Saturday, March 30, 2013

കന്യക

കന്യക
**********
അവളൊരു സുന്ദരി, കണ്ടാല്‍ മോഹിനി
കൊലുന്നനേയൊരു പെണ്ണ്
കെട്ടു രണ്ടു കഴിഞ്ഞൂ പക്ഷേ-
കന്യകയാണവളിന്നും.!

ഒത്ത ചെക്കനൊരെണ്ണം വന്നു,
പത്തു പൊരുത്തവുമായി
കെട്ടു നടന്നൂ  മാനം മുട്ടെ
കെട്ടു പന്തലുയർന്നൂ

ആദ്യരാവില്‍ അവളുടെ വീട്ടില്‍
പുറത്തു മഴയെ നോക്കി
അടുത്തു വന്നവള്‍ അവനെ തൊട്ടു
അവന്റെ കാതില്‍ ചൊന്നു;
അടുത്തിരിക്കാം, കഥകള്‍ പറയാം
അസ്തമിച്ചാല്‍ ഭ്രഷ്ട്
കറുത്ത ചന്ദ്രന്‍ ഉദിച്ചു പൊങ്ങി
അവന്റെ ഉള്ളിലെ വാനില്‍

തണുത്ത കാറ്റില്‍ മകര കുളിരില്‍
പുതച്ചു മോഹമൊതുക്കി,
സഹനത്തിന്റെ വരമ്പു വളർന്നൂ ,
അറുപതു നാളു കഴിഞ്ഞു
അവന്റെ കട്ടിലിലവള്‍  ശയിച്ചു
പുറത്തു കാവലിനവനും
തണുത്ത തറയില്‍ വിരിച്ച കല്ലുകള്‍
ഇടിമഴയായി പെയ്തു

നനഞ്ഞ സ്വപ്നം കരളു നിറച്ചവന്‍
കരഞ്ഞു കണ്ണീരൊപ്പി
അറുപതു നാളുകള്‍ യുഗങ്ങളായി,
അവനോ  ഭ്രാന്തു പിടിച്ചു

നശിച്ച രാത്രിയില്‍ മഴയോടൊന്നി-
ച്ചകത്തു  കയറാന്‍ വെമ്പി
അവള്‍ വിതുമ്പി അവളുടെ വീട്ടില്‍
തിരിച്ചയക്കാന്‍ ചൊന്നു

മകള്‍ വരുന്നൂ, വിരുന്നു വേണം
ഇറച്ചി പുതിയതു വേണം
തിടുക്കമായി വീട്ടിലോരോണം
വിരുന്നു വന്നതു പോലെ
അച്ഛനുമമ്മയും, അമ്മൂമ്മയുമായ്
ചർച്ചകളേറെ നടന്നു
കെട്ടു താലി വലിച്ചെറിഞ്ഞൂ
കന്യക  നിന്നു കരഞ്ഞു


രണ്ടാം കെട്ടിനു പന്തലൊരൽപ്പം
താഴ്ന്നു തന്നെ കിടന്നു
വരുന്നവർക്കു  പറഞ്ഞു രസിക്കാന്‍
ഒന്നാംക്കെട്ടിന്‍ കഥയും

ഒന്നാം കെട്ടിനു അറുപതു നാളുകള്‍
നീട്ടികിട്ടിയതെങ്കില്‍
പുത്തന്‍ ചെക്കന് രണ്ടാം നാളില്‍
ചുവപ്പു നാട ഉയർന്നൂ 
ഹമ്മുറാബി കല്പ്പന പോലെ
അവളുടെ കല്പ്പന വന്നു
എന്റെ വീട്ടില്‍ വന്നു പോകാം
ഇരുട്ടു വീണാല്‍ ഭ്രഷ്ട്

മോക്ഷം കിട്ടാ പ്രേതം പോലെ
പുതുമണവാളന്‍ ഇന്നും 
ഇരുട്ടു വീണാല്‍ അവന്റെ  വീട്ടില്‍
തിരിച്ചു തനിയെ പോകാം

അവളുടെ വീട്ടില്‍ അവളുടെ കട്ടിലില്‍
അവള്‍ തനിച്ചു ചുരുണ്ടു
 അവന്റെ നെഞ്ചില്‍ തീമഴയോ അതോ
കരിഞ്ഞ മോഹക്കാടോ

 അവളൊരു സുന്ദരി, കണ്ടാല്‍ മോഹിനി
കൊലുന്നനേയൊരു പെണ്ണ്
കെട്ടു രണ്ടു കഴിഞ്ഞു പക്ഷെ -
കന്യകയാണവളിന്നും.!
++++++++++++++++++++++++++++
.
    

7 comments:

ajith said...

ആരാണാവോ ആ കന്യക
കവി ചൂണ്ടിക്കാട്ടുന്നയാള്‍ അവ്യക്തതയില്‍ നില്‍ക്കുന്നു

കാഴ്ച്കയുടെ പ്രശ്നമാവാം ഒരുപക്ഷെ

ഹരിഷ് പള്ളപ്രം said...

എനിക്കറിയുന്നൊരു കുട്ടിയുടെ ജീവിതമാണ്.!

ഹരിഷ് പള്ളപ്രം said...

വായനക്ക് നന്ദി..!

സൗഗന്ധികം said...

ജീവിതങ്ങൾ...!!

ശുഭാശംസകൾ....

ഹരിഷ് പള്ളപ്രം said...

സന്തോഷം.!

AnuRaj.Ks said...

ഇഷ്ടപ്പെട്ടു..... ഇങ്ങനെ ചില സംഭവങ്ങൾ വായിച്ചിട്ടുണ്ട്

ഹരിഷ് പള്ളപ്രം said...

നന്ദി....