Wednesday, May 16, 2012

മണലാരണ്യത്തില്‍ നിന്ന്******

ഉണര്‍ന്നെണീറ്റ പ്രഭാതത്തിനു മുമ്പ്
വെളിച്ചം വീണ മലയുടെ
താഴ്വരയിലായിരുന്നു ഇന്ന്...
വരണ്ട തൊണ്ടക്ക്
ഒരു തുള്ളി വെള്ളം ചോദിച്ചപ്പോള്‍
കൈകുടന്ന നിറയെ കോരിതന്ന കുഞ്ഞുചെടി..,
എന്ത് സുന്ദരിയായാണ്
അവളീ മണ്ണില്‍ വളരുന്നത്‌..
ഇല പൊഴിഞ്ഞൊരു മരത്തിനു മേലെ
കൂടുകൂട്ടിയ കുറുമ്പി പക്ഷികള്‍
നിര്‍ത്താതെ പാടിക്കൊണ്ടിരുന്നു..
താഴെ
ഉറങ്ങി മതിയാകാത്തൊരു പുല്‍ച്ചെടിയെ
പ്രണയിക്കാനുള്ള വ്യഗ്രതയില്‍
ഇതൊന്നും കേള്‍ക്കാതെ
ഒരു വെളുത്ത ചീവീട്..
ഒളിഞ്ഞു നോക്കുന്ന സൂര്യനോട്
പറന്നു വന്നൊരു വട്ടയില തലയില്‍ ചൂടി
കണ്ണാരം പൊത്തികളിക്കുന്ന വെള്ളാരംക്കല്ല്..
മണലെടുത്തു വകഞ്ഞു മാറ്റി
കറുത്ത കല്ലിന്‍മേല്‍
നഗ്നയായ പെണ്ണിന്റെ
ശില്‍പ്പം കൊത്തിവെച്ച കാറ്റ്
തേനില്ലാത്തൊരു പൂവിന്റെ തേന്‍ കുടിക്കാന്‍ വന്നു
നാണിച്ചു പോയൊരു മഞ്ഞപൂമ്പാറ്റ
അകലെ
പൊടിപ്പും തൊങ്ങലും വെച്ച് ഈ കഥ പറഞ്ഞ്
കളിചിരികള്‍ തീര്‍ത്ത മണല്‍തരികള്‍
ചാരെ
മരണമെന്ന് ചെവിയില്‍ മൂളി
പറഞ്ഞു പോയൊരു
മുടിയനായ ഈച്ച തീര്‍ത്ത
അപശകുനമൊഴികെ
മലയുടെ താഴ്വാരം
ഹരിതാഭമായിരുന്നു......

No comments: