Thursday, August 2, 2012

ഓര്‍മ്മയിലൊരു പുള്ളോത്തി



ഓര്‍മ്മചെപ്പിലോരായിരം മഞ്ചാടി
തുള്ളി കളിച്ചു നടപ്പുണ്ട്,
മഞ്ചാടി കൂട്ടത്തില്‍ മിന്നുന്ന പുഞ്ചിരി
പൊന്നു പോലുള്ളോരെന്‍ മുത്തശ്ശി
 
നക്ഷത്രം മിന്നുന്ന ആകാശ കീഴില്‍  
മുത്തശ്ശി ചൊന്ന കഥകള്‍ മൊത്തം  
പുള്ളോര്‍വീണയും പുള്ളോര്‍കുടവും
പുള്ളോത്തി പാടുന്ന പാട്ടുകളും
മുത്തശ്ശിക്കൊപ്പം എത്ര പറഞ്ഞാലും
തീരാത്തോരോര്‍മ്മയായ്‌ പുള്ളോത്തി
പുള്ളോര്‍കുടം മീട്ടി നാവേറ് പാടും  
പൊള്ളു പറയാത്ത പുള്ളോത്തി

മുത്തശ്ശിക്കച്ചാരം പണ്ടേ കിട്ടിയ
തെക്കെതൊടിയുടെ മൂലയ്ക്ക്
കിട്ടാകടം കേറി തെക്കെമാവില്
കെട്ടിമരിച്ചൊരു മുത്തശ്ശന്‍
നാഗത്തറയില്‍ വിളക്കു കൊളുത്താതെ
നാഗത്തന്മാര്‍ക്ക്  പാലു കൊടുക്കാതെ
ദോഷങ്ങളേറീട്ടു തെക്കേമാവില്
കെട്ടി മരിച്ചൊരു മുത്തശന്‍

എത്രയോ വര്‍ഷങ്ങള്‍  ചിത്തം  നശിച്ച പോല്‍
മുത്തശ്ശി  പോയി വിളിച്ചത്രേ
എത്രയടക്കീട്ടും പിന്നെയുമെത്തുന്നു
മുത്തശ്ശന്റാത്മാവുണരുന്നു
അച്ഛനിടക്കെന്നോ  അന്യദേശത്തേക്ക് 
ഉദ്യോഗം നേടി  പോയപ്പോള്‍
ഒറ്റക്കായീ അമ്മയും , മുത്തശ്ശീം
എത്രയോ രാത്രി കരഞ്ഞത്രേ 

ഉണ്ണി പിറന്നപ്പോളീ മുഖം കണ്ടപ്പോള്‍
എല്ലാം തെളിഞ്ഞെന്നു മുത്തശ്ശി
പിന്നെയുമേറെ ദുരിതകടലുകള്‍
അച്ഛന്‍ നീന്തി കടന്നത്രേ
പുള്ളോത്തി  പാടിയാല്‍ എല്ലാം ശമിക്കും
എന്ന് പറഞ്ഞു മുത്തശ്ശി 
പുള്ളോര്‍കുടം മീട്ടി നാവേറ്  പാടിക്കാന്‍ 
പുള്ളോര്‍  കുടിലില്‍ പോയച്ഛന്‍


പുഞ്ചവയല്‍ താണ്ടി പുള്ളോര്‍കുടമേന്തി 
മെല്ലെ വരുന്നുണ്ട് പുള്ളോത്തി
 പുള്ളോര്‍കുടം മീട്ടി നാവേറ്  പാടും
പൊള്ളു പറയാത്ത പുള്ളോത്തി
പുള്ളോര്‍കുടത്തിലുയിരു നിവേദിച്ചു
നാഗത്തറയില്‍ വിളക്ക് കൊളുത്തി-
യകമ്പടിയായിട്ടാത്മാവ് നല്‍കി 
കളംപാട്ടു പാടുന്നു പുള്ളോത്തി 

നാഗരാജാവിനെ   നാവില്‍ വിളിച്ചു
നൂറും പാലും നേദിച്ചു  നല്കി്
പിള്ളയെ തീണ്ടിയ ദോഷങ്ങളൊക്കെയും
നാവേറ് പാടുന്നു പുള്ളോത്തി
കുഞ്ഞാകുമ്പോഴേയെന്റെയുള്ളില്‍
പുള്ളോത്തി  ഭീതി വരച്ചിരുന്നു...,
പുള്ളോത്തി  പാടുന്ന പാട്ടില്‍ നിറയെ
ആയിരം നാഗങ്ങള്‍ വന്നിരുന്നു...

അമ്മേടെ മടിയിലിരിക്കുമ്പോഴും
ഉള്ളില്‍ നിറയുന്ന നാഗങ്ങള്‍
എല്ലാം കനിയുവാന്‍  അമ്മ കൈകൂപ്പുന്നു
നീളെ പാടുന്നു പുള്ളോത്തി
പാടി കഴിയുമ്പോള്‍ ദേവിയെ ധ്യാനിച്ച്‌ 
 കണ്ണുകള്‍  പൂട്ടുന്ന  പുള്ളോത്തി
നാഗത്തറയില്‍ വിളക്ക് കൊളുത്തുവാന്‍ 
 നാഗമായ് കല്‍പ്പിച്ചു  പുള്ളോത്തി

ദോഷങ്ങളൊക്കെയും മാറുവാന്‍ ദേഹത്തു
മെല്ലെ തലോടുന്നു  പുള്ളോത്തി 
ഭസ്മം വരയ്ക്കുന്നു നെറ്റിയില്‍ മുത്തുന്നു 
നാഗമാതാവായി പുള്ളോത്തി


പുള്ളോര്‍വീണ തന്‍ കമ്പിയുലഞ്ഞു
പുള്ളോര്‍കുടത്തിന്റെ ചരട് മുറിഞ്ഞു
അല്ലലുയിരില്‍ നിറഞ്ഞുവെന്നാലും
നന്മ വെടിയാത്ത  പുള്ളോത്തി
 
പുള്ളോത്തി  ഉള്ളിലോരോര്‍മ്മയാണ്
പുണ്യം പകര്‍ന്നൊരു  രൂപമാണ്
നെല്ലും പതിരും കുഴഞ്ഞ പുതുമണ്ണില്‍
നന്മയുയരുന്ന പാടമാണ്
തിന്മ വളരുന്ന ജീവിത പാതയില്‍ 
നന്മ ചൊരിയുന്ന   പാഠമാണ്.



4 comments:

basheer kavungal said...

നന്നായിട്ടുണ്ട് ,പഴയ ഗ്രാമീണതയുടെ നിഷ്കളങ്കമായ വിശ്വാസത്തിന്റെ ആര്‍ദ്രത കവിതയില്‍ വരച്ചു കാട്ടി .വിശ്വാസം വിറ്റു കാശാക്കുന്ന ഇന്നിന്റെ സിദ്ധന്മാര്‍ക്ക് മുന്നില്‍ നിഷ്കളങ്കതയുടെ പുള്ളുവത്തി!!!!! മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നു .

ഹരിഷ് പള്ളപ്രം said...

സന്തോഷം.., ഉള്ളറിഞ്ഞ വായനക്ക്

സ്വപ്നസഖി said...

പുള്ളോത്തിയെ നേരില്‍ കണ്ടിട്ടില്ല. പുള്ളോത്തി പാട്ടുകള്‍ കേട്ടിട്ടില്ല. എങ്കിലും ഈ കവിതയിലൂടെ പുള്ളോത്തിയെ കാണാനും കേള്‍ക്കാനും കഴിഞ്ഞു. നാടിന്റെ നൈര്‍മ്മല്യം നിറഞ്ഞു തുളുമ്പുന്ന കവിത.

ഹരിഷ് പള്ളപ്രം said...

സന്തോഷം.!