍
സാംസ്കാരിക ഭൂമികയിലെ
ഇടത്തോടുകള്‍ ലക്‌ഷ്യം വെച്ച്
അനുസ്യൂതമൊഴുകുന്നു..
ഒറ്റമുലച്ചിയുടെ കണ്ണുനീര് വീണ രാജസദസ്സില്‍
ഭൂതകാലത്തിന്റെ കല്പ്പടവുകളിലെവിടെയോ
കാണാചങ്ങലയണിഞ്ഞു
നിശബ്ദനാക്കപ്പെട്ട സത്യം അടയിരിപ്പുണ്ട്...
ആയിരം വിശന്ന വയറുകള്‍,
അന്നമിരക്കുന്ന പിഞ്ചുകൈകള്‍
അവ
കണ്ണീരുപ്പു കലര്‍ന്ന കലങ്ങിയ കണ്ണു തുറന്ന്
ഭൂമിയില്‍ തീമഴ പെയിക്കും..
അന്നും
അച്ഛന്‍ മകളെ അമ്മയാക്കുന്ന
ഉത്തരാധുനിക കാലത്തിന്റെ വാക്താക്കള്‍
ഗര്‍ഭസ്ഥശിശുവിന്റെ നെഞ്ചു തുളച്ചു
ശൂലം കയറ്റി ശൂരത്വമാഘോഷിക്കും.,
അശരണരായ അഗതികളുടെ അടിവസ്ത്രത്തിന്
കപ്പം ചുമത്തും..,
മധുചഷകം നുണഞ്ഞു ഭൂമിയെ
ആത്മഹത്യാ മുനമ്പില്‍ നിന്ന്
തള്ളി താഴെയിടും..
പ്രപഞ്ചമുല്ഭവിച്ച തീപ്പൊരിയില്‍ നിന്ന്
സൗരയൂഥം മഹാവിപത്തിന്റെ തമോഗര്‍ത്തമായി
താഴേക്കു പതിക്കും......
അപ്പോഴും
അകലെ
നശിച്ച മനസുകളിലെ തിന്മയറിയാതെ
പുതിയ ജീവന് വളരാന്‍ വിളനിലമൊരുക്കി
അക്ഷയപാത്രത്തില്‍ അന്നം നിറച്ച്
ഏതോ ഒരു അമ്മഗ്രഹം
വിഫലമായ കാത്തിരിപ്പ് തുടരും...

4 comments:

Koya Kutty olippuzha said...

ശക്തമായ വരികള്‍...കനലെരിയുന്നുണ്ട് വാക്കുകളില്‍.....ആശംസകള്‍...ഹരിഷ്.

■ uɐƃuɐƃ ■ said...
This comment has been removed by the author.
■ uɐƃuɐƃ ■ said...

മനോഹരമായി എഴുതുന്നു... ആശംസ ..
നോട്ടം:എന്റെ ബ്ലോഗ്‌
G.D.Makkaneri

ഹരിഷ് പള്ളപ്രം said...

നന്ദി..,സ്നേഹപൂര്‍ണ്ണമായ വായനക്ക്...