Monday, September 3, 2012

എവിടെയാണ് ദൈവം ******************************

എവിടെയാണ് ദൈവം.. ?
അനന്തകോടി ബീജങ്ങളെ ചുട്ടെരിച്ച
വെളുത്ത ഭൂതഗണങ്ങള്‍
താണ്ഡവനൃത്തം ചവിട്ടുന്ന,
നന്മയുടെ കാവല്‍ക്കാരനില്ലാത്ത നാട്ടില്‍
എവിടെയാണ് ദൈവം .. ?

നിറവയറു കീറി ശൂലമുന കയറ്റി
ചോരകുഞ്ഞിന്റെ നെഞ്ചകം പൊളിച്ച്
ആനന്ദം കൊള്ളുന്ന
മദോന്മത്തരായവരുടെ മണ്ണില്‍
എവിടെയാണ് ദൈവം .. ?

ചാപ്പിള്ളകള്‍ക്കു ഭൂമിയില്‍
ഉയിരിന്റെ ചിറകുവെച്ച്
പറന്നുല്ലസിക്കാന്‍ അനുവാദം നിഷേധിച്ച,
മിടിക്കുന്ന ഹൃദയമുള്ള മൃതശരീരങ്ങളുടെ
താഴ്വരയില്‍
എവിടെയാണ് ദൈവം ..?

വറുതിയുടെ ആലിപ്പഴങ്ങള്‍ വീണു പുളയുന്ന
തലയോട്ടികളുടെ തരിശു ഭൂമിയില്‍,
മതവൈര്യത്തിന്റെ ചോരപുഴയൊഴുകുന്ന
ധമനികള്‍ ചാലു കീറി സ്നാനം ചെയ്ത്
ആത്മാവിനു ബലിയിടുന്ന
അസ്ഥിപഞ്ചരങ്ങളുടെ നെടുങ്കോട്ടകളില്‍
എവിടെയാണ് ദൈവം.. ?

മതിഭ്രമത്തിന്റെ മരതക കാന്തികളില്‍
മേനി പങ്കിടും അഭിനവ പരാശരന്മാരുടെ
വിഹാര മണ്ഡപങ്ങളില്‍
മൗനം ഭജിക്കുന്ന ദൈവം എവിടെയാണ്.. ?

അടിയാളന് പുല്ലും , പുലയാട്ടും
അരയണക്ക് വിലയില്ലാത്ത
അടിവസ്ത്രവും സമ്മാനിച്ച ഭൂമിയില്‍
ഉറക്കം നടിക്കുന്ന ദൈവം
കുരുടനായിരിക്കണം ..,

അതുമല്ലെങ്കില്‍
കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട്
ഇരുണ്ട ലോകത്തിന്റെ കറുത്ത വെളിച്ചം
കണ്ണിലാവാഹിച്ച
നിസ്സഹായനായ അന്ധന്‍

2 comments:

ajith said...

ഈ കാലങ്ങളൊക്കെ ഓരോരുത്തര്‍ ചോദിച്ചലഞ്ഞ ചോദ്യം

എനിയ്ക്കുത്തരമില്ല കേട്ടോ

Sangeeth Nagmurali said...

ദൈവം മരിച്ചു പതിനാറാം അടിയന്തിരം എപ്പോഴേ കഴിഞ്ഞു !!