Thursday, February 23, 2012

നിനക്ക്****

അനാമിക,
ഇന്നും നീയെന്നെ ഓര്‍ക്കുന്നുവോ..…
ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ ഏതെങ്കിലും കോണില്‍
എപ്പോഴെങ്കിലും നീയെന്നെ കാണാറുണ്ടോ …
പതിനെട്ടിന്റെ വസന്തം സമ്മാനിച്ച ഓര്‍മകളില്‍
ചുവന്നു പൂത്ത ഗുല്‍മോഹറുകള്‍,
തലമുറകളുടെ കഥകള്‍ പേറുന്ന
ഇലപൊഴിഞ്ഞ ചീനിമരത്തിന്റെ ചുവട്,
പിന്നെ
അകാരണഭീതി കൂച്ചുവിലങ്ങിട്ട
നിന്റെ അവാച്യ പ്രണയവും …
ഓര്‍മകളുടെ വരാന്തകളില്‍
പൊടിപാറുന്ന കൊടിതോരണങ്ങളുടെ കൊടിയേറ്റ നാളുകള്‍ ,
വാക്കുകളുടെ സരണി തീര്‍ത്ത വാചാല സുന്ദര നിമിഷങ്ങള്‍ ,
സുകുമാര കലയുടെ സൌരഭ്യം ചൊരിഞ്ഞ വേദികള്‍ ,
എവിടെയും
ആരവങ്ങളൊഴിഞ്ഞ മൂകതയുടെ കോണില്‍ നിന്ന്
നീയെറിഞ്ഞ ഒളിയമ്പു കൊണ്ട് വിവശനായ ഞാന്‍
അന്നും
നിശബ്ദതയുടെ നിഷ്കളങ്കത ചാലിച്ചു നീ
പറയാതെ പറഞ്ഞോരിഷ്ട്ടം.. …
നിനക്കെന്നെ ഭയമായിരുന്നുവോ..?.
പെരുമഴയുടെ വരവോതുന്ന കാറ്റില്‍
ഇളകിയാടുന്ന ഇലയെ പോലെ
നിന്റെ വിലോല വിഹ്വല പ്രണയം …..
നിശബ്ധത ഭേദിച്ചു ഒരുനാള്‍
നീ എന്നോട് പറഞ്ഞു..
ഒരിക്കല്‍ മാത്രം :
പ്രണയം തടവറ താണ്ടുമെന്ന്….
അറിയാം
എന്റെ പ്രേമകുംഭത്തില്‍ നിന്ന്
ഒരു തുള്ളി അമൃതു പോലും പകരാത്ത ഞാന്‍ ..
പരിമിതികളുടെ പറുദീസയില്‍ തളക്കപ്പെട്ട യൌവനത്തിന്
അകലങ്ങളില്‍ നിന്നു നീയുതിര്‍ത്ത
മിഴിനീരു കാണാന്‍ മാത്രമായിരുന്നു വിധി …
വലിയ മിഴിയുള്ളോളേ,
ഇന്നും വിഷാദത്തിന്റെ കരിവണ്ടു മൂളിയെത്തുന്ന
ഏകാന്തരാത്രികളില്‍
നിന്റെ വെള്ളാരംകണ്ണുകള്‍ സ്വപ്നം കണ്ടു ഞാന്‍
നിദ്രാവിഹീനനാവുന്നു …

No comments: