കാര്‍ബണും ഇരുമ്പും
അടക്കിവാഴുന്ന
മൂലകങ്ങളുടെ ലോകത്ത്
മുകളിലൊരു മൂലയ്ക്ക് ഹൈഡ്രജന്‍
കുടിയിരുത്തപെട്ടിട്ട് കാലമേറെ...
പണ്ട് പണ്ട്
ഓര്‍ബിറ്റുകളും ഷെല്ലുകളും തേടിയുള്ള
പരക്കം പാച്ചിലില്‍
മൂലകങ്ങള്‍ ഒരു ഉടമ്പടി വെച്ചു..
അതിജീവനത്തിനുള്ള പോരാട്ടത്തില്‍
ആത്മാവിനെ ഒഴികെ ആരെയും തുണക്കില്ലെന്ന്....
കയൂക്കുള്ളവന്റെ കാര്യത്തിനു കൂടെ പോവാന്‍
മാത്രം സ്വയം തീറെഴുതി വെക്കപെട്ട
ഏകയായ ദുര്‍ബല...
ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഓക്സിജനെ
പലരെയും കൂട്ടുപിടിച്ച്
പലവുരു പരാജയപെടുത്തിയ കാര്‍ബണ്‍..
പിച്ചിയെറിഞ്ഞവരുടെ കൂട്ടത്തില്‍ നിന്ന്
സോഡിയവും ക്ലോറിനും ചേര്‍ന്ന്
മുറിഞ്ഞ ഹൃദയത്തില്‍ ഉപ്പു തേച്ചപ്പോഴും
ഉരിയാടാതെ ഉരുകിയെരിഞ്ഞവള്‍ ..
അലൂമിനിയവും സ്വര്‍ണ്ണവും പ്ലാറ്റിനവും
തിളങ്ങുന്ന മേഖലയില്‍
തനിച്ചിരുന്നു കരയാന്‍ പോലും
കഴിവില്ലാതെ
നിസംഗമായ നിര്‍വികാരതയോടെ
സ്വയം കത്തിയെരിയാന്‍ മാത്രം വിധിക്കപെട്ട
ഹൈഡ്രജന്‍....
ഒരുമിച്ചു ജീവിക്കാന്‍ കഴിയാതെ
ഓക്സിജനെ ചേര്‍ത്ത് പിടിച്ചു കരഞ്ഞ്,
വിഷാദത്തിന്റെ തടാകം തീര്‍ക്കുന്ന
ഹൈഡ്രജന്‍
കമിതാക്കളുടെ ലോകത്ത്
ദുരന്ത കഥാപാത്രമായി തുടരുന്നു...!!
2 comments:
Ethra noothanamaaya aashayam, nannayirikkunnu
സന്തോഷം...
Post a Comment