Friday, August 16, 2013

ഒരു വിപ്ലവകാരിയുടെ അന്ത്യക്കുറിപ്പ്

ഒരു വിപ്ലവകാരിയുടെ അന്ത്യക്കുറിപ്പ്
++++++++++++++++++++++++++++++++

ഇനി നിനക്കെന്നെ പോസ്റ്റുമോർട്ടം ചെയ്യാം
എന്നിലെ മനുഷ്യനിപ്പോൾ മരിച്ചിരിക്കുന്നു

പോസ്റ്റുമോർട്ടം ടേബിളിൽ
ഇരുമ്പുകൂടം കൊണ്ട് നീയെന്റെ തലയോട്ടി
തച്ചു തകർക്കുമ്പോൾ
അതിനുള്ളിലൊരു മസ്തിഷ്ക്കം
ഉണർന്നിരിക്കുന്നുണ്ടായിരിക്കും.,
ധവളമോഹങ്ങൾ അതിർവരമ്പു കല്പ്പിച്ച
ചുവന്ന ഭൂപടങ്ങളിൽ
വിമോചനത്തിന്റെ തീ തെളിയുന്ന
സ്മൃതിമണ്ഡപം

ഫിദലിന്റെ ഗറില്ലാക്കൂട്ടം
വിപ്ലവത്തിന്റെ മഹാസമുദ്രത്തിലേക്കെറിഞ്ഞ
ഗ്രാന്മയുടെ നങ്കൂരം
എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയിരിക്കും    

തെരുവുകളിലെ  രക്തം
സിരകളിൽ കോരിയൊഴിച്ച
നെരൂദയുടെ വരികൾ
എന്റെ സ്വനപേടകത്തിലപ്പോഴും
മുഴങ്ങുന്നുണ്ടായിരിക്കും

ഇസഡോര  ഡങ്കന്റെ
വിയർപ്പേറ്റു വിരിഞ്ഞ  മുലക്കച്ചകൾ
കിനാവിൽ ആയിരം തവണ ചുംബിച്ച 
എന്റെ അധരങ്ങളപ്പോഴും 
തുടിക്കുന്നുണ്ടായിരിക്കും

കരളിന്റെ ഇടുങ്ങിയ മേടുകളിൽ
ലഹരിയുടെ ശിൽപ്പികൾ  കൊത്തിവെച്ച
ഗുഹാചിത്രങ്ങൾക്കുമേൽ 
കരിപുരണ്ടിട്ടുണ്ടായിരിക്കും

ഒടുവിൽ നീയെന്റെ ജിഹ്വയിൽ 
അധികാരത്തിന്റെ ശൂലം കയറ്റാൻ
തുനിയരുത്
മരിക്കുമ്പോൾ ഞാനൊരു സൂഫിയായിരുന്നു., 
കാഷായവസ്ത്രം ധരിച്ചു
കുരിശിന്റെ വഴിയെ  നടന്നുപോയ  സൂഫി 
 ++++++++++++++++++++++++++++++++++++

 

2 comments:

ajith said...

നാനാത്വത്തില്‍ ഏകത്വം

ഹരിഷ് പള്ളപ്രം said...

ajiyettaaa... :)