Friday, November 1, 2013

അനുരാഗ വിവശനായ കാമുകൻ

കറുത്ത  മുന്തിരി  പോലുള്ള  പെണ്ണേ
സുഗന്ധ  സിന്ദൂരമേറ്റും  തിടമ്പേ  
വെളുത്തക്കച്ചയിൽ  പേറുന്നതെന്തിനായ് 
അദൃശ്യരശ്മി  പോൽ  അനുരാഗബാണം

കുഴച്ച  മണ്ണിൽ  നിന്നുയിർത്തെഴുന്നേൽക്കു-
മുറച്ച  വെങ്കല പ്രതിമയെ  പോലെ
കൊളുത്തി  വെച്ചാരു മൃദുമാറിടത്തിൽ
നിറങ്ങൾ  മിന്നുന്ന  പൂത്താലബിംബം

മിനുക്കി വെച്ചോരു കൈക്കുഴിക്കുള്ളിലെ
മടക്കുപ്പർവത  നിരകൾക്കിടക്ക്
കളഞ്ഞു  പോയൊരെൻ  ഹൃദയം തിരഞ്ഞു ഞാൻ
തനിച്ചു  നിൽക്കുന്നതറിയാത്തതെന്തേ

തുടുത്ത നിന്റെയീ  അധരപുടങ്ങൾ
ചുവപ്പു  തുപ്പും  ചെറിപ്പൂക്കൾ  പോലെ
കിനാവിലിറ്റിറ്റു വീഴുന്ന നേരം
വസന്തമെന്തെന്നറിയുന്നൂ  ഞാനും
 
കരിമരുന്നിന്റെ  നിറമുള്ള  പെണ്ണേ 
നിൻ
ചിരിയിലിന്നാരു  വെടിയുപ്പു  തേച്ചു
മിഴിതുറന്നെന്നെ  നോക്കെന്റെ  പെണ്ണേ
മതിമറന്നു ഞാൻ  നില്ക്കട്ടെ  ഭൂവിൽ

+++++++++++++++++++++++++++++++

3 comments:

സൗഗന്ധികം said...

മൗനാചരണം മതിയിനി സുമുഖീ,
അണയൂ സഖി നീ,
കുവലയനയനേ..

അനുരാഗവിവശമായ വരികൾ.നന്നായി എഴുതി.

ശുഭാശംസകൾ....

ajith said...

നല്ല പാട്ട്

ഹരിഷ് പള്ളപ്രം said...

നന്ദി.!