സ്വപ്നാടനം*****
നിനക്ക് ഭ്രാന്താണ് …
അല്ലെങ്കില്‍ തുള വീണ ഹൃദയവും പേറി
ഈ ഇലപൊഴിഞ്ഞ വാകച്ചോട്ടില്‍
ആര്‍ക്കോ വേണ്ടി നീ കാത്തിരിക്കില്ലായിരുന്നു…
ഇന്നലെ
സ്വപ്നത്തില്‍ നിന്നുണര്‍ത്തി ഒരു വെളുത്ത പക്ഷി
പിന്നെയും പറഞ്ഞു തുടങ്ങി :
മുകിലുകള്‍ ചാമരം വീശുന്ന ആകാശ വൃന്ദാവനിയില്‍
വൃഥാ തെളിനീരു നല്‍കാന്‍ പോയ
നരവീണ തലമുടിയുള്ള മെലിഞ്ഞ വൃദ്ധന്റെ
കാഴ്ച്ചയുടെ പരിധിക്കുമപ്പുറത്ത്
ഒരു വെളുത്ത ലോകമുണ്ടായിരുന്നു ;
ദിഗന്തങ്ങള്‍ മുഴങ്ങുമാറ് നിലവിളിചോടുന്ന
ഉടയാട നഷ്ടപെട്ട പെണ്ണിന്റെ കണ്ണുനീര് വീണ്
നരച്ചുവെളുത്ത കാപട്യത്തിന്റെ ലോകം …
സിരകളില്‍ ഒഴുകാന്‍ ചുടുചോരയില്ലാതെ
വരണ്ടുണങ്ങിയ കരങ്ങള്‍ പേറുന്ന
കറുത്തരൂപങ്ങള്‍
അന്ത്യനൃത്തം ചവിട്ടുന്ന ആസുര ലോകം …
തിരകള്‍ക്കുമപ്പുറത്ത്
തിമിരം വീണ കണ്ണുതുറന്നു
തലയോട്ടികള്‍ക്ക് പോലും വിലപറഞ്ഞ
തരിശു ഹൃദയങ്ങള്‍ …
വാത്സല്യം കവിഞൊഴുകിയ സ്മൃതികള്‍ പേറുന്ന
വരണ്ടുണങ്ങിയ മാറില്‍
ഏകാന്തതയുടെ കരിവീണ മുലക്കച്ചകള്‍ ..
മറവിലിരുന്നു മേനി പകുത്ത്
പതിക്കും പ്രണയം തീര്‍ത്ത പരപുരുഷനും
പങ്കിട്ടു നല്‍കിയ
കറുപ്പും വെളുപ്പുംപാതി ചാലിച്ച വിളറിയ മുഖങ്ങള്‍ ..
പറഞ്ഞു പറഞ്ഞു
ചിന്തകളുടെ കാടിന് തീയെറിഞ്ഞു
പറന്നകന്നു പോയ പക്ഷി ..
ഉണര്‍ന്നെണീറ്റത്
തിരക്കിട്ട ലോകത്തിന്റെ ചിറകടിയൊച്ച കേട്ടാണ് …
അപ്പോഴും
അകലെ മാടി വിളിക്കുന്ന
അജ്ഞാതമായ ലക്‌ഷ്യം …..
No comments:
Post a Comment