Thursday, August 16, 2012

പ്രണയത്തിന്റെ ജ്യാമിതീയം


നമുക്കിടയിലെ പ്രണയം
പലപ്പോഴും
സങ്കീര്‍ണ്ണമായൊരു
അങ്കഗണിതമായിരുന്നു..,
സ്വപ്ന സംയോഗങ്ങള്‍
സങ്കലനം നടത്തി
ഉത്തരം മുട്ടിപ്പോയ പ്രണയം..
വിട്ടുവീഴ്ച്ചകളുടെ അനുപാതം
കപടനീരിന്റെ ഒറ്റതുലാസില്‍
ആടിയുലഞ്ഞ പ്രണയം..
പരിഭവങ്ങള്‍
ചേര്‍ത്തു വെച്ചു നീ
എന്റെ നിത്യ സ്നേഹത്തെ
വ്യവകലനം ചെയ്തപ്പോള്‍
സങ്കല്‍പ്പങ്ങളും അനുമാനങ്ങളും
വട്ടപൂജ്യം പോലെ
ചോര്‍ന്നൊലിച്ച പ്രണയം..
അനുരഞ്ജനങ്ങളുടെ
ഉസാഘയും, ലസാഗുവും 
ആയിരം തവണ
കൈകോര്‍ത്തു വെച്ചിട്ടും
മാനനിര്‍ണ്ണയത്തിനു
വകയില്ലാതെ
അകല്‍ച്ചയുടെ അനന്തഗണം
ബാക്കിയായ പ്രണയം..
ഒന്നു മാത്രമറിയാം;
ഇന്ന് നീയെനിക്ക്
അളക്കാനാവാത്ത
ആരമുള്ളോരു  വൃത്തമാണ്..!!!

8 comments:

നിസാരന്‍ .. said...

ആകെ മൊത്തം പ്രണയത്തിന്റെ ഒരു സങ്കലനമാനല്ലോ

സ്വപ്നസഖി said...

ഗണിതശാസ്ത്രത്തിലെ പുതിയൊരദ്ധ്യായം:പ്രണയം. അവതരണരീതിയിലെ വ്യത്യസ്തത കൊണ്ട് മികച്ചു നില്ക്കുന്നു. അഭിനന്ദനങ്ങള്‍ കൂട്ടുകാരാ.

ഹരിഷ് പള്ളപ്രം said...

നന്ദി...!

ajith said...

കൂട്ടീം കിഴിച്ചും നോക്കിയപ്പോള്‍ കിട്ടീതൊരാനമുട്ട

Neelima said...

ഗണിതം പണ്ടേ എന്റെ തലയില്‍ കയറാത്ത വിഷയം .അതുകൊണ്ട് തന്നെ ഇതും അത്രക്കങ്ങു കയറീല്ല .

rameshkamyakam said...

അത് സ്റ്റൈലായി

ഹരിഷ് പള്ളപ്രം said...

സന്തോഷം.., വായനക്ക്...!!

മൌനം said...

സ്വപ്ന സംയോഗങ്ങള്‍
സങ്കലനം നടത്തി
ഉത്തരം മുട്ടിപ്പോയ പ്രണയം..
കപടനീരിന്റെ ഒറ്റതുലാസില്‍
എന്റെ നിത്യ സ്നേഹത്തെ
വ്യവകലനം ചെയ്തപ്പോള്‍
സങ്കല്‍പ്പങ്ങളും അനുമാനങ്ങളും
വട്ടപൂജ്യം പോലെ
ചോര്‍ന്നൊലിച്ച പ്രണയം..
ഒന്നു മാത്രമറിയാം;
ഇന്ന് നീയെനിക്ക്
അളക്കാനാവാത്ത
ആരമുള്ളോരു വൃത്തമാണ്..!!!.....