Wednesday, June 13, 2012

കാഴ്ച**********

കാഴ്ച**********

നക്ഷത്രങ്ങളില്ലാത്ത
ആകാശമാണ്‌
ഞാന്‍ സ്വപ്നം കാണുന്നത്..,
ഒറ്റുകാരന്റെ
കപട മിഴികളുമായി
നിലാവ് കാവലില്ലാത്ത ഒരു രാത്രി..
മഞ്ഞു മൂടിയ മലകള്‍ക്ക് മേലെ
തണുത്തു മരവിച്ച കൈകള്‍ നീട്ടി
പുഴയെ മാടി വിളിക്കുന്ന
ഒരൊറ്റ മരം..
അകലെയേതോ താഴ്വരയില്‍
കളഞ്ഞു പോയ വസന്തത്തെ കുറിച്ച്
വിലാപങ്ങളുടെ ശ്രുതി മീട്ടി
പാടുന്ന വിരഹിയായ കുയില്‍....
ഇരുട്ട് വെളിച്ചം വീശുന്നത്
കാണാകാഴ്ച്ചകളിലേക്ക്
മാത്രമല്ല..,
സുഖ ദുഖങ്ങളുടെ
സമാന്തര രേഖകള്‍ക്കിടയില്‍
വിലപേശി തളര്‍ന്നുറങ്ങുന്ന
ലോകത്തിനു നേരെ കൂടിയാണ്..
നക്ഷത്രങ്ങളെ
കണ്ണു കുത്തി പൊട്ടിച്ച്
ഭൂമിയിലെ
വ്യഭിചാര ശാലകളില്‍
വില്‍പ്പനക്ക് വെച്ചതാരാണ്..?
ദിന രാത്രങ്ങളില്‍
സ്വാര്‍ത്ഥതയുടെ
നൂല് ചേര്‍ത്തു വെച്ച്
ചതിയുടെ വല നെയുന്ന
സുഖഭോഗികളുടെ മണ്ണില്‍
വരണ്ട
നന്മയുടെ പാടം..
സ്വാതന്ത്ര്യമെന്നത്
ആഘോഷമാണ്
മരണമണി മുഴങ്ങുന്ന
ഭൂമിയുടെ നെറുകയില്‍
കലാപത്തിന്റെ
കരിമ്പടം മൂടാന്‍
കാത്തിരിക്കുന്ന
കാലത്തിനു കൈവന്ന
അഭേദ്യമായ അധീശത്വം....

No comments: